കൊച്ചി: എൻസിസി, സ്കൗട്ട് ആൻറ് ഗൈഡ്സ്, സ്റ്റുഡന്റസ് പൊലിസ് കേഡറ്റ്സ് വിദ്യാർത്ഥികൾക്ക് ഹയർ സെക്കന്ററി പ്രവേശനത്തിന് രണ്ടു ബോണസ് പോയിന്റുകൾ നൽകുമെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. വിദ്യാർത്ഥികളുടെ ഗ്രേഡിനൊപ്പം ബോണസ് പോയിന്റ് കൂട്ടുമെന്നും സർക്കാർ വ്യക്തമാക്കി. കോടതി നിർദേശിച്ചതിനെ തുടർന്ന് അധിക സത്യവാങ്ങ്മൂലത്തിലാണ് സർക്കാർ തീരുമാനം അറിയിച്ചത്.
പാഠ്യേതര പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന വിദ്യാർത്ഥികൾക്ക് ഈ വർഷം ഗ്രേസ് മാർക്ക് നൽകേണ്ടെന്ന തീരുമാനം ചോദ്യം ചെയ്ത് കെഎസ് യുവും ഏതാനും വിദ്യാർത്ഥികളും സമർപ്പിച്ച ഹർജികളാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബഞ്ചിന്റെ പരിഗണനയിലുള്ളത്. ഹർജികൾ വാദത്തിനായി മാറ്റി.