തിരുവനന്തപുരം: സംവിധായിക നയന സൂര്യയുടെ അസ്വാഭാവിക മരണത്തില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ ഫോറന്‍സിക് സര്‍ജന്‍ ഡോ. ശശികലയുടെ മൊഴി വീണ്ടും രേഖപ്പെടുത്തും. നയനയുടെ കഴുത്തിലെ പരുക്ക് സംബന്ധിച്ച് കൂടുതല്‍ വ്യക്തത ലഭിക്കുന്നതിനാണു ക്രൈം ബ്രാഞ്ചിന്റെ നടപടി.
ഒരു മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നാണ് അന്വേഷണസംഘത്തിന്റെ പ്രതീക്ഷ.
നയനയുടെ കഴുത്തിനേറ്റ പരുക്കാണു മരണത്തിലേക്കു നയിച്ചതെന്നായിരുന്നു ശശികല നേരത്തെ നല്‍കിയ മൊഴി. മൃതദേഹത്തിനു സമീപമുണ്ടായിരുന്നു പുതപ്പുകൊണ്ട് സ്വയം മുറുക്കിയാലും ഇത്തരം പരുക്കുകളുണ്ടാകാമെന്നും ശശികലയുടെ മൊഴിയില്‍ പറയുന്നു. എന്നാല്‍ കഴുത്തില്‍ കണ്ടെത്തിയ മൂന്നാമത്തെ ക്ഷതത്തിലാണു ക്രൈം ബ്രാഞ്ചിന് സംശയം.
നയനയുടെ മരണം സംഭവിച്ചിട്ട് നാലു വര്‍ഷം പിന്നിട്ടു. 2019 ഫെബ്രുവരി 29-നാണ് നയനയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. സുഹൃത്തുക്കളും നയന താമസിച്ച വീടിന്റെ ഉടമയും ചേര്‍ന്നായിരുന്നു മൃതദേഹം ആശുപത്രിയിലെത്തിച്ചത്. ഇവരെ വീട്ടിലെത്തിച്ച് നയനയെ കണ്ടെത്തിയ സാഹചര്യം പുന:രാവിഷ്കരിച്ചേക്കും.