തിരുവനന്തപുരം: സംവിധായിക നയന സൂര്യയുടെ ദുരൂഹ മരണം അന്വേഷിക്കാനുള്ള ക്രൈംബ്രാഞ്ച് സംഘത്തെ ഇന്നു തീരുമാനിക്കും. കേസ് ഡയറികളും മറ്റു രേഖകളും പരിശോധിച്ച ശേഷമായിരിക്കും അന്വേഷണ സംഘത്തെ തീരുമാനിക്കുക. എ.സി. ജെ.കെ.ദിനിലിന്റെ പുനഃപരിശോധനാ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ക്രമസമാധാനച്ചുമതലയുള്ള എ.ഡി.ജി.പി. എം.ആര്‍.അജിത്ത് കുമാര്‍ കേസ് ക്രൈംബ്രാഞ്ചിനു കൈമാറിയിരുന്നു.
അതേസമയം, കേസ് ആദ്യം അന്വേഷിച്ച മ്യൂസിയം പൊലീസിന്റെ ഭാഗത്തുനിന്നും വൻ വീഴ്ചയുണ്ടായതായി കണ്ടെത്തിയിരുന്നു. അതിനാൽ തന്നെ ഉദ്യോഗസ്ഥ വീഴ്ചയിൽ അന്വേഷണം പ്രഖ്യാപിക്കാനും സാധ്യതയുണ്ട്.
നയനയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നാണു ഡിസിആർബി അസി.കമ്മിഷണറുടെ അന്വേഷണ റിപ്പോർട്ട്. നയന സ്വയം പരുക്കേൽപ്പിച്ചുവെന്ന് ഫൊറൻസിക് റിപ്പോർട്ട് സ്ഥിരീകരിക്കുന്നില്ലെന്നും മുൻവാതിൽ അടച്ചിരുന്നുവെങ്കിലും ബാൽക്കണി വാതിൽ വഴി ഒരാൾക്കു രക്ഷപ്പെടാനുള്ള സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
നയനയുടെ മരണം കൊലപാതകമാകാമെന്ന സംശയം ബലപ്പെടുത്തുന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോർട്ട് പുറത്തുവന്നതോടെയാണ് ഡിസിആർബി അസി.കമ്മീഷണർ തുടരന്വേഷണ സാധ്യത പരിശോധിച്ചത്. നയനയുടെ മരണ കാരണം കഴുത്തിനേറ്റ പരുക്കാണെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിലുള്ളത്.
2019 ഫെബ്രുവരി 24നാണ് യുവ സംവിധായിക നയന സൂര്യയെ തിരുവനന്തപുരം ആല്‍ത്തറയിലെ വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കേസ് ആദ്യം അന്വേഷിച്ചത് മ്യൂസിയം പൊലീസ് ആയിരുന്നു. നയനയുടേത് കൊലപാതകമല്ലെന്നും, നയനയ്ക്ക് സ്വയം പരുക്കേൽപ്പിച്ച് ആനന്ദം കണ്ടെത്തുന്ന പ്രത്യേകതരം മാനസിക അസ്വാസ്ഥ്യമുണ്ടെന്നുമായിരുന്നു മ്യൂസിയം പൊലീസിന്റെ കണ്ടെത്തൽ.