തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനാക്കുറ്റത്തിന് അറസ്റ്റിലായ ദിലീപിനെതിരെ നിരവധി സിനിമയിൽ ദിലീപിന്റെ നായികയായി അഭിനയിച്ച നവ്യാനായർ രംഗത്ത്. വളരെ നാള്‍ ഒപ്പം ഒരുമിച്ചു പ്രവര്‍ത്തിച്ചുപോന്നിരുന്ന സഹപ്രവര്‍ത്തകന്റെ ഭാഗത്തും നിന്നും ഉണ്ടായ പ്രവൃത്തി തന്നെ തളര്‍ത്തിയെന്ന് നവ്യാ നായർ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് നവ്യാ നായർ ഇക്കാര്യം വ്യക്തമാക്കിയത്. എന്ത് വിരോധത്തിന്റെ പേരിലായാലും ഇത്രയും ഹീനവും നീചവുമായ പ്രവർത്തി ഒരു സഹപ്രവർത്തകന്റെ ചിന്തയിൽ പോലും ഉണ്ടാകാൻ പാടില്ലാത്തതാണ് . അക്ഷന്തവ്യമായ ഈ അപരാധത്തിന്റെ പാപ ഭാരം മലയാള സിനിമാ ലോകം ഇനി പേറേണ്ട കാര്യവുമില്ല നവ്യാനായര്‍ എഴുതുന്നു.

നവ്യാ നായരുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം:

‘മലയാള സിനിമാ കുടുംബത്തിലെ ഒട്ടേറെ സഹപ്രവർത്തകരെ പോലെ ,കഴിഞ്ഞ കുറെ ദിവസങ്ങളായി മനസ്സിൽ നീറി കിടന്ന കുറെ കനലുകൾ മൗനമെന്ന മറയ്ക്കുള്ളിൽ മൂടി വെക്കേണ്ടി വന്നത് ഒരു വല്ലാത്ത ദുര്യോഗം തന്നെയായിരുന്നു. ഇപ്പോൾ അതിലുമുപരി വളരെ നാൾ ഒപ്പം ഒരുമിച്ചു പ്രവർത്തിച്ചു പോന്നിരുന്ന സഹപ്രവർത്തകന്റെ ഭാഗത്തു നിന്നും ഉണ്ടായതായി കണ്ടെത്തിയ ഇത്തരത്തിലൊരു പ്രവർത്തി ……എന്നെ വീണ്ടും തളർത്തി എന്ന് പറയാതെ വയ്യ.

ഇതൊരു പക്ഷെ എന്റെ മാത്രം ചിന്തയാവാനിടയില്ല …മലയാള സിനിമാ തറവാട്ടിലെ എല്ലാ അംഗങ്ങളെയും ഇത് വല്ലാതെ മുറിവേൽപ്പിച്ചു എന്ന് പറയാതെ വയ്യ . ഇതു സംബന്ധിച്ച് ഇത് വരെ പരസ്യ പ്രതികരണങ്ങൾ നടത്താൻ പലരും മുതിരാതിരുന്നതും അത് കൊണ്ട് തന്നെ എന്ന് ഞാൻ കരുതുന്നു . കാരണം അത്ര കണ്ടു അടുപ്പമുണ്ടായിരുന്നു ഞങ്ങൾക്കെല്ലാം ഇവർ രണ്ടു പേരോടും . അന്വേഷണം മുന്നോട്ടു പോയിക്കൊണ്ടിരുന്നു വേളയിൽ ഊഹാപോഹങ്ങളുടെ മാത്രം പേരിൽ ആർക്കുമെതിരെ ഒന്നും പറയാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു . എന്നാൽ ഇന്നലെ വൈകിട്ടോടു കൂടി , കാര്യങ്ങൾക്കു വ്യക്തത വരികയും , ഗൂഢാലോചനയുടെ രഹസ്യങ്ങൾ വെളിയിൽ വരികയും ചെയ്തപ്പോൾ , ഇനിയും ഈ മൗനത്തിനു പ്രസക്തി ഇല്ലെന്നു തിരിച്ചറിയുന്നു . എന്ത് വിരോധത്തിന്റെ പേരിലായാലും ഇത്രയും ഹീനവും നീചവുമായ പ്രവർത്തി ഒരു സഹപ്രവർത്തകന്റെ ചിന്തയിൽ പോലും ഉണ്ടാകാൻ പാടില്ലാത്തതാണ് . അക്ഷന്തവ്യമായ ഈ അപരാധത്തിന്റെ പാപ ഭാരം മലയാള സിനിമാ ലോകം ഇനി പേറേണ്ട കാര്യവുമില്ല, നീചമായ ഒരു മനസ്സിന്റെ മാത്രം സൃഷ്ടി .

ഇത് സത്യത്തിന്റെയും ധൈര്യത്തിന്റെയും സർവോപരി സ്ത്രീത്വത്തിന്റെയും വിജയമാണ് . ഇത്രയേറെ യാതനകൾക്കിടയിലൂടെ കടന്നു പോയിട്ടും , തളർന്നു പോകാതെ , തല കുനിക്കാതെ നിന്ന് ആർജവത്തോടെ പ്രതികരിച്ച , എന്റെ പ്രിയപ്പെട്ട സഹപ്രവർത്തകയായ സഹോദരിയോടുള്ള ബഹുമാനവും പതിന്മടങ് . നീ ഒരു ചുവടു പിന്നോട്ട് പോയിരുന്നെങ്കിൽ , ഇതിനു പിന്നിലെ സത്യം പുറത്തു വരുമായിരുന്നില്ല. ഉയർച്ചയുടെ പടവുകൾ നിനക്ക് മുന്നിൽ തുറന്നു തന്നെ കിടക്കും …നടക്കുക…. മുന്നോട്ടു തന്നെ , സധൈര്യം’

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ