കൊച്ചി: വൈപ്പിന്‍ കടലില്‍ മുങ്ങിത്താഴ്ന്നയാള്‍ക്ക് രക്ഷകനായി നാവിക സേന ഉദ്യോഗസ്ഥന്‍. വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. ഔറംഗബാദ് സൗദേശി ദിലീപ് കുമാറിനാണ് അപകടം സംഭവിച്ചത്.

കടലില്‍ കുളിക്കാനെത്തിയ ദിലീപ് കുമാര്‍ അടിയൊഴുക്ക് ശക്തമായതിനെ തുടര്‍ന്ന് അപകടത്തില്‍ പെടുകയായിരുന്നു. നിലകിട്ടാതെ ദിലീപ് കുമാര്‍ മുങ്ങിത്താഴുന്നത് കണ്ട് സമീപത്തുണ്ടായിരുന്നവര്‍ ഓടിക്കൂടിയെങ്കിലും കടലിലേക്കിറങ്ങാന്‍ ആര്‍ക്കും ധൈര്യം കിട്ടിയില്ല.

എന്നാല്‍ ഭാര്യയ്‌ക്കൊപ്പം അവധിയാഘോഷിക്കാന്‍ എത്തിയ ലെഫ്റ്റനന്റ് രാഹുല്‍ ദലാല്‍ ഇതു കണ്ടതും മറ്റൊന്നും നോക്കാതെ കടലിലേക്ക് ഇറങ്ങുകയായിരുന്നു. അരമണിക്കൂറോളം നീണ്ടുനിന്ന രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് ദിലീപ് കുമാറിനെ അദ്ദേഹം കരയില്‍ എത്തിച്ചത്.

ഭാര്യയെ കരയില്‍ നിര്‍ത്തിയാണ് നാവിക സേന ഉദ്യോഗസ്ഥനായ രാഹുല്‍ കടലില്‍ ഇറങ്ങിയത്. രക്ഷിക്കുന്നതിനിടെ ഇരുവരും പല തവണ മുങ്ങിത്താഴ്‌ന്നെങ്കിലും ഒടുവില്‍ ദിലീപുമായി രാഹുല്‍ കരയ്‌ക്കെത്തി.

കരയ്ക്ക് എത്തിച്ച ദിലീപ് കുമാറിന് കൃത്രിമ ശ്വാസം നല്‍കാന്‍ ശ്രമിച്ചപ്പോഴാണ് ഇദ്ദേഹത്തിന്റെ വായില്‍ കണ്ടല്‍ച്ചെടികള്‍ കുടുങ്ങിക്കിടക്കുന്നതായി കണ്ടെത്തിയത്. ഇത് വലിച്ച് പുറത്തെടുത്ത ശേഷം രാഹുല്‍ ദലാല്‍ തന്നെയാണ് ഇദ്ദേഹത്തിന് കൃത്രിമശ്വാസം നല്‍കിയത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് സംഘം ദിലീപിനെ ആശുപത്രിയിലേക്ക് മാറ്റി. രാഹുലിന്റെ ധീര പ്രവൃത്തിയില്‍ നാവിക സേന അദ്ദേഹത്തിന് അഭിനന്ദനങ്ങള്‍ അറിയിച്ചു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ