Navaratri 2020: തിരുവനന്തപുരം: തിരുവനന്തപുരത്ത് നവരാത്രിപൂജയ്ക്കായി പദ്മനാഭപുരത്തുനിന്നുള്ള നവരാത്രി വിഗ്രഹങ്ങളുടെ എഴുന്നള്ളത്തിന് തുടക്കമായി. എഴുന്നള്ളത്തിന് മുന്നോടിയായി പത്മനാഭപുരം കൊട്ടാരത്തിലെ ഉപ്പിരിക്ക മാളികയിൽ ഉടവാൾ കൈമാറി.
തേവാരപ്പുരയിൽ പട്ടുവിരിച്ച പീഠത്തിൽ സൂക്ഷിക്കുന്ന ഉടവാൾ പുരാവസ്തുവകുപ്പ് ഡയറക്ടർ ഇ. ദിനേശനിൽ നിന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ സ്വീകരിച്ചശേഷം കന്യാകുമാരി ദേവസ്വം ജോയിന്റ് കമ്മിഷണർ അൻപുമണിക്ക് കൈമാറി.
കൊട്ടാരം ചാർജ് ഓഫീസർ സി.എസ്. അജിത്ത്കുമാർ, കന്യാകുമാരി എസ്.പി ബദരിനാരായണൻ, സബ് കളക്ടർ ശരണ്യ അറി, മുൻ കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണൻ തുടങ്ങിയവർ സംബന്ധിച്ചു.
Read more: നവരാത്രി ഘോഷയാത്ര ഒഴിവാക്കില്ല; വിഗ്രഹങ്ങൾ പല്ലക്കിലേറ്റി എത്തിക്കുമെന്ന് ദേവസ്വം മന്ത്രി
തേവാരക്കെട്ട് സരസ്വതിദേവി, വേളിമല കുമാരസ്വാമി, ശുചീന്ദ്രം മുന്നൂറ്റിനങ്ക എന്നീ വിഗ്രഹങ്ങളാണ് ബുധനാഴ്ച പദ്മനാഭപുരം കൊട്ടാരത്തിൽനിന്ന് എഴുന്നള്ളിച്ചത്. ഉടവാൾ കൈമാറ്റത്തിനുശേഷം സരസ്വതിവിഗ്രഹത്തെ പുറത്തേക്ക് എഴുന്നള്ളിച്ചു. കൊട്ടാരമുറ്റത്ത് വിഗ്രഹങ്ങൾക്ക് കേരള സർക്കാർ വരവേൽപ്പ് നൽകി. തുടർന്ന് തിരുവനന്തപുരത്തേക്ക് എഴുന്നള്ളത്ത് പുറപ്പെട്ടു. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ചെറിയ പല്ലക്ക് വാഹനങ്ങളിലാണ് വിഗ്രഹങ്ങൾ എഴുന്നള്ളിക്കുന്നത്.
ബുധനാഴ്ച രാത്രി വിഗ്രഹങ്ങൾ കുഴിത്തുറ മഹാദേവക്ഷേത്രത്തിൽ ഇറക്കിപൂജ നടത്തും. വ്യാഴാഴ്ച രാത്രി നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലാണ് ഇറക്കിപൂജ. വെള്ളിയാഴ്ച രാവിലെ നെയ്യാറ്റിൻകരയിൽ നിന്നും പുറപ്പെടുന്ന ഘോഷയാത്ര വൈകിട്ടോടെ തിരുവനന്തപുരത്തെത്തും. ശനിയാഴ്ച നവരാത്രി മണ്ഡപത്തിൽ നവരാത്രിപൂജ ആരംഭിക്കും.
Read more: Navaratri : നവരാത്രി കാലത്ത് ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങൾ
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook
.