കൊച്ചി: കൊച്ചി ഉൾപ്പെടെയുളള ഇന്ത്യൻ തീരത്ത് വൻ വാതക നിക്ഷേപം കണ്ടെത്തി. അമേരിക്കൻ ജിയോളജിക്കൽ സർവേയാണ് കടലിനടിയിലെ ഹൈഡ്രേറ്റ് പ്രകൃതി വാതക ശേഖരം കണ്ടെത്തിയത്. കൊച്ചി തീരം, കൃഷ്ണ ഗോദാവരി തടം, കാവേരി തടം എന്നിവിടങ്ങളിലായി 130 ലക്ഷം കോടി ക്യുബിക് അടി ഹൈഡ്രേറ്റ് പ്രകൃതി വാതക ശേഖരമുണ്ടെന്നാണ് സർവേയിൽ കണ്ടെത്തിയത്.

300 വർഷത്തേക്ക് രാജ്യത്തിന്റെ ഊർജാവശ്യം നിറവേറ്റാനുതകുന്ന വൻ വാതക നിക്ഷേപമാണ് കണ്ടെത്തിയിരിക്കുന്നത്. ഇതിൽ ഭൂരിഭാഗവും കൊച്ചി തീരത്താണെന്നാണ് കരുതുന്നത്.

കടലിനടിയിൽ ഐസിന്റെ രൂപത്തിലാണ് ഹൈഡ്രേറ്റ് പ്രകൃതി വാതകം (ഗ്യാസ് ഹൈഡ്രേറ്റ്) കാണപ്പെടാറുളളത്. ഇവയുടെ നിക്ഷേപം കൂടുതലായുമുളളത് അമേരിക്കയിലാണ്. അതു കഴിഞ്ഞാൽ ഇന്ത്യയിലാണെന്നാണ് അമേരിക്കൻ ജിയോളജിക്കൽ സർവേയുടെ കണ്ടെത്തൽ.

ഗ്യാസ് ഹൈഡ്രേറ്റ് പര്യവേക്ഷണം ചെയ്ത് വാണിജ്യപരമായി ഉത്പാദിപ്പിച്ചാൽ വീടുകളിലേക്കും വാണിജ്യ-വ്യവസായ സ്ഥാപനങ്ങളിലേക്കും ഉപയോഗപ്പെടുത്താം. വാഹനങ്ങൾക്കാവശ്യമായ ഇന്ധനമായും ഇവ ഉപയോഗിക്കാം. എന്നാൽ ഇവയെ വാണിജ്യപരമായി ഉത്പാദിപ്പിക്കാനുളള സാങ്കേതികവിദ്യ ഇനിയും കണ്ടെത്തിയിട്ടില്ല. അമേരിക്ക, ജപ്പാൻ, കാനഡ എന്നിവിടങ്ങളിൽ ഇതിനായുളള ശ്രമം നടക്കുന്നുണ്ട്.

സാങ്കേതിക വിദ്യ വികസിപ്പിക്കാനുളള ശ്രമം ഇന്ത്യയും തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്. എണ്ണ-പ്രകൃതി വാതക കോർപ്പറേഷൻ (ഒഎൻജിസി), യുഎസ് ജിയോളജിക്കൽ സർവേ, ജാപ്പനീസ് ഡ്രില്ലിങ് കമ്പനി എന്നിവയുമായി ചേർന്നാണ് ഇന്ത്യ ഇതിനായുളള ശ്രമം നടത്തുന്നത്. മൂന്നിടങ്ങളിൽ വാതക നിക്ഷേപം കണ്ടെത്തിയതോടെ സാങ്കേതിക വിദ്യ വികസിപ്പിക്കാനുളള ശ്രമങ്ങൾ ഊർജിതമാക്കും.

കൃഷ്ണ-ഗോദാവരി തടത്തിലാവും ആദ്യം പര്യവേക്ഷണം നടത്തുക. അതു കഴിഞ്ഞായിരിക്കും കൊച്ചിയിൽ പര്യവേക്ഷണം തുടങ്ങുക. ഈ ശ്രമം വിജയിച്ചാൽ മറ്റു ലോകരാജ്യങ്ങളെ കടത്തിവെട്ടി ലോകത്തിലെ മുൻനിര സാമ്പത്തിക ശക്തിയായി ഇന്ത്യ മാറും.

കൊച്ചിയിൽ 2009 ലും 2013 ലും ആഴക്കടലിൽ എണ്ണക്കിണറുകൾ കുഴിച്ച് പ്രകൃതി വാതകത്തിനുളള പര്യവേക്ഷണം നടത്തിയെങ്കിലും ഫലമുണ്ടായിരുന്നില്ല. എണ്ണ-പ്രകൃതി വാതക കോർപ്പറേഷന്റെ (ഒഎൻജിസി) നേതൃത്വത്തിലായിരുന്നു പര്യവേക്ഷണം നടത്തിയത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ