Latest News

ജെഎൻയു അക്രമത്തിനെതിരെ സംസ്ഥാനത്ത് പ്രതിഷേധ റാലികൾ

അക്രമത്തെയും ഡൽഹി പൊലീസിന്റെ നിഷ്‌ക്രിയത്വത്തെയും അപലപിച്ചായിരുന്നു പ്രതിഷേധ പ്രകടനങ്ങൾ

Jnu, ജെഎൻയു, outrage over JNU violence, പ്രതിഷേധ റാലി, കേരള, Kerala, sfi, എസ്എഫ്ഐ, iemalayalam

കൊച്ചി: ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റിയിൽ ഞായറാഴ്ച രാത്രി നടന്ന അക്രമത്തിൽ പ്രതിഷേധിച്ച് രാജ്യവ്യാപകമായി പ്രതിഷേധങ്ങൾ നടന്നു. സംഭവത്തെ അപലപിച്ച് ഡിവൈഎഫ്ഐ, എസ്എഫ്ഐ ഉൾപ്പെടെയുള്ള വിവിധ സംഘടനകളുടെ നേതൃത്വത്തിൽ കേരളത്തിലും പ്രതിഷേധ പ്രകടനങ്ങൾ അരങ്ങേറി.

കോഴിക്കോട് ഒഴികെയുള്ള എല്ലാ ജില്ലകളിലും എസ്എഫ്ഐയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനങ്ങൾ നടന്നു. കേന്ദ്രസർക്കാരിനും എബിവിപിക്കുമെതിരെ മുദ്രാവാക്യം വിളിച്ചുകൊണ്ടായിരുന്നു പ്രകടനങ്ങൾ. കോഴിക്കോട്, സി.പി.എമ്മിന്റെ യുവജന സംഘടനയായ ഡി.വൈ.എഫ്.ഐയിലെ പ്രവർത്തകരാണ് പ്രകടനങ്ങൾക്ക് നേതൃത്വം നൽകിയത്.

“എ‌ബി‌വി‌പിയുടെയും ആർ‌എസ്‌എസിന്റെയും രാഷ്ട്രീയം എല്ലായെപ്പോഴും ആളുകളെ ഭയപ്പെടുത്തുന്നതിലാണ്. അക്രമം ഉപയോഗിച്ച് ആളുകളെ ഭയപ്പെടുത്താൻ അവർ ശ്രമിക്കുന്നു. സ്വന്തം പോലീസ് സേനയെ ഉപയോഗിച്ച് അവർക്കെതിരെ സംസാരിക്കുന്ന എല്ലാവരെയും ഇല്ലാതാക്കാൻ അവർ ആഗ്രഹിക്കുന്നു. ഈ രാജ്യത്തെ വിദ്യാർത്ഥികളെയും എസ്‌എഫ്‌ഐയെയും അത്തരം തന്ത്രങ്ങളാൽ കീഴടക്കാൻ സാധിക്കില്ല. ഞങ്ങൾക്ക് നിരവധി മുൻകാല അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഞങ്ങൾ ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയവും തത്വങ്ങളും ഉപേക്ഷിക്കാൻ ഞങ്ങൾ തയ്യാറല്ല,” എസ്‌എഫ്‌ഐയുടെ സംസ്ഥാന പ്രസിഡന്റ് വി‌എ വിനീഷ് പറഞ്ഞു.

കൊച്ചിയിൽ വിദ്യാർത്ഥികളും മനുഷ്യാവകാശ പ്രവർത്തകരും പൊതുജനങ്ങളും ഉൾപ്പെടുന്ന സംഘം ഹൈക്കോടതിക്കു മുന്നിലുള്ള വഞ്ചി സ്‌ക്വയറിൽ നിന്ന് രാജേന്ദ്ര മൈതാനത്തിലെ മഹാത്മാഗാന്ധി പ്രതിമ വരെ രണ്ട് കിലോമീറ്റർ പ്രതിഷേധ മാർച്ച് നടത്തി. ജെഎൻയുവിലെ അക്രമങ്ങൾ, വിവാദമായ പൗരത്വ ഭേദകതി നിയമം, ദേശീയ പൗരത്വ രജിസ്റ്റർ എന്നിവയ്ക്കെതിരേ പ്രതിഷേധക്കാർ മുദ്രാവാക്യം വിളിച്ചു.

“ജെഎൻയുവിൽ അർദ്ധരാത്രിയിൽ വിദ്യാർത്ഥികളെയും അധ്യാപകരെയും ആക്രമിച്ച ആളുകൾ മുഖംമൂടി ധരിച്ചിരുന്നു, കാരണം ജനാധിപത്യ പ്രതിഷേധത്തെ (സി‌എ‌എ-എൻ‌ആർ‌സി എന്നിവയുടെ പേരിൽ) നേരിടാൻ അവർക്ക് ധൈര്യമില്ല. അവർ പോലീസിനെ ഗേറ്റിന് പുറത്ത് നിർത്തി ആംബുലൻസുകൾ ആക്രമിച്ചു. ഇത് ഒട്ടും മാനുഷികമല്ലാത്ത തരത്തിലുള്ള അക്രമമായിരുന്നു,” പ്രതിഷേധത്തിൽ പങ്കെടുത്ത ഹൈക്കോടതി അഭിഭാഷകൻ ഹരീഷ് വാസുദേവൻ പറഞ്ഞു.

കൊച്ചിയിൽ നടന്ന പ്രതിഷേധ റാലി

അക്രമത്തെയും ഡൽഹി പൊലീസിന്റെ നിഷ്‌ക്രിയത്വത്തെയും അപലപിച്ചായിരുന്നു കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധ പ്രകടനങ്ങൾ നടന്നത്.

അക്രമി സംഘം ക്യാംപസിനകത്ത് അഴിഞ്ഞാടിയപ്പോള്‍ നാല്‍പ്പതോളം പേര്‍ക്കു പരുക്കേറ്റ് ആശുപത്രിയില്‍ ചികിത്സ തേടേണ്ടിവന്നു. ഇതില്‍ അഞ്ച് പേരുടെ പരുക്ക് ഗുരുതരമാണ്. ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3.30ഓടെയാണ് സംഘർഷങ്ങൾ ആരംഭിച്ചത്. മുഖംമൂടി ധരിച്ച ഒരു കൂട്ടം ആളുകള്‍ പെരിയാര്‍ ഹോസ്റ്റലില്‍ സംഘടിക്കുകയായിരുന്നു. ജെഎൻയു വിദ്യാർഥി യൂണിയൻ പ്രസിജന്റ് ഐഷി ഘോഷ് ഉൾപ്പെടെ നിരവധി പേർക്ക് ഇവരില്‍ നിന്ന് മര്‍ദനമേറ്റിരുന്നു. പത്തിലേറെ അധ്യാപകര്‍ക്കും പരുക്കേറ്റിട്ടുണ്ട്.

അതേസമയം ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ അക്രമികള്‍ അഴിഞ്ഞാടിയിട്ട് മണിക്കൂറുകള്‍ കഴിഞ്ഞെങ്കിലും കാര്യമായ നടപടികള്‍ സ്വീകരിക്കാതെ ഡല്‍ഹി പൊലീസ് നിഷ്ക്രിയത്വം തുടരുകയാണ്. രാജ്യമൊട്ടാകെ പ്രതിഷേധം ശക്തമായിട്ടും അക്രമങ്ങള്‍ക്ക് പിന്നില്‍ ആരാണെന്ന് പൊലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. മാത്രമല്ല, സമാധാനപരമായി ക്യാംപസില്‍ സമരം ചെയ്തിരുന്ന ജെഎന്‍യു വിദ്യാര്‍ഥികള്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Nationwide outrage over jnu violence finds reflection in kerala too

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express