കൊച്ചി: കേന്ദ്ര സര്‍ക്കാരിന്റെ തൊഴില്‍ നയങ്ങള്‍ക്കെതിരെ വിവിധ തൊഴിലാളി സംഘടനകള്‍ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്കിന്റെ ആദ്യ ദിനം സംസ്ഥാനത്ത് പൂർണം. ഹര്‍ത്താലിന് സമാനമായിരുന്നു സംസ്ഥാനത്ത് പണിമുടക്ക്.
സംസ്ഥാനത്തുടനീളം കട കമ്പോളങ്ങള്‍ ഏറെക്കുറെ പൂർണമായി അടഞ്ഞുകിടന്നു. പലയിടങ്ങളിലും തുറന്ന കടകള്‍ സമരാനുകൂലികള്‍ ബലം പ്രയോഗിച്ച് അടപ്പിച്ചു. അവശ്യ സര്‍വീസുകള്‍ നടത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും കെഎസ്ആടിസി വിരലിലെണ്ണാവുന്ന ട്രിപ്പുകൾ മാത്രമാണ് നടത്തിയത്. സ്വകാര്യവാഹനങ്ങളിലും ടാക്സികളിലം ഓട്ടോകളിലും സഞ്ചരിച്ചവരെ പലയിടത്തും സമരാനുകൂലികൾ തടഞ്ഞു. ചിലയിടങ്ങളിൽ കാര്യങ്ങൾ സംഘർഷത്തിലേക്കും അക്രമത്തിലേക്കും നീങ്ങി.
അതേസമയം, എറണാകുളം ജില്ലയിൽ നാളെ വ്യാപാര സ്ഥാപനങ്ങൾ തുറക്കുമെന്ന് സംയുക്ത വ്യാപാരി സംഘടനകൾ അറിയിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി, കേരള മർച്ചന്റ്‌സ് ചേംബർ ഓഫ് കൊമേഴ്‌സ്, ഓൾ കേരള ഡിസ്ട്രിബ്യുട്ടേഴ്സ് അസോസിയേഷൻ, കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ, ബേക്കേഴ്‌സ് അസോസിയേഷൻ എന്നീ സംഘടനകളാണ് ഈ വിവരം സംയുക്ത പ്രസ്താവനയിൽ അറിയിച്ചത്. പണിമുടക്കിന്റെ പേരിൽ ചെറുകിട, ഇടത്തരം വ്യാപാര സ്ഥാപനങ്ങൾ നിർബന്ധമായി അടപ്പിച്ചപ്പോൾ ലുലുമാളും റിലയൻസ് സൂപ്പർ മരക്കാർ ശൃഖലയും നിർബാധം പ്രവർത്തിച്ചുവെന്ന് വ്യാപാരി സംഘടനകൾ കുറ്റപ്പെടുത്തി.
അതിനിടെ, സര്‍ക്കാര്‍ ജീവനക്കാരുടെ പണിമുടക്ക് നിയമവിരുദ്ധമാണെന്നും വിലക്കി ഉടന്‍ ഉത്തരവ് പുറപ്പെടുവിക്കണമെന്നും ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ച സാഹചര്യത്തിൽ സർക്കാർ അഡ്വക്കറ്റ് ജനറലിൽനിന്ന് നിയമോപദേശം തേടി. ഉദ്യോഗസ്ഥർ പണിമുടക്കിൽ പങ്കെടുക്കരുതെന്ന ഹൈക്കോടതി ഉത്തരവ് നടപ്പാക്കുകയല്ലാതെ സർക്കാരിനു മുന്നിൽ വേറെ വഴിയില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മ് ഖാൻ പറഞ്ഞു.
Also Read: സര്‍ക്കാര്‍ ജീവനക്കാരുടെ പണിമുടക്ക് നിയമവിരുദ്ധം; വിലക്കി ഉടന്‍ ഉത്തരവിറക്കണമെന്നും ഹൈക്കോടതി
എന്നാൽ, സര്‍ക്കാര്‍ ജീവനക്കാര്‍ നാളെയും പണിമുടക്കുമെന്നും കോടതികള്‍ വിമര്‍ശിക്കേണ്ടത് കേന്ദ്രത്തെയാണ്, സമരം ചെയ്യുന്നവരെയല്ലെന്നും എഐടിയുസി ജനറല്‍ സെക്രട്ടറി കെ.പി.രാജേന്ദ്രന്‍ പറഞ്ഞു. അപ്പീല്‍ പോകുന്നത് ആലോചിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 4,828 ഉദ്യോഗസ്ഥരുള്ള സെക്രട്ടറിയേറ്റില്‍ ചീഫ് സെക്രട്ടറിയടക്കം 32 പേര്‍ മാത്രമാണ് ഇന്ന് ജോലിക്കെത്തിയത്.
മധ്യകേരളത്തില്‍ പണിമുടക്ക് പൂര്‍ണമാണെന്നാണ് ലഭിക്കുന്ന വിവരം. കോട്ടയത്ത് കെഎസ്ആര്‍ടിസി സര്‍വീസ് നടത്തുന്നില്ല. എന്നാല്‍ സ്വകാര്യ വാഹനങ്ങള്‍ നിരത്തുകളില്‍ സജീവമാണ്. പത്തനംതിട്ടയിലും ഇടുക്കിയിലും സമാനസാഹചര്യമാണ്.
വടക്കന്‍ കേരളത്തിലേക്കെത്തിയാല്‍ കണ്ണൂര്‍, വയനാട് എന്നിവിടങ്ങളില്‍ പണിമുടക്ക് പൂര്‍ണമാണ്. ക്ഷേത്രോത്സവത്തെ തുടര്‍ന്ന് മാനന്തവാടിയില്‍ ഇളവുകള്‍ നല്‍കിയിട്ടുണ്ട്. പാലക്കാടും മലപ്പുറത്തും വ്യവസായ സ്ഥാപനങ്ങളില്‍ ജോലിക്കെത്തുന്നവരെ തിരിച്ചയക്കുന്ന സ്ഥിതിയുണ്ടായി.
അതേസമയം, തമിഴ്നാട്ടില്‍ പണിമുടക്ക് പൊതുഗതാഗതത്തെ സാരമായി ബാധിച്ചു. ഉദ്യോഗസ്ഥരും സാധരണക്കാരും ബസ് സ്റ്റാന്‍ഡുകളില്‍ രാവിലെ മുതല്‍ കുടുങ്ങിക്കിടക്കുകയാണ്. 33 ശതമാനം സര്‍ക്കാര്‍ ബസുകള്‍ ഓടുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ചെന്നൈയില്‍ ഇത് പത്ത് ശതമാനമാണ്.

ബംഗാളില്‍ സമരാനുകൂലികള്‍ റോഡും റെയില്‍വെ ട്രാക്കും ഉപരോധിച്ചു. ഡല്‍ഹിയിലും മുംബൈയിലും പണിമുടക്ക് വലിയ തോതില്‍ പ്രകടമല്ല. പൊതുഗതാഗതത്തിന് തടസമില്ല. സ്വകാര്യ വാഹനങ്ങളും മറ്റും നിരത്തുകളില്‍ സജീവമാണ്.
സി ഐ ടി യു, ഐ എന്‍ ടി യുസി, എ ഐ ടി യു.സി, എച്ച് എംഎസ്, എഐയുടിയുസി, ടിയുസിസി, സേവ, എഐസിസിടിയു, യുടിയുസി, എൽപിഎഫ്, എസ് ടി യു, തുടങ്ങിയ കേന്ദ്ര തൊഴിലാളി സംഘടനകളുടെ സംയുക്തവേദിയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
ഇന്ന് അര്‍ധരാത്രി ആരംഭിച്ച പണിമുടക്ക് 29-ാം തീയതി (ചൊവ്വാഴ്ച) വൈകിട്ട് ആറ് മണി വരെ തുടരും. കേരളത്തില്‍ ഹര്‍ത്താലിന് സമാനമായിട്ടാണ് പണിമുടക്ക് പുരോഗമിക്കുന്നത്. റെയില്‍വെ സ്റ്റേഷനില്‍ എത്തുന്നവര്‍ക്കും മറ്റുള്ളവര്‍ക്കുമായി കെഎസ്ആര്‍ടിസി പ്രത്യേക സര്‍വീസ് നടത്തുന്നുണ്ട്. എന്നാല്‍ പൊതുഗതാഗതം മുടങ്ങിയ സാഹചര്യത്തില്‍ വളരെയധികം ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്നാണ് ജനങ്ങള്‍ പറയുന്നത്.
എന്നാല്‍ ആശുപത്രി, ആംബുലൻസ് സർവീസ് പത്രം, പാൽ, എയർപോർട്ട്, ഫയർ ആൻഡ് റെസ്ക്യൂ, വിവാഹം, സംസ്കാരച്ചടങ്ങുകൾ, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ, വിദേശ വിനോദ സഞ്ചാരകളുടെ യാത്ര തുടങ്ങി അവശ്യ സർവീസുകളെ പണിമുടക്കിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
തൊഴില്‍ കോഡ് റദ്ദാക്കുക, അവശ്യ പ്രതിരോധ സേവന നിയമം പിന്‍വലിക്കുക, സ്വകാര്യവല്‍ക്കരണവും സര്‍ക്കാര്‍ ആസ്തി വിറ്റഴിക്കല്‍ പദ്ധതിയും നിര്‍ത്തിവെക്കുക, കൃഷി, വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകളിലെ സര്‍ക്കാര്‍ നിക്ഷേപം വര്‍ധിപ്പിക്കുക, തൊഴിലുറപ്പ് പദ്ധതിക്കുള്ള വിഹിതം ഉയര്‍ത്തുക, കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചശേഷം സംയുക്ത കിസാന്‍ മോര്‍ച്ച സമര്‍പ്പിച്ച അവകാശപത്രിക അംഗീകരിക്കുക, സമ്പന്നര്‍ക്കുമേല്‍ സമ്പത്ത് നികുതി (വെല്‍ത്ത് ടാക്‌സ്) ചുമത്തുക, പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്കുള്ള കേന്ദ്ര എക്സൈസ് നികുതി വെട്ടിക്കുറയ്ക്കുക, വിലക്കയറ്റം തടയുക, ദേശീയ പെന്‍ഷന്‍ പദ്ധതി പിന്‍വലിക്കുക തുടങ്ങിയവയാണ് പൊതുപണിമുടക്കിലെ പ്രധാന ആവശ്യങ്ങള്‍ പ്രധാന ആവശ്യങ്ങള്‍.
Also Read: 28, 29 തിയ്യതികളിലെ ദേശീയ പൊതുപണിമുടക്ക് ആരെയൊക്കെ ബാധിക്കും?