തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ തൊഴില്‍ നയങ്ങള്‍ക്കെതിരെ വിവിധ തൊഴിലാളി സംഘടനകള്‍ ആഹ്വാനം ചെയ്ത രണ്ടു ദിവസത്തെ ദേശീയ പണിമുടക്ക് തുടരുന്നു. ഇന്ന് അർധരാത്രി 12 വരെയാണ് പണിമുടക്ക്.
സർക്കാർ ജീവനക്കാർ പണിമുടക്കാതിരിക്കാൻ, കോടതി നിർദേശത്തെത്തുടർന്ന് ഡയസ്നോൺ പ്രഖ്യാപിച്ചെങ്കിലും ഏശിയിലില്ല. വിരലിലെണ്ണാവുന്ന ജീവനക്കാരാണ് ഓഫീസുകളിൽ ഹാജരായത്. നാലായിരത്തിൽ അധികം ജീവനക്കാരുള്ള സെക്രട്ടറിയേറ്റിൽ 212 പേർ മാത്രമാണ് ഇന്ന് എത്തിയത്. ഹാജർ 4.15 ശതമാനം. പൊതുഭരണം-182, ധനം-23,നിയമം-1 എന്നിങ്ങനെയാണ് വകുപ്പുകളിൽ ജോലിക്കെത്തിയവരുടെ എണ്ണം. പല ജില്ലകളിലും കലക്ടറേറ്റുകളില്‍ ഉള്‍പ്പടെ ജോലിക്കെത്തിയവരെ സമരക്കാര്‍ തടഞ്ഞ് മടക്കിവിട്ടു. മൂവായിരത്തിലധികം ജീവനക്കാരുള്ള കോഴിക്കോട് സിവില്‍ സ്റ്റേഷനില്‍ 20 പേരില്‍ താഴെ മാത്രമാണ് എത്തിയത്.
സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും സര്‍വിസ് നടത്തിയ കെഎസ്ആര്‍ടിസി ബസുകള്‍ സമരാനുകൂലികള്‍ തടഞ്ഞു. തിരുവനന്തപുരം പാപ്പനംകോട്ട് സമരക്കാര്‍ ബസ് തടഞ്ഞുനിര്‍ത്തി യാത്രക്കാരെ ഇറക്കിവിട്ടു. ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും മര്‍ദനമേറ്റതായും ദേഹത്ത് തുപ്പിയതായും പരാതിയുണ്ട്. പൊലീസുകാരുടെ സാന്നിധ്യത്തിലാണ് തങ്ങളെ വളഞ്ഞിട്ട് മര്‍ദിച്ചതെന്നാണ് ജീവനക്കാര്‍ പറഞ്ഞത്. സംഭവത്തിൽ 50 പേർക്കെതിരെ പൊലീസ് കേസെടുത്തു.

പത്തനംതിട്ട അടൂരില്‍ സമരാനുകൂലികള്‍ കെഎസ്ആര്‍ടിസി ബസ് തടഞ്ഞു. പത്തനംതിട്ടയില്‍നിന്ന് കൊല്ലത്തേക്കു വരികയായിരുന്ന ബസ് കൊല്ലം ഹൈസ്‌കൂള്‍ ജങ്ഷനില്‍ തടഞ്ഞ്് യാത്രക്കാരെ ഇറക്കി വിട്ടു. തിരുവനന്തപുരത്തേക്കു പോയ ബസ് പുനലൂരിലും കൊല്ലം ചെയിന്‍ സര്‍വീസ് കൊല്ലത്തും സമരാനുകൂലികള്‍ തടഞ്ഞു. തൃശൂര്‍ ചാലക്കുടിയിലും സമരാനുകൂലികള്‍ കെഎസ്ആര്‍ടിസി ബസ് തടഞ്ഞ് യാത്രക്കാരെ ഇറക്കിവിട്ടു. സംസ്ഥാനത്ത് പലയിടങ്ങളിലും ഓട്ടോറിക്ഷകള്‍ ഉള്‍പ്പെടെയുള്ള മറ്റു വാഹനങ്ങളും തടയുന്നുണ്ട്. കണ്ണൂര്‍ തലശേരിയില്‍ ചരക്കുവാഹനങ്ങള്‍ തടഞ്ഞു.
പാലക്കാട് ആലത്തൂരിനു സമീപം കാവശേരിയില്‍ കെഎസ്ഇബി ഓഫീസ് സമരാനുകൂലികൾ അടപ്പിക്കാൻ ശ്രമിച്ചത് സംഘഷത്തിൽ കലാശിച്ചു. അസിസ്റ്റന്റ് എൻജിനീയർ ഉൾപ്പെടെ ഏഴു പേര്‍ക്ക് പരുക്കേറ്റു. പൊലീസെത്തി ഓഫീസ് അടപ്പിച്ചു. കൊല്ലത്ത് ചിതറ ഗവ. സ്‌കൂളില്‍ ജോലിക്കെത്തിയ 15 അധ്യാപകരെ പൂട്ടിയിട്ടു. പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ഷിബു ലാലിന്റെ നേതൃത്വത്തിലായിരുന്നു സമരക്കാരെത്തിയത്.
ഇടുക്കി മൂന്നാറില്‍ പണിമുടക്ക് അനുകൂലികളും പൊലീസും തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ ദേവികുളം എംഎല്‍എ എ രാജയ്ക്കു മര്‍ദനമേറ്റു. പരുക്കേറ്റ രാജയെ ആശുപത്രിയിലേക്ക് മാറ്റി. പണിമുടക്ക് അനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞപ്പോള്‍ പൊലീസ് ഇടപെട്ടതു സംഘര്‍ഷത്തിലേക്കു നീങ്ങുകയായിരുന്നു. പ്രതിഷേധകരെ പിന്തിരിപ്പിക്കാന്‍ പൊലീസ് ശ്രമിച്ചപ്പോള്‍ എ രാജ ഇടപെട്ടതിനെത്തുടര്‍ന്നുണ്ാ മര്‍ദനമേറ്റത്.

കോഴിക്കോട്, എറണാകുളം, മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ തുറന്ന കടകള്‍ അടപ്പിച്ചു. തിരുവനന്തപുരം ഉളളൂരിലെും കോഴിക്കോട് കാരന്തൂരിലും തുറന്ന പെട്രോള്‍ പമ്പ് സമരാനുകൂലികള്‍ അടപ്പിച്ചു. കോഴിക്കോട് അരീക്കാട് വ്യാപാരികളും സമരാനുകൂലികളും തമ്മില്‍ ഉന്തും തള്ളുമുണ്ടായത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു.
എറണാകുളം ബ്രോഡ്‌വേയിലും പെന്റാ മേനകയിലും കോഴിക്കോട് മിഠായിത്തെരുവിലും നിരവധി കടകള്‍ രാവിലെ തുറന്നിരുന്നു. ബ്രോഡ്‌വേയിൽ 40 ശതമാനത്തോളം കടകളാണു തുറന്നത്. പണിമുടക്കിന്റെ പേരിൽ ചെറുകിട, ഇടത്തരം വ്യാപാര സ്ഥാപനങ്ങൾ നിർബന്ധമായി അടപ്പിച്ചപ്പോൾ ലുലുമാളും റിലയൻസ് സൂപ്പർ മാർക്കറ്റ് ശൃഖലകൾക്കും പ്രവർത്തിക്കാൻ അനുമതി നൽകിയതിൽ പ്രതിഷേധിച്ചാണ് എറണാകുളത്ത് കടകൾ തുറക്കാൻ തീരുമാനിച്ചത്.
അതേസമയം, ഇന്നലെ തുറന്ന എറണാകുളം ഇടപ്പള്ളി ലുലു മാള്‍ ഇന്ന് പ്രവർത്തിച്ചില്ല. തിരുവനന്തപുരം ലുലമാളില്‍ ജോലിക്കെത്തിയ ജീവനക്കാരെ രാവിലെ സമരക്കാര്‍ തടഞ്ഞു. ഇവരെ പിന്നീട് പൊലീസ് നീക്കുകയായിരുന്നു. ഇടപ്പള്ളി ലുലുമാളിന് മുന്നിലും ഇന്ന് രാവിലെ പ്രതിഷേധമുണ്ടായിരുന്നു. കൊച്ചി ബിപിസിഎല്ലില്‍ ജോലിക്കെത്തിയവരെ തിരിച്ചയക്കാന്‍ സമരാനുകൂലികള്‍ ശ്രമിച്ചിരുന്നുവെങ്കിലും പൊലീസ് ഇടപെട്ട് ആളുകളെ കയറ്റി വിട്ടു.

അതിനിടെ, സംസ്ഥാനത്ത് ഹർത്താലില്ല പണിമുടക്ക് മാത്രമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. പ്രകോപനമുണ്ടാക്കരുത്. പ്രകോപനം ഉണ്ടായ സ്ഥലങ്ങളിലാണ് സംഘർഷമുണ്ടായത്. വാഹനങ്ങൾ തടയുന്നത് ശരിയല്ല. അത്തരം ശ്രമങ്ങൾ നിരുത്സാഹപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
കോഴിക്കോട് ജില്ലയിൽ പെട്രോൾ പമ്പുകൾ തുറക്കാൻ ജില്ലാ കലക്ടർ ഉത്തരവിട്ടിട്ടുണ്ട്. ആംബുലൻസുകൾക്കും ഇതര അവശ്യ സർവീസ് വാഹനങ്ങൾക്കും ഇന്ധനം നൽകാൻ പെട്രോൾ പമ്പുടമകൾ സഹകരിക്കണം. പെട്രോൾ പമ്പുകൾക്ക് ആവശ്യമായ സുരക്ഷയൊരുക്കാൻ പൊലീസിന് നിർദേശം നൽകി. സംസ്ഥാനത്തെ സ്വകാര്യ സ്കൂളുകൾ തുറന്നു പ്രവർത്തിക്കുമെന്ന് കേരള സെൽഫ് ഫിനാൻസ് സ്കൂൾ മാനേജ്മെന്റ് അസോസിയേഷനും വ്യക്തമാക്കിയിട്ടുണ്ട്. പരീക്ഷ നടക്കാൻ ഇരിക്കുന്ന സാഹചര്യത്തിൽ സ്‌കൂളുകൾ അടച്ചിടാൻ കഴിയില്ലെന്നാണ് നിലപാട്.

കോഴിക്കോട് ജില്ലയിൽ പെട്രോൾ പമ്പുകൾ തുറക്കാൻ ജില്ലാ കലക്ടർ ഉത്തരവിട്ടിരുന്നു. ആംബുലൻസുകൾക്കും ഇതര അവശ്യ സർവീസ് വാഹനങ്ങൾക്കും ഇന്ധനം നൽകാൻ പെട്രോൾ പമ്പുടമകൾ സഹകരിക്കണം. പെട്രോൾ പമ്പുകൾക്ക് ആവശ്യമായ സുരക്ഷയൊരുക്കാൻ പൊലീസിന് നിർദേശം നൽകി. സംസ്ഥാനത്തെ സ്വകാര്യ സ്കൂളുകൾ തുറന്നു പ്രവർത്തിക്കുമെന്ന് കേരള സെൽഫ് ഫിനാൻസ് സ്കൂൾ മാനേജ്മെന്റ് അസോസിയേഷനും വ്യക്തമാക്കുകയുണ്ടായി. പരീക്ഷ നടക്കാൻ ഇരിക്കുന്ന സാഹചര്യത്തിൽ സ്‌കൂളുകൾ അടച്ചിടാൻ കഴിയില്ലെന്നാണ് നിലപാട്.
പണിമുടക്കിന്റെ ആദ്യ ദിനമായ ഇന്നലെ സംസ്ഥാനത്തുടനീളം കട കമ്പോളങ്ങള്‍ ഏറെക്കുറെ പൂർണമായി അടഞ്ഞുകിടന്നിരുന്നു. പലയിടങ്ങളിലും തുറന്ന കടകള്‍ സമരാനുകൂലികള്‍ ബലം പ്രയോഗിച്ച് അടപ്പിച്ചു. അവശ്യ സര്‍വീസുകള്‍ നടത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും കെഎസ്ആടിസി വിരലിലെണ്ണാവുന്ന ട്രിപ്പുകൾ മാത്രമാണ് നടത്തിയത്. സ്വകാര്യവാഹനങ്ങളിലും ടാക്സികളിലം ഓട്ടോകളിലും സഞ്ചരിച്ചവരെ പലയിടത്തും സമരാനുകൂലികൾ തടഞ്ഞു. ചിലയിടങ്ങളിൽ കാര്യങ്ങൾ സംഘർഷത്തിലേക്കും അക്രമത്തിലേക്കും നീങ്ങി.
Also Read: സില്‍വര്‍ ലൈന്‍ സര്‍വേ: നോട്ടിസ് നല്‍കാതെ വീടുകളില്‍ കയറാന്‍ എങ്ങനെ സാധിക്കുമെന്ന് ഹൈക്കോടതി