ന്യൂഡൽഹി: നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ വിവാദ പരാമർശങ്ങളിൽ ദേശീയ വനിത കമ്മിഷൻ ഇടപെടുന്നു. സിനിമ മേഖലയിൽ നിന്നുള്ളവർ തന്നെ ആക്രമിക്കപ്പെട്ട നടിയെ ആക്ഷേപിക്കുന്ന പരാമർശം നടത്തിയ സംഭവത്തിൽ പൊലീസ് നടപടി സംബന്ധിച്ചാണ് വിശദീകരണം തേടുന്നത്.

ഇത് സംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവിക്ക് ദേശീയ വനിത കമ്മിഷൻ കത്തയച്ചു. ചാനലുകളിൽ വിവാദ പരാമർശം നടത്തിയ നിർമ്മാതാവ് സജി നന്ത്യാട്ട്, നടന്മാരായ ദിലീപ്, സലിം കുമാർ, അജു വർഗ്ഗീസ് എന്നിവർക്കെതിരായ പൊലീസ് നടപടി സംബന്ധിച്ചാണ് വിശദീകരണം തേടുന്നത്.

നടിയ്ക്ക് മാനസിക പിരിമുറുക്കം സൃഷ്ടിക്കുന്നതായിരുന്നു സംഭവത്തെ കുറിച്ച് മൂവരും നടത്തിയ പരാമർശങ്ങൾ. ഇതിനെതിരെ വുമൺ ഇൻ സിനിമ കളക്ടീവ് തന്നെ രംഗത്തെത്തുകയും മൂവർക്കുമെതിരെ സംസ്ഥാന വനിത കമ്മിഷനെ സസമീപിക്കുകയും ചെയ്തിരുന്നു.

സംഭവത്തിൽ ബിജെപി നേതാവാ ശോഭ സുരേന്ദ്രനാണ് പരാതിയുമായി ദേശീയ വനിത കമ്മിഷനെ സമീപിച്ചത്. നേരത്തേ സംസ്ഥാന വനിത കമ്മിഷൻ സംഭവത്തിൽ നടൻ ദിലീപിൽ നിന്ന് വിശദീകരണം തേടി നോട്ടീസ് അയച്ചിരുന്നു.

മലയാള സിനിമയിലെ നടിമാരുടെ സംഘടനയായ വുമൺ ഇൻ സിനിമ കളക്ടീവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. വനിത കമ്മിഷൻ അധ്യക്ഷ എം.സി. ജോസഫൈൻ ബെംഗളൂരുവിലാണ് മാധ്യമപ്രവർത്തകരോട് ഇക്കാര്യം വ്യക്തമാക്കിയത്.

അമ്മയുടെ വാർഷിക പൊതുയോഗത്തിന് ശേഷം നടന്ന പത്രസമ്മേളനത്തിൽ എംഎൽഎമാരായ മുകേഷും ഗണേഷ്കുമാറും തെറ്റായ രീതിയിലാണ് സംസാരിച്ചതെന്നും, ജനപ്രതിനിധികൾ സാമൂഹിക പ്രതിബദ്ധത കാട്ടാൻ ബാധ്യസ്ഥരാണെന്നും ജോസഫൈൻ പറഞ്ഞിരുന്നു.

പിന്നാലെ തന്നെ താരങ്ങളുടെ സംഘടനയായ അമ്മയ്ക്ക് എതിരെയും ജോസഫൈൻ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചു. “നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ അമ്മ ഡബിൾ റോൾ കളിക്കുകയാണ്. ഇത് നിർത്തണം. അന്വേഷണം നടൻ ദിലീപിന് അനുകൂലമാക്കാൻ ശ്രമിക്കുന്നത് തെറ്റാണ്” ജോസഫൈൻ കുറ്റപ്പെടുത്തി.

കഴിഞ്ഞ ദിവസമാണ് ആക്രമിക്കപ്പെട്ട നടിയെ അപമാനിക്കാൻ ശ്രമിച്ചവർക്കെതിരെ വുമൺ ഇൻ സിനിമ കളക്ടീവ് രംഗത്ത് വന്നത്. പിന്നീട് നടിയെ ചാനല്‍ ചര്‍ച്ചയ്ക്കിടെ അപമാനിച്ചവര്‍ക്കെതിരെ വുമണ്‍ ഇന്‍ സിനിമ കളക്ടീവ് വനിതാ കമ്മീഷനില്‍ പരാതി നല്‍കി. സ്വന്തം നിലയില്‍ നടിക്ക് പിന്തുണ നല്‍കാന്‍ കഴിയുമെന്ന് അറിയിച്ച സംഘടന ‘അമ്മ’യ്ക്ക് അവരുടേതായ നിലയില്‍ മുന്നോട്ട് പോകാമെന്നും ഫെയ്സ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കിയിരുന്നു.

അമ്മയുടെ ജനറൽ ബോഡി യോഗത്തിൽ നടിയെ ആക്രമിച്ച സംഭവം ചർച്ചയ്ക്കെടുത്തിരുന്നില്ല. ഈ വിഷയം കോടതിയുടെ പരിഗണനയിലുള്ളതാണെന്ന് അറിയാമെങ്കിലും ഈ വിഷയം ഉന്നയിച്ചാൽ മാത്രം ചർച്ച ചെയ്യേണ്ടതല്ലെന്നും വുമൺ ഇൻ സിനിമാ കളക്ടീവ് തങ്ങളുടെ ഫെയ്സ്ബുക്ക് പേജിലൂടെ പറയുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.