കൊച്ചി: ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയെ അപമാനിച്ച എംഎല്‍എ പി.സി.ജോര്‍ജിനെതിരെ നടപടിയുണ്ടാകും. ജോര്‍ജ് നടത്തിയ അധിക്ഷേപ പരാമര്‍ശങ്ങളുടെ പശ്ചാത്തലത്തില്‍ അദ്ദേഹത്തിനെതിരെ നടപടിയെടുക്കുമെന്ന് ദേശീയ വനിതാ കമ്മീഷനും പൊലീസും അറിയിച്ചു.

പി.സി.ജോര്‍ജ് മുഴവന്‍ നിയമസഭാ സാമാജികര്‍ക്കും അപമാനമാണെന്നും അസഭ്യ വര്‍ഷം നടത്തുന്നതില്‍ എംഎല്‍എ മിടുക്കനാണെന്നും ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മ്മ പറഞ്ഞു. പീഡന പരാതി നല്‍കിയ ഇരയെ അപമാനിച്ച എംഎല്‍എയ്‌ക്കെതിരെ നിയമ നപടിയ്ക്ക് ഒരുങ്ങുകയാണെന്നും അവര്‍ വ്യക്തമാക്കി.

പ്രതിഷേധക്കാര്‍ പി.സി.ജോര്‍ജിന്‍റെ കോലം കത്തിക്കുന്നു

അതേസമയം, പി.സി.ജോര്‍ജിന്റെ പ്രസംഗത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ നിർദേശം നല്‍കിയിട്ടുണ്ട്. എംഎല്‍എയ്‌ക്കെതിരെ സ്വമേധയാ കേസെടുക്കാനാകുമോ എന്നാണ് പരിശോധിക്കുന്നത്. ബിഷപ്പിനെതിരായ അന്വേഷണം വേഗത്തിലാക്കാനും നിർദേശം നല്‍കിയിട്ടുണ്ട്.

ഫാദര്‍ അഗസ്റ്റിന്‍ വട്ടോളി സംസാരിക്കുന്നു

കഴിഞ്ഞ ദിവസമായിരുന്നു പരാതിക്കാരിയായ കന്യാസ്ത്രീയേയും സമരം ചെയ്ത കന്യാസ്ത്രീമാരേയും അധിക്ഷേപിക്കുന്ന പ്രസ്താവന പി.സി.ജോര്‍ജ് നടത്തിയത്. 12 തവണ പീഡനത്തിന് ഇരയായിട്ട് 13-ാം തവണ മാത്രം പരാതിപ്പെട്ടതിന് പിന്നില്‍ ദുരൂഹതയുണ്ടെന്നായിരുന്നു ജോര്‍ജിന്റെ പ്രസ്താവന. സമരം നടത്തിയ കന്യാസ്ത്രീമാരേയും അദ്ദേഹം അധിക്ഷേപിച്ചു. ഇതേതുടര്‍ന്ന് കന്യാസ്ത്രീമാര്‍ മാധ്യമങ്ങളെ കാണുന്നതില്‍ നിന്നും പിന്മാറിയിരുന്നു.

പി.സി.ജോർജിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്. അദ്ദേഹത്തിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പേരാണ് രംഗത്തെത്തിയത്. കൊച്ചിയില്‍ പ്രതിഷേധക്കാർ എംഎല്‍എയുടെ കോലം കത്തിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.