വൈക്കം: വിവാദമായ മതംമാറ്റ കേസിലെ പെൺകുട്ടി ഹാദിയ, പിതാവിന്റെ സംരക്ഷണയിൽ പൂർണ്ണ സുരക്ഷിതയാണെന്ന് ദേശീയ വനിത കമ്മിഷൻ ആക്ടിംഗ് അദ്ധ്യക്ഷ രേഖ ശർമ്മ. വൈക്കം ടിവി പുരത്തെ വസതിയിൽ നേരിട്ടെത്തി ഹാദിയയെ കണ്ട ശേഷമാണ് രേഖ ശർമ്മ മാധ്യമങ്ങളോട് ഇതേക്കുറിച്ച് പറഞ്ഞത്.
ഹാദിയയുടെ അച്ഛൻ അശോകനെയും അമ്മയെയും കണ്ട് വിവരങ്ങൾ ചോദിച്ചറിഞ്ഞ ശേഷമാണ് രേഖ ശർമ്മ തൊട്ടടുത്ത വീട്ടിൽ ഹാദിയയെ കാണാനായി പോയത്. ഹാദിയയുടെ ബന്ധുവീടായ ഇവിടെയാണ് അശോകൻ ഹാദിയയെ താമസിപ്പിച്ചിരുന്നത്.
കൂടിക്കാഴ്ചയ്ക്ക് ശേഷം രേഖാ ശർമ്മയെ സമീപിച്ച മാധ്യമപ്രവർത്തകരോടാണ് ഹാദിയ സുരക്ഷിതയാണെന്ന് രേഖാ ശർമ്മ പറഞ്ഞത്. “അശോകന്റെ സംരക്ഷണയിൽ ഹാദിയ പൂർണ്ണ സുരക്ഷിതയാണ്. അവർക്ക് യാതൊരു കുഴപ്പവുമില്ല. ഭയപ്പെടാൻ ഒന്നുമില്ല”, രേഖാ ശർമ്മ പറഞ്ഞു. കൂടിക്കാഴ്ചയ്ക്ക് ശേഷം ഇവർ എറണാകുളത്തേക്ക് പോയി.