ന്യൂഡല്‍ഹി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിലപാട് വ്യക്തമാക്കി ദേശിയ വനിത കമ്മിഷന്‍. റിപ്പോര്‍ട്ട് പുറത്ത് വിടണമെന്ന് ആവശ്യപ്പെട്ട് കമ്മിഷന്‍ അധ്യക്ഷ രേഖ ശര്‍മ ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കി. 15 ദിവസത്തിനകം മറുപടി നല്‍കണമെന്നും പരാതിക്കാര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയില്ലെങ്കില്‍ ഇടപെടുമെന്നും കമ്മിഷന്‍ പറഞ്ഞു.
“റിപ്പോര്‍ട്ട് ഇതുവരെ കമ്മിഷന് ലഭിച്ചിട്ടില്ല. മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് പുറത്തു വിടേണ്ടതായിരുന്നു. നടപടി സ്വീകരിച്ചില്ലെങ്കില്‍ സംസ്ഥാനത്തേക്ക് അന്വേഷണം സംഘത്തെ അയക്കും. വിമന്‍ ഇന്‍ സിനിമ കളക്ടീവ് നിരന്തരം പരാതിപ്പെടുകയാണ്. സിനിമാ മേഖലയില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ഏറെ നാളായുണ്ട്,” രേഖ കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഹേമകമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാൻ കഴിയില്ലെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. ജസ്റ്റിസ് ഹേമ തന്നെ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. റിപ്പോർട്ട് പുറത്തുവിടണമെന്ന് വാശിപിടിക്കുന്നത് എന്തിനാണെന്നും മന്ത്രി ചോദിച്ചു. സിനിമാ മേഖലയിലെ പ്രശ്‌നപരിഹാരത്തിന് മുഖ്യമന്ത്രി നിർദേശം നൽകിയിട്ടുണ്ടെന്നും ഈ മാസം നാലാം തീയതി നടത്തുന്ന ചർച്ചയിൽ ഡബ്ള്യൂസിസി അംഗങ്ങളെ ക്ഷണിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം ഇന്ത്യൻ എക്സ്പ്രസിന്റെ ‘ഐഡിയ എക്സ്ചേഞ്ച്’ എന്ന അഭിമുഖ പരിപാടിയിലാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തിവിടരുതെന്ന് ഡബ്ള്യൂസിസി ആവശ്യപ്പെട്ടെന്ന് മന്ത്രി പി.രാജീവ് പറഞ്ഞത്. ഡബ്ള്യൂസിസി പ്രതിനിധികളുമായി താൻ കൂടിക്കാഴ്ച നടത്തിയപ്പോഴാണ് ഈ കാര്യം പറഞ്ഞതെന്നും നിയമപരമായി റിപ്പോർട്ട് പ്രസിദ്ധീകരിക്കേണ്ട ബാധ്യത സർക്കാരിന് ഇല്ലെന്നും പറഞ്ഞു. സമിതിയുടെ നിർദേശങ്ങൾ സ്വീകരിക്കുകയും അത് നിയമവകുപ്പ് പരിശോധിക്കുകയും സാംസ്‌കാരിക വകുപ്പിന് കൈമാറിയതായും അദ്ദേഹം വ്യക്തമാക്കി.