കൊച്ചി: രാജ്യത്ത് സംയുക്ത ട്രേഡ് യൂണിയന്റെ ആഭിമുഖ്യത്തിലുള്ള ദേശീയ പണിമുടക്ക് ആരംഭിച്ചു. ബുധനാഴ്ച അർധരാത്രി മുതൽ വ്യാഴാഴ്ച അർധരാത്രി വരെയാണ് പണിമുടക്ക്. പത്ത് ദേശീയ സംഘടനകൾക്കൊപ്പം സംസ്ഥാനത്തെ 13 തൊഴിലാളി സംഘടനകളും പണിമുടക്കിൽ അണിചേരുന്നുണ്ട്. സംസ്ഥാനത്ത് ഒന്നര കോടിയിലേറെ ജനങ്ങൾ പങ്കാളികളാകുമെന്ന് സംയുക്ത സമരസമിതി അറിയിച്ചു. കേന്ദ്ര സര്‍ക്കാരിന്‍റെ തൊഴിലാളി-കര്‍ഷക വിരുദ്ധ നയങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം.

കേരളത്തില്‍ ഒരു കോടി അറുപത് ലക്ഷം പേര്‍ പണിമുടക്കില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷയെന്ന് ട്രേഡ് യൂണിയന്‍ നേതാക്കള്‍ അറിയിച്ചു. ഐന്‍ടിയുസി, എഐടിയുസി, ഹിന്ദ് മസ്ദൂര്‍ സഭ, സിഐടിയു, ഓള്‍ ഇന്ത്യ യുണൈറ്റഡ് ട്രേഡ് യൂണിയന്‍ സെന്റര്‍, ട്രേഡ് യൂണിയന്‍ കോര്‍ഡിനേഷന്‍ സെന്റര്‍, സെല്‍ഫ് എംപ്ലോയ്ഡ് വിമിന്‍സ് അസോസിയേഷന്‍, ഓള്‍ ഇന്ത്യ സെന്‍ട്രല്‍ കൗണ്‍സില്‍ ഓഫ് ട്രേഡ് യൂണിയന്‍സ്, ലേബര്‍ പ്രോഗ്രസീവ് ഫെഡറേഷന്‍ എന്നീ സംഘടനകള്‍ ചേര്‍ന്നാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

അതേസമയം, ദേശീയ പണിമുടക്കു ദിവസം കടകൾ തുറക്കണോ എന്ന കാര്യത്തിൽ ഓരോ പ്രദേശത്തെയും യൂണിറ്റുകൾക്കു തീരുമാനം എടുക്കാമെന്നു കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി.നസിറുദ്ദീൻ പറഞ്ഞു. ഹർത്താലിന് വ്യാപാരി വ്യവസായി ഏകോപന സമിതി എതിരാണ്. എന്നാൽ ഈ ദേശീയ പണിമുടക്കിൽ രാജ്യം മൊത്തം നിശ്ചലമാകുമെന്നാണു കരുതുന്നത്. ഈ സാഹചര്യത്തിലാണ് തീരുമാനം.

വ്യാപാരമേഖലയിലെ തൊഴിലാളികളും പണിമുടക്കിൽ അണിചേരുന്നതിനാൽ കടകമ്പോളങ്ങൾ അടഞ്ഞുകിടക്കും. ബാങ്ക് ജീവനക്കാരും പണിമുടക്കിൽ പങ്കെടുക്കുമെന്ന് ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ അറിയിച്ചിട്ടുണ്ട്. കെഎസ്ആർടിസി, ബിഎസ്എൻഎൽ, ജീവനക്കാരും പണിമുടക്കിൽ പങ്കെടുക്കും.

ടൂറിസം മേഖല, പാൽ പത്ര വിതരണം, ആശുപത്രി എന്നിവയെ പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമീഷൻ ഓഫിസുകളുടെ പ്രവർത്തനങ്ങളെയും ഉദ്യോഗസ്ഥരുടെ അവശ്യ യാത്രകളെയും ബാധിക്കില്ല.

കെഎസ്ആര്‍ടിസി സാധാരണഗതിയില്‍ സര്‍വീസ് നടത്താനാണ് ഉദ്ദേശ്യമെന്നും
യാത്രക്കാരുടെയും ജീവനക്കാരുടെയും എണ്ണത്തില്‍ കുറവുണ്ടായാല്‍ അതിനനുസരിച്ച് തീരുമാനമെടുക്കുമെന്നും എറണാകുളം ഡിടിഒ വിഎം താജുദ്ദീന്‍ പറഞ്ഞു. കൊച്ചി മെട്രോ സര്‍വീസുകളില്‍ മാറ്റമില്ല. അതേസമയം, വിവിധ യൂണിവേഴ്സിറ്റികൾ നാളത്തെ പരീക്ഷകൾ മാറ്റിവച്ചു.

പണിമുടക്കിന് മുന്നോടിയായി ചൊവ്വാഴ്ച അസംഘടിത മേഖലയിലെ തൊഴിലാളികള്‍ തൊഴിലിടങ്ങളില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. ബുധനാഴ്ച വൈകീട്ട് തൊഴില്‍ കേന്ദ്രങ്ങളില്‍ പന്തംകൊളഉത്തി പ്രകടനങ്ങളുണ്ടാകും. പണിമുടക്ക് ദിവസം തൊഴിലാളികള്‍ എല്ലാ ജില്ലകളിലും പ്രധാനയിടങ്ങളില്‍ കേന്ദ്രീകരിക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.