തിരുവനന്തപുരം: വയനാട് സ്വദേശിയായ ആദിവാസി യുവാവിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി പരിസരത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദേശീയ പട്ടികവര്‍ഗ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. സംഭവത്തില്‍ കമ്മിഷന്‍ ചെയര്‍മാന്‍ ഹര്‍ഷ് ചൗഹാന്‍ ഡിജിപി അനില്‍ കാന്തിനോടും കോഴിക്കോട് ജില്ല കലക്ടറോടും സിറ്റി പൊലീസ് കമ്മീഷണറോടും റിപ്പോര്‍ട്ട് തേടി. മൂന്നു ദിവസത്തിനകം മറുപടി നല്‍കാനാണ് നിര്‍ദേശം. യുവമോര്‍ച്ച ദേശീയ സെക്രട്ടറി പി. ശ്യാംരാജ്, എസ്സി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോന്‍ വട്ടേക്കാട് തുടങ്ങിയവര്‍ വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ചെയര്‍മാന് പരാതി നല്‍കിയിരുന്നു.
വിശ്വനാഥന്റെ മരണത്തില്‍ പൊലീസിന്റെ റിപ്പോര്‍ട്ട് പട്ടികജാതി-പട്ടിക വര്‍ഗ കമ്മീഷന്‍ തള്ളി. നാലു ദിവസത്തിനകം പുതിയ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്മീഷന്‍ ചെയര്‍മാന്‍ ബി.എസ്.മാവോജി നിര്‍ദേശം നല്‍കി. സാധാരണ കേസായിട്ടാണോ ഇത് കണ്ടതെന്ന് ചെയര്‍മാന്‍ ചോദിച്ചു. പട്ടികജാതി-പട്ടിക വര്‍ഗ അതിക്രമ നിയമപ്രകാരമുള്ള കേസെടുക്കാന്‍ കമ്മീഷന്‍ നിര്‍ദേശിച്ചു. അസ്വാഭാവിക മരണത്തിനു മാത്രം കേസെടുത്തത് ശരിയല്ല. വെറുതെ ഒരാള്‍ പോയി തൂങ്ങി മരിച്ചു എന്നാണോ നിങ്ങള്‍ പറയുന്നതെന്ന് കമ്മീഷന്‍ പൊലീസിനോട് ചോദിച്ചു.
സംഭവത്തില്‍ പൊലീസിനെ കമ്മിഷന്‍ രൂക്ഷമായി വിമര്‍ശിച്ചു. പട്ടികജാതി പട്ടിക വര്‍ഗ നിരോധന നിയമപ്രകാരം കേസെടുത്ത് നാലുദിവസത്തിനകം പ്രാഥമിക അന്വേഷണം നടത്തി പുതിയ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മെഡിക്കല്‍ കോളജ് എസിപി കെ. സുദര്‍ശനോട് കമ്മിഷന്‍ ചെയര്‍മാന്‍ ബി.എസ്. മാവോജി ആവശ്യപ്പെട്ടു.
18 വര്‍ഷത്തിനു ശേഷം ഒരു കുട്ടി ജനിച്ച സമയത്താണ് വിശ്വനാഥ് ജീവനൊടുക്കിയത്. വിശ്വനാഥിന് സഹിക്കാന്‍ കഴിയാത്ത എന്തോ സംഭവിച്ചിട്ടുണ്ട്. ഇതിനു പിന്നിലെ കാരണം എന്താണെന്ന് അന്വേഷിക്കാന്‍ പൊലീസിന് ചുമതലയില്ലേയെന്നും ചെയര്‍മാന്‍ ചോദിച്ചു. എക്‌സ്. മജിസ്‌ട്രേറ്റ് ഇന്‍ക്വസ്റ്റ് നടത്താത്തത് വീഴ്ച്ചയായി കമ്മിഷന്‍ ചൂണ്ടിക്കാട്ടി. കറുത്ത നിറമുള്ള ആളുകളെ കാണുമ്പോഴുള്ള മനോഭാവം മാറണം. ഇല്ലാത്ത കുറ്റം ആരോപിച്ച് ആളുകള്‍ പീഡിപ്പിച്ചിട്ടുണ്ടാകാം. വിശ്വനാഥന് സഹിക്കാന്‍ കഴിയാത്തതെന്തോ സംഭവിച്ചിട്ടുണ്ട്. അതിന്റെ മനോവിഷമത്തിലാകാം വിശ്വനാഥന്‍ ജീവനൊടുക്കിയതെന്ന് കമ്മിഷന്‍ പറഞ്ഞു.
വിശ്വനാഥനെ ആളുകള്‍ മര്‍ദിച്ചു കൊലപ്പെടുത്തിയതാണെന്നാണ് വീട്ടുകാര്‍ ആരോപിക്കുന്നത്. മോഷണക്കുറ്റം ആരോപിച്ച് സുരക്ഷാ ജീവനക്കാര്‍ വിശ്വനാഥനെ ചോദ്യം ചെയ്തിരുന്നു. ഇതില്‍ വിശ്വനാഥന്‍ കടുത്ത മാനസിക വിഷമത്തിലായിരുന്നുവെന്ന് വിശ്വനാഥന്റെ ഭാര്യാ മാതാവ് ആരോപിച്ചിരുന്നു.