മൂന്നാർ: മഞ്ഞിന്റെ കരുത്തില്‍ ദേശീയ പണിമുടക്കു പോലും ബാധിക്കാതെ മൂന്നാറിലെ ടൂറിസം മേഖല. മൂന്നാറിനെ വിറപ്പിച്ച പ്രളയത്തിനു ശേഷമുണ്ടായ ഏറ്റവും കനത്ത തിരക്കാണ് ചൊവ്വാഴ്ചയും ബുധനാഴ്ചയും മൂന്നാറില്‍ അനുഭവപ്പെട്ടത്. സംസ്ഥാനത്തിന്റെ മിക്കഭാഗങ്ങളും പണിമുടക്കില്‍ നിശ്ചലമായപ്പോള്‍ സന്ദര്‍ശകബാഹുല്യത്തെ തുടര്‍ന്ന് മണിക്കൂറുകള്‍ നീണ്ട ഗതാഗതക്കുരുക്കാണ് രണ്ടു ദിവസങ്ങളിലും മൂന്നാര്‍ ടൗണ്‍, മാട്ടുപ്പെട്ടി റോഡ്, എക്കോ പോയിന്റ്, പഴയമൂന്നാര്‍, രാജമല അഞ്ചാം മൈല്‍ എന്നിവിടങ്ങളില്‍ അനുഭവപ്പെട്ടത്.

പണിമുടക്കായതോടെ മഞ്ഞുവീഴ്ച കാണാന്‍ മലയാളികള്‍ ഉള്‍പ്പടെയുള്ള സഞ്ചാരികള്‍ കൂട്ടത്തോടെ മൂന്നാറിലേക്കു വച്ചുപിടിച്ചതാണ് വന്‍തോതിലുള്ള തിരക്ക് അനുഭവപ്പെടാന്‍ കാരണമായത്. അതേസമയം, കഴിഞ്ഞ ഒന്‍പതു ദിവസമായി തുടരുന്ന മഞ്ഞുവീഴ്ചയും തണുപ്പും മൂന്നാര്‍ ഉള്‍പ്പടെയുള്ള ഇടുക്കി ജില്ലയിലെ ടൂറിസം മേഖലകളുടെ തിരിച്ചുവരവിനു വേഗം കൂട്ടിയിട്ടുണ്ടെന്ന് ടൂറിസം രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു.

മൂന്നാറില്‍ മഞ്ഞുകാലം ആസ്വദിക്കാനെത്തിയവര്‍

കഴിഞ്ഞ ആറുമാസത്തിനിടയില്‍ ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും ഏറ്റവും കൂടുതല്‍ ബുക്കിങ് ലഭിച്ചത് ചൊവ്വാഴ്ചയായിരുന്നുവെന്ന് മൂന്നാര്‍ ഹോട്ടല്‍ ആന്റ് റസ്റ്ററന്റ് അസോസിയേഷന്‍ പ്രസിഡന്റ് വി.വി.ജോര്‍ജ് പറയുന്നു. പണിമുടക്ക് ടൂറിസം മേഖലയെ ബാധിക്കുമെന്നു ഭയന്നിരുന്നുവെങ്കിലും മൂന്നാറിനെ ബാധിച്ചില്ല. എല്ലാ സ്ഥാപനങ്ങളും തുറന്നതും വാഹനങ്ങള്‍ സർവ്വീസ് നടത്തിയതും സഞ്ചാരികളുടെ പ്രവാഹം വര്‍ധിപ്പിച്ചു. മഞ്ഞുവീഴ്ചയും തണുപ്പും തുടരുന്നതിനാല്‍ സഞ്ചാരികളുടെ പ്രവാഹം വരുംദിവസങ്ങളിലും തുടരുമെന്നാണ് പ്രതീക്ഷ, ജോര്‍ജ് പറയുന്നു.

മൂന്നാറില്‍ മഞ്ഞുവീണ പുല്‍ത്തകിടികള്‍

അതേസമയം തുടര്‍ച്ചയായ ഒമ്പതാം ദിവസവും മൂന്നാറില്‍ തണുത്ത കാലാവസ്ഥയും മഞ്ഞുവീഴ്ചയും തുടരുകയാണ്. മൂന്നാറിനു സമീപമുള്ള ചെണ്ടുവര, ചിറ്റുവര, തെന്മല എന്നിവിടങ്ങളില്‍ ബുധനാഴ്ച താപനില മൈനസ് രണ്ട് ഡിഗ്രി രേഖപ്പെടുത്തിയപ്പോള്‍ മൂന്നാര്‍ ടൗണ്‍, നല്ല തണ്ണി, കന്നിമല, പെരിയവര എന്നിവിടങ്ങളിലെ താപനില പൂജ്യം ഡിഗ്രിയായിരുന്നു. വളരെ കുറഞ്ഞ താപനില തുടരുന്നതിനാല്‍ മൂന്നാറിനു സമീപമുള്ള കുന്നുകളും മൈതാനങ്ങളും മഞ്ഞുപുതച്ചനിലയിലാണ് കാണപ്പെടുന്നത്. ഇതിനിടെ പത്തുവര്‍ഷത്തിനു ശേഷം ഏറ്റവും കുറഞ്ഞ താപനിലയായ മൈനസ് നാലു ഡിഗ്രി മൂന്നാറിനു സമീപമുള്ള ചെണ്ടുവരയില്‍ തിങ്കളാഴ്ച പുലര്‍ച്ചെ രേഖപ്പെടുത്തി. 2009 ജനുവരി ഒന്നിനു മൂന്നാറിനു സമീപമുള്ള സെവന്‍വാലിയിലായിരുന്നു ഇതിനു മുന്‍പ് മൈനസ് നാലു ഡിഗ്രി തണുപ്പു രേഖപ്പെടുത്തിയത്.

മൂന്നാറില്‍ മഞ്ഞുവീണ പുല്‍ത്തകിടികള്‍

മൂന്നാറില്‍ തുടരുന്ന തണുപ്പും മഞ്ഞുവീഴ്ചയും ടൂറിസം മേഖലയ്ക്ക് ഉണര്‍വു നല്‍കിയിട്ടുണ്ടെന്ന് ഇടുക്കി ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ സെക്രട്ടറി ജയന്‍ പി.വിജയന്‍ പറയുന്നു. ക്രിസ്മസിനും പുതുവത്സരത്തിനും ഇടുക്കി ജില്ലയിലെ വിവിധ ടൂറിസം കേന്ദ്രങ്ങളില്‍ വന്‍തോതില്‍ സഞ്ചാരികളെത്തിയിരുന്നു. ഇതിനു പിന്നാലെ മൂന്നാറിലെ മഞ്ഞുവീഴ്ചയും കൂടിയായതോടെ ടൂറിസം മേഖലയ്ക്കു ശക്തമായ ഉണര്‍വുണ്ടായിരുന്നു. മൂന്നാര്‍ ഉള്‍പ്പടെയുള്ള ഇടുക്കിയിലെ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കു സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ഉത്സവം എന്നപേരില്‍ മൂന്നാറില്‍ നാടന്‍ കലാമേള നടത്തും. സ്‌പോണ്‍സര്‍മാരുടെ സഹായത്തോടെയായിരിക്കും ഇതു നടപ്പാക്കുക, ജയന്‍ പി.വിജയന്‍ പറഞ്ഞു.

മൂന്നാറില്‍ മഞ്ഞുവീണ പുല്‍ത്തകിടികള്‍

ക്രിസ്മസ് മുതല്‍ മികച്ച രീതിയിലുള്ള ബുക്കിങ് ലഭിക്കുന്നുണ്ടെന്ന് മൂന്നാറില്‍ റെഡ് സ്പാരോസ് റിസോര്‍ട്ടു നടത്തുന്ന അനീഷ് പി.വര്‍ഗീസ് പറയുന്നു. തണുപ്പുകാലം വന്നതോടെ കൂടുതല്‍ ബുക്കിങ്ങുകള്‍ ലഭിക്കുന്നുണ്ട്. ഇതേ സാഹചര്യം വരുംനാളുകളിലും തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്, അനീഷ് പറയുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.