/indian-express-malayalam/media/media_files/uploads/2019/01/IMG-sbi.jpg)
ഫൊട്ടോ: നിതിൻ
തിരുവനന്തപുരം: ദേശീയ പണിമുടക്കിന്റെ രണ്ടാം ദിവസം തിരുവനന്തപുരത്ത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നിൽ സർക്കാർ ജീവനക്കാരെന്ന് സംശയം. ബാങ്കിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ആക്രമണം നടത്തിയവർ സർക്കാർ ജീവനക്കാരാണെന്ന് പൊലീസിന് സംശയം തോന്നിയത്.
സംസ്ഥാന സർക്കാരിന് കീഴിലെ രജിസ്ട്രേഷൻ - ജിഎസ്ടി വകുപ്പിലെ ഉദ്യോഗസ്ഥരാണ് ബാങ്ക് ആക്രമിച്ചതെന്നാണ് വിവരം. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ബ്രാഞ്ചിലെ ജീവനക്കാരനും കൃത്യത്തിൽ പങ്കെടുത്തതായി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായതായാണ് പൊലീസ് നൽകുന്ന സൂചന.
ഇന്ന് രാവിലെയാണ് തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് സമീപത്തെ എസ്ബിഐ ബ്രാഞ്ചിന് നേരെ പണിമുടക്ക് അനുകൂലികൾ ആക്രമണം നടത്തിയത്. ബാങ്കിനകത്ത്, മാനേജറുടെ മുറിയിലെ കമ്പ്യൂട്ടറും ഫോണും ഇവർ അടിച്ചുതകർത്തിരുന്നു. സംഭവത്തിൽ ബാങ്ക് മാനേജർ കന്റോൺമെന്റ് പൊലീസിന് പരാതി നൽകി. പ്രകോപനമില്ലാതെ സമരക്കാർ ബാങ്കിനകത്തേക്ക് ഇടിച്ച് കയറുകയും ആക്രമണം നടത്തുകയും ചെയ്തെന്നാണ് പരാതിയിൽ ആരോപിക്കുന്നത്. ജീവനക്കാരെ സമരക്കാർ ഭീഷണിപ്പെടുത്തിയെന്നും മാനേജർ പറഞ്ഞു.
അതേസമയം , പൊതുപണിമുടക്ക് അക്രമത്തിനു വേണ്ടിയുള്ളതല്ലെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഈ സംഭവത്തോട് പ്രതികരിച്ചത്. പണിമുടക്ക് ജീവിക്കാൻ വേണ്ടിയുള്ളതാണെന്നും അക്രമം അനുവദിക്കില്ലെന്നും പറഞ്ഞ കോടിയേരി, ട്രേഡ് യൂണിയൻ സംഘടനകൾ പുതിയ സമര സംസ്കാരം കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us