തിരുവനന്തപുരം: പൊതുപണിമുടക്ക് അക്രമത്തിനു വേണ്ടിയുള്ളതല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പണിമുടക്ക് ജീവിക്കാൻ വേണ്ടിയുള്ളതാണ്. പണിമുടക്കിൽ ഒരു തരത്തിലുമുള്ള അക്രമം അനുവദിക്കില്ല. ട്രേഡ് യൂണിയൻ സംഘടനകൾ പുതിയ സമര സംസ്കാരം കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തൊഴിലാളി വർഗ്ഗത്തിന് ഗത്യന്തരമില്ലാതെ വരുമ്പോഴാണ് പൊതുപണിമുടക്ക് നടത്തുന്നത്. മിന്നൽ പണിമുടക്കല്ല തൊഴിലാളി വർഗ്ഗം നടത്തുന്നത്. ഹൈക്കോടതി പറഞ്ഞത് 7 ദിവസം മുൻപ് നോട്ടീസ് കൊടുക്കണമെന്നാണ്. ഈ പണിമുടക്ക് മൂന്നുമാസം മുൻപ് പ്രഖ്യാപിച്ചതാണ്. മിന്നൽ പണിമുടക്കുകളും മിന്നൽ ഹർത്താലുകളും പൂർണമായും ഒഴിവാക്കണം.

ഒറ്റപ്പെട്ട അക്രമ സംഭവങ്ങൾ ഒഴിച്ചാൽ പണിമുടക്ക് പൂർണ വിജയത്തിലേക്കാണ് പോകുന്നത്. മഹാഭൂരിപക്ഷം കടകളും അടച്ചിട്ടുണ്ട്. അവർ സ്വമേധയാ കടയടച്ച് സമരത്തിൽ പങ്കുചേർന്നതാണ്. എത്ര പേർ ആക്രമിക്കപ്പെട്ടുവെന്നോ, എത്ര അക്രമ സംഭവങ്ങളുണ്ടായെന്നോ കണക്കാക്കിയല്ല സമരത്തിന്റെ വിജയം അളക്കേണ്ടത്. എത്ര പേർ പണിമുടക്കിൽ പങ്കാളികളായി എന്നതിനെ ആശ്രയിച്ചാണെന്നും അദ്ദേഹം പറഞ്ഞു. സംയുക്ത ട്രേഡ് യൂണിയന്‍ സമിതി തിരുവനന്തപുരത്ത് സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തിരുവനന്തപുരത്ത് എസ്ബിഐ ട്രഷറി ബ്രാഞ്ചിനുനേരെയുണ്ടായ ആക്രമണത്തെ കോടിയേരി അപലപിച്ചു. സംഭവത്തെക്കുറിച്ച് പരിശോധന നടത്തുമെന്നും അതിനുശേഷം നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സെക്രട്ടറിയേറ്റിനു സമീപത്തെ എസ്ബിഐ ട്രഷറി ബ്രാഞ്ചിന് നേരെയാണ് സമരക്കാർ അക്രമം നടത്തിയത്. മാനേജരുടെ ക്യാബിനിൽ അതിക്രമിച്ച് കയറിയ സമരക്കാർ ഉപകരണങ്ങൾ തകർത്തു. ഇന്നു രാവിലെ 10.30 ഓടെയായിരുന്നു സംഭവം.

അതേസമയം, പൊതുപണിമുടക്ക് രണ്ടാം ദിവസത്തിലേക്ക് കടന്നതോടെ ഇന്നും ജനം വലയുകയാണ്. ശബരിമല ഒഴികെ കെഎസ്ആർടിസി ഇന്നു മറ്റു സർവ്വീസുകൾ നടത്തുന്നില്ല. സ്വകാര്യ ബസ്സുകളും സർവ്വീസ് നടത്തുന്നില്ല. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ഇന്നും ട്രെയിനുകൾ തടഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.