തിരുവനന്തപുരം: ദേശീയ പണിമുടക്ക് ദിനത്തിൽ തിരുവനന്തപുരം എസ്ബിഐ ട്രഷറി ബ്രാഞ്ചില്‍ അക്രമം നടത്തിയ എട്ട് പ്രതികളുടെയും ജാമ്യപേക്ഷ കോടതി തള്ളി. എൻ ജി ഒ നേതാക്കളുൾപ്പടെയുള്ളവരുടെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്. അക്രമം അതീവ ഗുരുതരമാണെന്ന് പറഞ്ഞ കോടതി, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഇങ്ങനെ ചെയ്താല്‍ തെറ്റായ സന്ദേശം നല്‍കുമെന്നും നിരീക്ഷിച്ചു.

പിഴ അടയ്ക്കാമെന്ന ഉദ്യോഗസ്ഥരുടെ വാദം കോടതി തള്ളി. ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥരില്‍ നിന്ന് ഇത്തരം നടപടികൾ ഉണ്ടാകാന്‍ പാടില്ലായെന്നും കോടതി പറഞ്ഞു. നേരത്തെ ജനുവരി 18നും ഇവരുടെ ജാമ്യ ഹർജി കോടതി തള്ളിയിരുന്നു.

ജില്ലാ ട്രഷറി ഓഫിസിലെ ക്ലാര്‍ക്കും യൂണിയന്‍ തൈക്കാട് ഏരിയ സെക്രട്ടറിയുമായ എ. അശോകന്‍, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിലെ ഓഫിസ് അറ്റന്‍ഡന്റും യൂണിയന്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ ടി.വി ഹരിലാല്‍, എന്‍ജിഒ യൂണിയന്‍ സംസ്ഥാന കമ്മിറ്റി അംഗം സുരേഷ് ബാബു, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് അനില്‍ കുമാര്‍, യൂണിയന്‍ പ്രവര്‍ത്തകരായ സുരേഷ്, വിനുകുമാര്‍, ബിജുരാജ്, ശ്രീവത്സന്‍ എന്നിവരാണ് അറസ്റ്റിലായത്.

ദേശീയ പണിമുടക്കിന്റെ രണ്ടാം ദിവസംമാണ് തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് സമീപത്തെ എസ്ബിഐ ബ്രാഞ്ചിന് നേരെ പണിമുടക്ക് അനുകൂലികൾ ആക്രമണം നടത്തിയത്. ബാങ്കിനകത്ത്, മാനേജറുടെ മുറിയിലെ കമ്പ്യൂട്ടറും ഫോണും ഇവർ അടിച്ചുതകർത്തിരുന്നു. സംഭവത്തിൽ ബാങ്ക് മാനേജർ കന്റോൺമെന്റ് പൊലീസിന് പരാതി നൽകി.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ