തിരുവനന്തപുരം: സംസ്ഥാനത്തെ ആരോഗ്യ മേഖലക്ക് പുതിയൊരു നേട്ടം കൂടി. രാജ്യത്തെ ഏറ്റവും മികച്ച പ്രാഥമികാരോഗ്യ കേന്ദ്രത്തിനുള്ള ബഹുമതി കാസര്‍കോട് ജില്ലയിലെ കയ്യൂര്‍ കുടുംബാരോഗ്യ കേന്ദ്രം സ്വന്തമാക്കി. കേരളത്തില്‍ നിന്ന് ഏഴ് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ് (എന്‍ക്യുഎഎസ്, NQAS) സര്‍ട്ടിഫിക്കറ്റ് ലഭിച്ചതായി ആരോഗ്യമന്ത്രി കെ.കെ.ശൈലജ അറിയിച്ചു. ആര്‍ദ്രം പദ്ധതിയുടെ കീഴില്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളായവയാണ് ഇതെല്ലാം. എന്‍ക്യുഎഎസ് ടെസ്റ്റില്‍ 99 ശതമാനം മാര്‍ക്ക് നേടിയാണ് കയ്യൂര്‍ കുടുംബാരോഗ്യകേന്ദ്രം രാജ്യത്ത് ഒന്നാം സ്ഥാനം സ്വന്തമാക്കിയത്.
Read More: ‘കേരളം ഇന്ത്യയുടെ പവര്‍ ഹൗസ്’ എന്ന് രാഷ്ട്രപതി: ‘ആരോഗ്യ-വിദ്യാഭ്യാസ മേഖലകളും മാതൃകം’
വളപട്ടണം കുടുംബാരോഗ്യ കേന്ദ്രം(കണ്ണൂര്‍), വലിയപറമ്പ് കുടുംബാരോഗ്യ കേന്ദ്രം (കാസർകോട്) എന്നിവ 97 ശതമാനം മാര്‍ക്കും കരിന്തളം കുടുംബാരോഗ്യ കേന്ദ്രം (കാസർകോട്) 96 ശതമാനം മാര്‍ക്കും തേര്‍ത്തല്ലി കുടുംബാരോഗ്യ കേന്ദ്രം (കണ്ണൂര്‍) 95 ശതമാനം മാര്‍ക്കും ചെമ്മരുതി കുടുംബാരോഗ്യ കേന്ദ്രം (തിരുവനന്തപുരം) 88 ശതമാനം മാര്‍ക്കും പെരുവമ്പ് കുടുംബാരോഗ്യകേന്ദ്രം (പാലക്കാട്) 81 ശതമാനം മാര്‍ക്കും നേടിയാണ് പട്ടികയിൽ ഇടം പിടിച്ചത്.