ന്യൂഡല്‍ഹി: തിരുവനന്തപുരം എയര്‍പോര്‍ട്ട് വഴി ഡിപ്ലോമാറ്റിക് ചാനലിലൂടെ സ്വര്‍ണം കടത്താന്‍ ശ്രമിച്ച കേസ് അന്വേഷണം എന്‍ഐഎക്ക്. ആസൂത്രിത കള്ളക്കടത്ത് ദേശീയ സുരക്ഷയെ ഗുരുതരമായി ബാധിക്കാന്‍ സാധ്യതയുള്ളതിനാല്‍ എന്‍ഐഎയെ അന്വേഷണം ഏല്‍പ്പിക്കുന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Read Also: മാറി നിൽക്കുന്നത് ഭയം കൊണ്ട്, തെറ്റ് ചെയ്തിട്ടല്ല; താനും കുടുംബവും ആത്മഹത്യയുടെ വക്കിലെന്ന് സ്വപ്ന
യുഎഇയുടെ കോണ്‍സുലേറ്റിലേക്ക് വന്ന ബാഗിലാണ് കസ്റ്റംസ് ഞായറാഴ്ച്ച 15 കോടി രൂപയുടെ സ്വര്‍ണം കണ്ടെത്തിയത്. കേസില്‍ സരിത്ത് എന്ന മുന്‍ കോണ്‍സുലേറ്റ് പിആര്‍ഒയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കേസിലെ മുഖ്യ ആസൂത്രക എന്ന് കസ്റ്റംസ് ആരോപിക്കുന്ന കോണ്‍സുലേറ്റില്‍ മുമ്പ് എക്സിക്യൂട്ടീവ് സെക്രട്ടറിയായിരുന്ന സ്വപ്ന സുരേഷ് ഒളിവിലാണ്. 30 കിലോഗ്രാം സ്വര്‍ണമാണ് ഡിപ്ലോമാറ്റിക് കാര്‍ഗോയില്‍ നിന്നും പിടികൂടിയത്. കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിയിരുന്നു.
അതേസമയം, സ്വപ്ന സുരേഷിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ നാളെ ഹൈക്കോടതി പരിഗണിക്കും. ജസ്റ്റിസ് അശോക് മേനോന്റെ ബഞ്ച് വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ഹര്‍ജി പരിഗണിക്കുന്നത്.
ബുധനാഴ്ച്ചയാണ് സ്വപ്ന കോടതിയില്‍ മുന്‍കൂര്‍ ജാമ്യം തേടി ഹര്‍ജി സമര്‍പ്പിച്ചത്. യുഎഇ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥന് പറഞ്ഞത് അനുസരിച്ചാണ് വിമാനത്താവളത്തിലെത്തിയ സ്വര്‍ണമടങ്ങിയ ബാഗ് വിടുതല്‍ ചെയ്യാന്‍ ഇടപെട്ടതെന്ന് സ്വപ്ന ഹര്‍ജിയില്‍ പറഞ്ഞിരുന്നു.
തനിക്ക് സ്വര്‍ണക്കടത്തില്‍ പങ്കില്ലെന്നും താന്‍ ആത്മഹത്യയുടെ വക്കിലാണെന്നും പറയുന്ന ഓഡിയോ സന്ദേശം സ്വപ്ന പുറത്ത് വിട്ടിരുന്നു.
സ്വര്‍ണക്കടത്ത് കേസ് ഇപ്പോള്‍ കേരളത്തിലെ രാഷ്ട്രീയ വിവാദമായി മാറിക്കഴിഞ്ഞിരിക്കുന്നു. മുന്‍കോണ്‍സുലേറ്റ് ജീവനക്കാരിയായ സ്വപ്ന ഐടി വകുപ്പിലെ ഒരു പദ്ധതിയിലെ കരാര്‍ ജീവനക്കാരിയായിരുന്നത് വകുപ്പിനേയും മുന്‍ഐടി സെക്രട്ടറി ശിവശങ്കരനേയും മുഖ്യമന്ത്രി പിണറായി വിജയനേയും വിവാദത്തില്‍ ചാടിച്ചു. പ്രതിപക്ഷ പാര്‍ട്ടികള്‍ രൂക്ഷമായ ആക്രമണമാണ് മുഖ്യമന്ത്രിക്കെതിരെ നടത്തുന്നത്.
Read Also: മാര്‍ച്ച് 25-ന് ശേഷം ആത്മഹത്യ ചെയ്തത് 66 കുട്ടികള്‍; രക്ഷിതാക്കളെ ഉപദേശിച്ച് മുഖ്യമന്ത്രി
സ്വര്‍ണം പിടിച്ചപ്പോള്‍ വിട്ടയ്ക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും ഫോണ്‍ വിളിയെത്തിയെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന് ആരോപിച്ചു. എന്നാല്‍, മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും ആരും വിളിച്ചില്ലെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു. പിന്നീട്, സംഘപരിവാര്‍ സംഘടനയായ ബിഎംഎസിന്റെ നേതാവാണ് കസ്റ്റംസിനെ വിളിച്ചതെന്ന കാര്യം പുറത്തുവന്നു. ബിഎംഎസ് നേതാവായ ഹരി രാജിന്റെ എറണാകുളത്തെ വീട്ടില്‍ കസ്റ്റംസ് റെയ്ഡ് നടത്തുകയും ചെയ്തു.