തൊടുപുഴ: ദേശീയ പാത വികസനത്തിന്റെ പേരില്‍ മൂന്നാറില്‍ വനംവകുപ്പും രാഷ്ട്രീയ നേതാക്കളും തുറന്ന പോരിലേയ്ക്ക്. അടുത്തിടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച കൊച്ചി-ധനുഷ്‌കോടി ദേശീയപാതയുടെ മൂന്നാര്‍ മുതല്‍ ബോഡിമെട്ട് വരെയുള്ള 46 കിലോമീറ്റര്‍ ദൂരം നാല് വരിപാതയാക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് മൂന്നാര്‍ ഡിഎഫ്ഒ ദേശീയപാത വിഭാഗം മൂവാറ്റുപുഴ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ക്കു നോട്ടീസ് നല്‍കിയിരുന്നു.

പെരിയകനാല്‍ മുതല്‍ ക്ലൗഡ് നയന്‍വരെയുള്ള 23 കിലോമീറ്റര്‍ ഭാഗം കാര്‍ഡമം ഹില്‍ റിസര്‍വില്‍ (സിഎച്ച്ആര്‍) പെടുന്നതാണെന്നും ഈ പ്രദേശങ്ങളില്‍ മരംമുറിക്കാനും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താനും പാടില്ലെന്നും ഇത്തരത്തില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ വനംപരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി തേടണമെന്നും നോട്ടീസില്‍ പറഞ്ഞിരുന്നു.

ഇതിനെത്തുടര്‍ന്നാണ് ദേവികുളം എംഎല്‍എ എസ്.രാജേന്ദ്രന്‍ ഉള്‍പ്പടെയുള്ളവര്‍ വനംവകുപ്പിനെതിരേ രംഗത്തെത്തിയത്. ഞായറാഴ്ച വനംവകുപ്പിന്റെ നടപടികളില്‍ പ്രതിഷേധിച്ച് പൂപ്പാറയില്‍ ജനപ്രതിനിധികള്‍ ഉള്‍പ്പെട്ട സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ ഏകദിന ഉപവാസം സംഘടിപ്പിച്ചു. വനംവകുപ്പിനെതിരേ തുടര്‍ സമരങ്ങള്‍ക്കു സംയുക്ത സമരസമതി ആലോചന തുടങ്ങിയതോടെ വരും നാളുകളില്‍ പ്രദേശം വീണ്ടും സംഘർഷഭരിതമാകുമോ എന്ന ആശങ്കയാണ് ഇവിടെ ഉടലെടുത്തിട്ടുളളത്.

puppara, national highway, forest department against nh development , kochi danushkodi nh development,

വനം വകുപ്പിന്രെ നടപടിയിൽ പ്രതിഷേധിച്ച് പൂപ്പാറയിൽ സംയുക്ത സമര സമിതി നടത്തിയ ഉപവാസം

ജില്ല കഴിഞ്ഞ കുറച്ചു കാലമായി സംഘർഷഭരിതമായ സംഭവവികാസങ്ങളിലൂടെയാണ് കടന്നുപോകുന്നത്. നേരത്തെ മുല്ലപ്പെരിയാർ വിഷയത്തിൽ ആരംഭിച്ച വിഷയങ്ങൾ മൂന്നാർ കൈയേറ്റമൊഴിപ്പിക്കൽ, ദേവികുളം സബ് കലക്‌ടറായിരുന്ന ശ്രീറാം വെങ്കിട്ടരാമന്റെ നിലപാടുകൾ, പൊമ്പിളൈ ഒരുമൈ സമരം ഇതെല്ലാമായി ഈ പ്രദേശം കഴിഞ്ഞ ഏതാനും വർഷങ്ങളായി വാർത്തകളിൽ നിറഞ്ഞു നിൽക്കുകയാണ്. നീലക്കുറിഞ്ഞി പൂക്കുന്ന കാലത്ത് കൂടുതൽ വിനോദസഞ്ചാരികളെ പ്രതീക്ഷിക്കുകയും അതിനുളള കർമപരിപാടികൾ സർക്കാർ ആലോചിക്കുകയും ചെയ്യുമ്പോഴാണ് ദേശീയപാത വികസനത്തിന്രെ പേരിൽ വിവാദങ്ങളുണ്ടാകുന്നത്.

മുമ്പ് ദേശീയ പാതവികസനവുമായി ബന്ധപ്പെട്ടു നടത്തിയിട്ടുള്ള യോഗങ്ങളില്‍ സിഎച്ച്ആര്‍ വിഷയം വനംവകുപ്പ് ഉയര്‍ത്തിക്കാട്ടിയിട്ടില്ലെന്നും റോഡ് നിര്‍മാണം തുടങ്ങിയതിനു ശേഷം എതിര്‍പ്പുമായെത്തുന്നത് വികസനം തടസപ്പെടുത്താനുള്ള ഒരുകൂട്ടം ഉദ്യോഗസ്ഥരുടെ നീക്കമാണെന്നും എസ്.രാജേന്ദ്രന്‍ എംഎല്‍എ ഉള്‍പ്പടെയുള്ളവര്‍ കുറ്റപ്പെടുത്തുന്നു. രണ്ടു വര്‍ഷത്തിനുള്ളില്‍ പണി പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിടുന്ന കൊച്ചി-ധനുഷ്‌കോടി ദേശീയപാത വികസനത്തിനായി കേന്ദ്ര സര്‍ക്കാര്‍ 381 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്.

ആനയിറങ്കല്‍ ജലാശയത്തിലെ സ്പീഡ് ബോട്ട് സര്‍വീസ് കാട്ടാനകള്‍ക്കു ശല്യമാകുന്നതിനാല്‍ ഇതു നിര്‍ത്തണമെന്നു ചൂണ്ടിക്കാട്ടി മൂന്നാര്‍ ഡിഎഫ്ഒ ജില്ലാ കലക്ടര്‍ക്കും ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനും കത്തുനല്‍കിയിരുന്നു. വിഷയത്തില്‍ സര്‍ക്കാര്‍ തീരുമാനം എടുത്തിട്ടില്ലെങ്കിലും വനംവകുപ്പിന്റെ ഈ നീക്കവും ജനപ്രതിനിധികളുടെ രോഷത്തിനു കാരണമാകുന്നുണ്ട്.

ആനയിറങ്കല്‍ മേഖലയിലെ ടൂറിസം വികസനം തകര്‍ക്കാനാണ് വനംവകുപ്പ് ശ്രമിക്കുന്നതെന്നുംം കാട്ടാനകള്‍ വിഹരിക്കുന്ന മാട്ടുപ്പെട്ടിയില്‍ ബോട്ട് സര്‍വീസ് തടസമില്ലാതെ നടക്കുന്നുണ്ടെന്നും ജനപ്രതിനിധികള്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം സ്പീഡ് ബോട്ടില്‍ കാട്ടാനകളുടെ സമീപത്ത് എത്തുന്നതും ഫൊട്ടോയെടുക്കുന്നതും മേഖലയില്‍ കാട്ടാന ആക്രമണം വര്‍ധിക്കാന്‍ കാരണമാകുന്നുണ്ടെന്നാണ് വനംവകുപ്പ് പറയുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.