തിരുവനന്തപുരം: ദേശീയ ചലച്ചിത്ര പുരസ്‌കാര വിവാദത്തില്‍ പ്രതികരണവുമായി നടന്‍ അലന്‍സിയര്‍. അവാര്‍ഡ് ദാന ചടങ്ങ് ബഹിഷ്‌കരിച്ചവര്‍ക്ക് പിന്തുണ അറിയിക്കുന്നതായും അവര്‍ക്കൊപ്പമാണ് താനെന്നും അലന്‍സിയര്‍ വ്യക്തമാക്കി.

പുരസ്‌കാരം വാങ്ങാതെ തലയുയര്‍ത്തിപ്പിടിച്ച് മടങ്ങിയവര്‍ക്കൊപ്പമാണ് താനെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു താരത്തിന്റെ പ്രതികരണം. അതോടൊപ്പം ചടങ്ങില്‍ പങ്കെടുത്ത ഗായകന്‍ യേശുദാസിനേയും സംവിധായകന്‍ ജയരാജിനേയും അദ്ദേഹം വിമര്‍ശിക്കുകയും ചെയ്തു.

ചിലര്‍ക്ക് എത്ര അവാര്‍ഡ് കിട്ടിയാലും മതിയാകില്ലെന്നും അതൊരു രോഗമാണെന്നും ചികിത്സ ആവശ്യമാണെന്നുമായിരുന്നു അലന്‍സിയര്‍ പറഞ്ഞത്. പ്രതിഷേധിച്ച് ചടങ്ങില്‍ നിന്നും പിന്മാറിയ താരങ്ങളോട് അവാര്‍ഡ് തുക തിരിച്ചു നല്‍കണമെന്ന് പറഞ്ഞ ജയരാജിന് മറുപടി നല്‍കുകയും ചെയ്തു അലന്‍സിയര്‍. മന്ത്രിയുടെ വീട്ടില്‍ നിന്നല്ല പണം കൊണ്ടു വരുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

അവാര്‍ഡ് ദാന ചടങ്ങ് ബഹിഷ്‌കരിച്ച താരങ്ങളെ വിമര്‍ശിച്ച ജയരാജ് ലഭിച്ച സമ്മാനത്തുക തിരികെ നല്‍കണമെന്നും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സാധാരണയായി രാഷ്ട്രപതിയാണ് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നല്‍കുന്നത്. എന്നാല്‍ ഇത്തവണ 11 പേര്‍ക്ക് മാത്രമേ രാഷ്ട്രപതി നല്‍കുന്നുള്ളൂ, ബാക്കിയുള്ളവര്‍ക്ക് പുരസ്‌കാരം സമ്മാനിക്കുന്നത് മന്ത്രി സ്മൃതി ഇറാനിയാണെന്ന് അറിയിച്ചതോടെയാണ് താരങ്ങള്‍ ചടങ്ങ് ബഹിഷ്‌കരിച്ചത്.

മലയാള സിനിമാ പ്രവര്‍ത്തകരടക്കം 66 പേരാണ് ചടങ്ങില്‍ നിന്നും പിന്മാറിയത്. ചടങ്ങ് മാത്രമാണ് ബഹിഷകരിച്ചതെന്നും അവാര്‍ഡ് സ്വീകരിക്കുമെന്നും അവര്‍ വ്യക്തമാക്കിയിരുന്നു. മലയാളി നടി പാര്‍വ്വതി, നടന്‍ ഫഹദ് ഫാസിലടക്കമുള്ളവര്‍ ചടങ്ങ് ബഹിഷ്‌കരിച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.