തിരുവനന്തപുരം: രാജ്യത്ത് എല്ലായിടത്തും പൊലീസിനെ അടിയന്തിര സാഹചര്യങ്ങളിൽ ബന്ധപ്പെടാൻ ഒറ്റ നന്പർ നിലവിൽ വരുന്നു. ഇത് പരീക്ഷണ അടിസ്ഥാനത്തിൽ ആദ്യം കേരളത്തിൽ നടപ്പിലാക്കും. ഇതോടെ 100 എന്ന നിലവിലെ നന്പർ മാറി പകരം 112 നിലവിൽ വരും. നാല് മാസത്തിനുള്ളിൽ സംസ്ഥാനത്ത് 112 പൂർണ്ണ തോതിൽ പ്രവർത്തനം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പൊലീസിനെ കൂടാതെ ആംബുലൻസ് (102), അഗ്നിശമന സേന (101) എന്നീ നന്പറുകളും ഇനി മുതൽ 112 ലേക്ക് തന്നെയാണ്. ദേശീയ അടിയന്തിര പ്രതികരണ സംവിധാനം ഒറ്റ നന്പറിലേക്ക് മാറ്റാനാണ് സർക്കാരിന്റെ ആലോചന. നിലവിൽ പൊലീസിന് ലഭിക്കുന്ന അടിയന്തിര സഹായ അഭ്യർത്ഥനകളിൽ, പരമാവധി സമയം കുറച്ച് സഹായം എത്തിക്കാനാണ് പൊലീസ് ശ്രമിക്കുന്നത്.

ഇതിനായി 36 കോൺ സെന്ററുകൾ സംസ്ഥാനത്തെന്പാടും സ്ഥാപിക്കുന്നുണ്ട്. ജിപിഎസ് വഴി ഫോൺ സന്ദേശം ലഭിച്ച സ്ഥലത്തേക്ക് ഉടൻ തന്നെ തൊട്ടടുത്തുള്ള പൊലീസ് പട്രോളിംഗ് സംഘം എത്തും. എല്ലായിടത്തും വ്യക്തമായ ദൃശ്യങ്ങൾ ലഭിക്കുന്ന കാമറകൾ സ്ഥാപിക്കും. ഇവ ചിത്രങ്ങൾക്ക് പകരം പരമാവധി വീഡിയോകൾ പകർത്തും.

നിർഭയ പദ്ധതി ഫണ്ടിൽ നിന്നാണ് ഇതിലേക്ക് തുക വകയിരുത്തുന്നത്. എന്നാൽ, ഇതിനാവശ്യമായ ജീവനക്കാരെയും അവരുടെ വേതനവും സംസ്ഥാന സർക്കാരാണ് വഹിക്കേണ്ടത്. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുകയാണ് കേന്ദ്രം ചെയ്യുക.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook