തൃശൂര്‍: രണ്ടാമതും പ്രധാനമന്ത്രിയായി അധികാരമേറ്റ ശേഷം കേരളത്തിലെത്തുന്ന നരേന്ദ്ര മോദിയെ വരവേല്‍ക്കാന്‍ വിപുലമായ ഒരുക്കങ്ങളുമായി ബിജെപി സംസ്ഥാന നേതൃത്വം. ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനായാണ് മോദി നാളെ കേരളത്തിലെത്തുന്നത്. എട്ടാം തീയതിയാണ് (ശനിയാഴ്ച) മോദിയുടെ ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം.

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിന് ശേഷം മോദി പൊതുയോഗത്തില്‍ പങ്കെടുക്കും. പ്രധാനമന്ത്രിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട ശേഷമുള്ള മോദിയുടെ ആദ്യ പൊതുസമ്മേളനം കൂടിയാണ് ഗുരുവായൂരില്‍ നടക്കാന്‍ പോകുന്നത്. ഗുരുവായൂര്‍ ശ്രീകൃഷ്ണ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മൈതാനത്താണ് പൊതുയോഗം നടക്കുക. ക്ഷേത്ര ദര്‍ശനത്തിന് ശേഷം രാവിലെ പത്തിനായിരിക്കും പൊതുയോഗം. മികച്ച വിജയം നേടി രണ്ടാമതും പ്രധാനമന്ത്രിയായ ശേഷമുള്ള പൊതുയോഗം ആയതിനാല്‍ ‘അഭിനന്ദന്‍ സഭ’ എന്നാണ് യോഗത്തിന് ബിജെപി പേര് നല്‍കിയിരിക്കുന്നത്. ഗുരുവായൂര്‍, മണലൂര്‍, കുന്ദംകുളം, നാട്ടിക നിയോജക മണ്ഡലങ്ങളിലെ പ്രവര്‍ത്തകരെയാണ് മോദി യോഗത്തിൽ അഭിസംബോധന ചെയ്യുക.

Read Also: താങ്കൾ അത് സാധിച്ചിരിക്കുന്നു; മോദിയെ അഭിനന്ദിച്ച് സൂപ്പർ താരങ്ങൾ

2014 ൽ മോദി ആദ്യമായി പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ശേഷം കേരളത്തിൽ നടന്ന മോദിയുടെ ആദ്യ പൊതുയോഗം തൃശൂരിലായിരുന്നു. ഇത്തവണ വീണ്ടും പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ശേഷമുള്ള രാജ്യത്തെ ആദ്യ പൊതുയോഗത്തിനും തൃശൂരാണ് ആഥിത്യം വഹിക്കുന്നത്. ഇത് തങ്ങൾക്ക് വലിയ സന്തോഷം പകരുന്ന കാര്യമാണെന്ന് ബിജെപി തൃശൂർ ജില്ലാ അധ്യക്ഷ എ.നാഗേഷ് പ്രതികരിച്ചു.

ശനിയാഴ്ച രാവിലെ ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തുന്ന മോദി തുലാഭാരവും മറ്റ് വഴിപാടുകളും നടത്തുമെന്നാണ് റിപ്പോർട്ടുകൾ. താമരപ്പൂക്കൾ കൊണ്ടായിരിക്കും തുലാഭാരം നടത്തുക എന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ, ഇക്കാര്യത്തിൽ സ്ഥിരീകരണങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് ബിജെപി ജില്ലാ നേതൃത്വം പറയുന്നു.  തുലാഭാരത്തിന് പുറമേ മറ്റ് വഴിപാടുകളും പൂജകളും നടത്താനാണ് സാധ്യത. വഴിപാടുകൾ സംബന്ധിച്ച അന്തിമ നിര്‍ദേശം പ്രധാനമന്ത്രിയുടെ ഓഫിസ് നല്‍കിയിട്ടില്ല. നിര്‍ദേശം ലഭിച്ചെങ്കില്‍ മാത്രമേ ക്ഷേത്രം അധികൃതര്‍ ഒരുക്കം ആരംഭിക്കൂ.

Read More: ഈ ജനവിധി വലിയ ഉത്തരവാദിത്തം നല്‍കുന്നു; നന്ദി പറഞ്ഞ് നരേന്ദ്ര മോദി

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനായി കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ (വെള്ളിയാഴ്ച) രാത്രി 11.35 ന് കൊച്ചിയിലെത്തും. കൊച്ചി നാവിക വിമാനത്താവളത്തിലിറങ്ങുന്ന പ്രധാനമന്ത്രി എറണാകുളം ഗവ. ഗസ്റ്റ് ഹൗസില്‍ തങ്ങും.  ശനിയാഴ്ച രാവിലെ 9.15ന് കൊച്ചി നാവിക വിമാനത്താവളത്തില്‍നിന്ന് പ്രത്യേക ഹെലികോപ്ടറില്‍ ഗുരുവായൂരിലേക്ക് പോകും. ക്ഷേത്ര ദര്‍ശനത്തിനു ശേഷം തിരികെ 12.40 ന് ഹെലികോപ്ടറില്‍ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെത്തും. 1.55 വരെ എയര്‍പോര്‍ട്ട് ലോഞ്ചില്‍ വിശ്രമിക്കും. രണ്ട് മണിക്ക് തിരിച്ചു പോകും.

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്താനുള്ള യോഗം എറണാകുളം കലക്ട്രേറ്റ് സ്പാര്‍ക്ക് ഹാളില്‍ ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള അധ്യക്ഷതയില്‍ ചേര്‍ന്നു. സബ് കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ്, ഡിസിപി ഡോ. ഹിമേന്ദ്ര നാഥ്, വിവിധ വകുപ്പ് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.