കൊല്ലം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷ സംബന്ധിച്ച ഇന്റലിജന്‍സ് എഡിജിപിയുടെ റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് ചോര്‍ന്നത് ഗുരുതര വീഴ്ചയെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. ഉദ്യോഗസ്ഥവീഴ്ച മാത്രമായി ചിത്രീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന് ഇതില്‍നിന്ന് ഒഴിഞ്ഞുമാറാനാകില്ല. ചോർച്ചയെക്കുറിച്ച് അന്വേഷണം വേണമെന്നും മുഖ്യമന്ത്രി ഇക്കാര്യത്തിൽ വിശദീകരണം നൽകണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു.
രാജ്യത്തെ പ്രധാനമന്ത്രിയുടെ സുരക്ഷപോലും രഹസ്യമാക്കി വയ്ക്കാന്‍ പറ്റാത്തവരാണ് ഭരണത്തിലെന്നത് ലജ്ജാകരണമാണ്. അതീവരഹസ്യമായി കൈകാര്യം ചെയ്യേണ്ട ഇന്റലിജന്‍സ് എഡിജിപിയുടെ റിപ്പോർട്ട് വാട്സാപ്പിൽ പ്രചരിക്കുന്നത് ആഭ്യന്തരവകുപ്പ് കുത്തഴിഞ്ഞ അവസ്ഥയിലാണെന്നതാണ് കാണിക്കുന്നത്. സംഭവത്തിൽ ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന് കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു.
അതിനിടെ, പ്രധാനമന്ത്രിക്കുനേരെ ചാവേറാക്രമണം നടത്തുമെന്ന ഭീഷണിക്കത്ത് പുറത്തുവന്നതിനുപിന്നാലെ കേരള പൊലീസിനെ രൂക്ഷമായി വിമർശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രേൻ രംഗത്തെത്തി. പ്രധാനമന്ത്രിക്ക് സുരക്ഷാ ഭീഷണിയെന്ന ഇന്റലിജിൻസ് റിപ്പോർട്ട് പുറത്തു വിട്ടിരിക്കുന്നത് പൊലീസാണ്. പ്രധാന മന്ത്രിയുടെ ഒരു പരിപാടിയും മുടങ്ങില്ലെന്നും റോഡ് ഷോ ഉപേക്ഷിക്കില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.
പ്രധാനമന്ത്രി എത്തുന്നതിന്റെ തലേ ദിവസമാണ് അദ്ദേഹത്തിന് സുരക്ഷാ ഭീഷണിയുണ്ടെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ മാധ്യമങ്ങളെ അറിയിച്ചിരിക്കുന്നത്. ഇതിനു പിന്നിൽ പൊലീസിന്റെ ബുദ്ധിയാണോ അതോ മറ്റ് ആരുടെയെങ്കിലും ബുദ്ധിയാണോ എന്ന് അറിയണം. ഇന്‍റലിജിൻസ് റിപ്പോർട്ടിനെ കുറിച്ച് പൊലീസിന്റെ നിലപാട് എന്താണ്. നിലവിൽ രാഷ്ട്രീയ പാർട്ടിയായി പ്രവർത്തിക്കുന്ന രണ്ടു പാർട്ടികളുടെ പേര് ഇന്‍റലിജൻസ് റിപ്പോർട്ടിലുണ്ട്. ഇവർ ഇടതു പക്ഷത്തിന്‍റ ഘടക കക്ഷികളാണ്. പൊലീസ് ഇവരെ സംരക്ഷിക്കുകയാണ് ചെയ്യുന്നതെന്നും സുരേന്ദ്രൻ അഭിപ്രായപ്പെട്ടു.
കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ചാവേര്‍ ആക്രമണമുണ്ടാകുമെന്ന ഊമക്കത്ത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനാണ് കത്ത് ലഭിച്ചത്. കേരളത്തില്‍ സന്ദര്‍ശനത്തിന് എത്തുമ്പോള്‍ പ്രധാനമന്ത്രിക്കു നേരെ ചാവേര്‍ ആക്രമണമുണ്ടാകുമെന്നാണ് കത്തില്‍ പറയുന്നത്. രണ്ടു ദിവസത്തെ കേരള സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ വൈകിട്ടാണ് കൊച്ചിയിലെത്തുന്നത്. തിങ്കളാഴ്ച അദ്ദേഹത്തിന് തിരുവനന്തപുരത്ത് വന്ദേഭാരത് എക്‌സ്പ്രസിന്റെ ഉദ്ഘാടനം ഉള്‍പ്പെടെയുള്ള പരിപാടികളുണ്ട്.