കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം 24 ന് കേരളത്തിലെത്തും. 25 ന് എത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. കര്‍ണാടകയിലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായാണ് തീയതി മാറ്റം.
‘യുവം’ പരിപാടിയിൽ പങ്കെടുക്കാനാണ് പ്രധാനമന്ത്രി എത്തുന്നത്. യുവാക്കളുമായുള്ള സംവാദ പരിപാടിയിൽ മോദിക്കൊപ്പം കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന അനിൽ ആന്റണിയും പങ്കെടുക്കും. ബിജെപിയില്‍ ചേര്‍ന്ന ശേഷം അനില്‍ ആന്റണി പങ്കെടുക്കുന്ന ആദ്യ പൊതുസമ്മേളനമായിരിക്കും ഇത്.
പരിപാടിയോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോ കൊച്ചിയിൽ നടക്കും. കൊച്ചി നേവൽ ബെയ്സ് മുതൽ തേവര സേക്രഡ് ഹാർട്ട് കോളജ് മൈതാനി വരെയാണ് പ്രധാനമന്ത്രിയുടെ റോഡ് ഷോ നടക്കുക.
കേരളത്തിന് രണ്ട് വന്ദേ ഭാരത് ട്രെയിനുകൾ അനുവദിച്ചതുമായി ബന്ധപ്പെട്ട പ്രഖ്യാപനവും മോദി നടത്തും. വന്ദേ ഭാരതിന്റെ സർവീസിനായുള്ള അറ്റകുറ്റ സൗകര്യങ്ങൾ കൊച്ചുവേളിയിൽ പൂർത്തിയായിട്ടുണ്ട്. തിരുവനന്തപുരം മുതൽ കണ്ണൂർ വരെയാണ് വന്ദേ ഭാരതിന്റെ സർവീസ്. ഇരട്ടപ്പാതയുള്ളതിനാൽ കോട്ടയം വഴിയാകും സർവീസ് എന്നാണ് വിവരം.