കൊച്ചി: ഭാരത് പെട്രോളിയം കോർപ്പറേഷൻ-കൊച്ചി റിഫൈനറി ഇനി രാജ്യത്തെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണ ശാല. കേരളത്തിലെ ഏറ്റവും വലിയ നിക്ഷേപ പദ്ധതിയായ ബിപിസിഎൽ സംയോജിത വികസന പദ്ധതി പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രത്തിന് സമർപ്പിച്ചു. ബിപിസിഎൽ കൊച്ചി റിഫൈനറിയിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനടക്കമുളളവർ സംബന്ധിച്ചു. റിഫൈനറിയുടെ ഭാഗമായ പെട്രോ കെമിക്കൽ കോംപ്ലക്സിന്റെ ശിലാസ്ഥാപനവും പ്രധാനമന്ത്രി നിർവ്വഹിച്ചു.

രാജ്യം റിഫൈനറി ഹബ്ബായി വളരുമെന്നും രാജ്യ വളർച്ചയ്ക്ക് കൊച്ചിൻ റിഫൈനറിയുടെ സംഭാവന വലുതെന്നും നരേന്ദ്ര മോദി പറഞ്ഞു. ഐആർഇപി പദ്ധതികൾ കൊച്ചിയുടെ സാധ്യതകൾ വർധിപ്പിക്കും. പെട്രോ കെമിക്കൽ വ്യവസായങ്ങൾ കൊച്ചിയിലെത്തും. പെട്രോ കെമിക്കൽ പാർക്ക് ഇതിനുള്ള സാധ്യതകൾ കൂട്ടുമെന്നും അദ്ദേഹം പറഞ്ഞു. പ്രളയ സമയത്തും പ്രവർത്തനം മുടങ്ങാതിരുന്നതിന് ബിപിസിഎൽ ജീവനക്കാരെ പ്രധാനമന്ത്രി അഭിനന്ദിച്ചു.

കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ നിക്ഷേപ പദ്ധതിയാണ് ബിപിസിഎൽ ഐആർഇപി കോംപ്ലക്സും അനുബന്ധ പദ്ധതികളും. ഏതാണ്ട് 20000 കോടിയിലേറെ രൂപയാണ് ഇതിനായി മുടക്കുന്നത്. ഐആർഇപി പദ്ധതിക്ക് വേണ്ടി മാത്രം 16504 കോടി രൂപയാണ് മുതൽ മുടക്ക്. 2012-ൽ ആണ് പദ്ധതിയുടെ തുടങ്ങിയത്. കൊച്ചി റിഫൈനറിയുടെ ശേഷി 9.5 ദശലക്ഷം ടണ്ണിൽനിന്ന് 15.5 ദശലക്ഷം ടണ്ണായി ഇപ്പോൾ വർധിച്ചു. ഇതിന് പുറമെ റിഫൈനറിയുടെ ഉത്പന്നങ്ങൾ ഭാരത് സ്റ്റേജ് 4, സ്റ്റേജ് 5 നിലവാരത്തിലെത്തുകയും ചെയ്തു.

ഏഴ് വർഷത്തിലേറെ കാലം കൊണ്ടാണ് പദ്ധതി പൂർത്തീകരിച്ചത്. ഇതിനായി 15,000 തൊഴിലാളികൾ നിർമാണ രംഗത്ത് പ്രവർത്തിച്ചു. സംസ്കരണ ശേഷി വർദ്ധിക്കുന്നതോടെ ഉപോത്പന്നമായ പ്രൊപ്പലീൻ ഉത്പാദനവും വർധിക്കും.

പ്രൊപ്പലീൻ ഉപയോഗിച്ച് പെയിന്റ്, മരുന്ന്‌ എന്നീ വ്യവസായങ്ങൾക്ക് ആവശ്യമായ അസംസ്‌കൃത വസ്തുക്കൾ ഉത്പാദിപ്പിക്കാനാവും. ഈ പദ്ധതിയാണ് പെട്രോ കെമിക്കൽ കോംപ്ലക്സിൽ ലക്ഷ്യമിടുന്നത്. പെട്രോ കെമിക്കൽ കോംപ്ലക്സ് നിർമാണം 2022-ലും സ്‌കിൽ ഡെവലപ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ നിർമാണം 2020-ലും പൂർത്തീകരിക്കാനാണ് ശ്രമം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.