Latest News

നാര്‍ക്കോട്ടിക് ജിഹാദ്; ബിഷപ്പിന് പിന്തുണയുമായി കെസിബിസി, സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യം

തീവ്രവാദ സാന്നിധ്യവും, ലഹരി ഉപയോഗത്തിലെ വര്‍ധനവ് യാഥാര്‍ഥ്യമാണെന്നും ബിഷപ്പ് ഇതിനെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുകയാണ് ചെയ്തതെന്നും കെസിബിസിയുടെ പ്രസ്താവനയില്‍ പറയുന്നു

Narcotic Jihad, Mar Joseph Kalarangattu
Photo: Fcaebook

തിരുവനന്തപുരം: തിരുവനന്തപുരം. നർകോട്ടിക് ജിഹാദ് പരാമർശത്തിൽ പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിനെ പിന്തുണച്ച് കേരള കാത്തലിക് ബിഷപ്സ് കൗണ്‍സില്‍ (കെസിബിസി). തീവ്രവാദ സാന്നിധ്യവും, ലഹരി ഉപയോഗത്തിലെ വര്‍ധനവ് യാഥാര്‍ഥ്യമാണെന്നും ബിഷപ്പ് ഇതിനെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുകയാണ് ചെയ്തതെന്നും കെസിബിസിയുടെ പ്രസ്താവനയില്‍ പറയുന്നു.

ബിഷപ്പിന്റെ വാക്കുകള്‍ ഏതെങ്കിലും സമുദായത്തിനെതിരെയല്ല. തീവ്രവാദ, ലഹരി സംഘങ്ങള്‍ക്കെതിരെ വേണ്ട രീതിയില്‍ അന്വേഷണം നടക്കുന്നില്ല. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നും കെസിബിസി ആവശ്യപ്പെട്ടു.

പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തില്‍ സംസ്ഥാനത്ത് രാഷ്ട്രീയ പോര് മുറുകുകയാണ്. ബിഷപ്പിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ്, സിപിഎം നേതാക്കള്‍ ഇതിനോടകം തന്നെ പ്രതികരണം നടത്തിക്കഴിഞ്ഞു. കോണ്‍ഗ്രസും സിപിഎമ്മും ജിഹാദികളെ പിന്തുണയ്ക്കുകയാണെന്നായിരുന്നു ബിജെപി ഉയര്‍ത്തിയ ആരോപണം.

ബിഷപ്പിന്റെ പരാമര്‍ശം ആരെയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചല്ല എന്നും ഒരു സമുദായത്തിനേയും ലക്ഷ്യമാക്കിയുള്ളതല്ലെ എന്നും പാല രൂപത വിശദീകരണം നല്‍കി. “സമൂഹത്തിൽ നിലനിൽക്കുന്ന അപകടകരമായ പ്രവണതകളെക്കുറിച്ച് അദ്ദേഹം ഒരു മുന്നറിയിപ്പ് മാത്രമാണ് നൽകിയത്,” രൂപതയുടെ സഹായ മെത്രാൻ മാർ ജേക്കബ് മുരിക്കൻ പ്രസ്താവനയിൽ പറഞ്ഞു.

മതത്തിന്റെ പേര് ഉപയോഗിച്ച് നടക്കുന്ന സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ ഗൗരവമായി കാണണമെന്ന് എല്ലാ സമുദായങ്ങളോടും പ്രസ്താവനയില്‍ ആഹ്വാനം ചെയ്യുന്നു. തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണങ്ങളും അവസാനിപ്പിച്ച് എല്ലാവരും ഐക്യത്തോടെ മുന്നോട്ട് പോകണമെന്നും പ്രസ്താവനയില്‍ പറയുന്നു.

അതേസമയം, പാല ബിഷപ്പിന് പിന്തുണയുമായി കേന്ദ്ര വിദേശകാര്യ മന്ത്രി വി. മുരളീധരന്‍ കൊച്ചിയില്‍ പ്രതികരിച്ചു. കേരളത്തിലെ ക്രൈസ്തവ സമുദായത്തിൻ്റെ ആശങ്ക തുറന്ന് പറഞ്ഞതിൻ്റെ പേരിൽ പാല ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിനെ ഒറ്റപ്പെടുത്തി ആക്രമിക്കുന്നവർ ഇസ്ളാമിക് സ്റ്റേറ്റ് വക്താക്കളാണോയെന്ന് വ്യക്തമാക്കണമെന്ന് അദ്ദേഹം പറഞ്ഞു.

ബിഷപ്പിനെതിരെ യുഡിഎഫ്, സിപിഎം നേതാക്കൾ നടത്തികൊണ്ടിരിക്കുന്ന പരാമർശങ്ങൾ അപ്രിയ സത്യങ്ങൾ പറയുന്നവർക്കെതിരായ ആക്രമണമാണ്. ബിഷപ്പിനെ ആക്രമിച്ചത് കൊണ്ട് സത്യങ്ങൾ ഇല്ലാതാവില്ല . മുഖ്യമന്ത്രിയും, പ്രതിപക്ഷ നേതാവും ബിഷപ്പിൻ്റെ പരാമർശത്തിനെതിരെ രംഗത്തെത്തിയതോടെ ഇവർ ഐഎസ് വക്താക്കളാണോ എന്ന ചോദ്യമാണ് ഉയരുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

നാർക്കോട്ടിക് ജിഹാദ് പരാമർശത്തിലൂടെ മുസ്ളീം സമുദായത്തെ ഒന്നടങ്കം അദ്ദേഹം ആക്ഷേപിച്ചിട്ടുണ്ടെങ്കിൽ അത് ശരിയല്ല. എന്നാൽ ജിഹാദി പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ചെറു വിഭാഗത്തെ മാത്രമാണ് ബിഷപ്പ് പരാമർശിച്ചത്. അദ്ദേഹം പറഞ്ഞിട്ടുള്ള കാര്യങ്ങളിൽ ആശങ്കയുള്ളവരിൽ ഹിന്ദു സമുദായവുമുണ്ടെന്നും വി. മുരളീധരന്‍ വ്യക്തമാക്കി.

സമുദായത്തിന്റെ ആശങ്ക തുറന്ന് പറഞ്ഞതിൻ്റെ പേരിൽ ബിഷപ്പിനെ ഒറ്റപ്പെടുത്തി ആക്രമിക്കാമെന്ന് ആരെങ്കിലും കരുതിയിട്ടുണ്ടെങ്കിൽ അത് നടക്കില്ല. ലവ് ജിഹാദിനൊപ്പം നാർക്കോട്ടിക് ജിഹാദും ഉണ്ടെന്ന് ആധികാരികമായി തന്നെ പറയുകയായിരുന്നു ബിഷപ്പ്. പാലാ ബിഷപ്പിനെതിരെ പറയുന്നവരെ നയിക്കുന്നത് ഇസ്ലാമിക് സ്റ്റേറ്റിൻ്റെ ആശയങ്ങൾ ആണെന്നും മന്ത്രി ആരോപിച്ചു.

പാല ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ ‘നാർക്കോട്ടിക് ജിഹാദ്’ പരാമർശത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും പ്രതികരിച്ചിരുന്നു. ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തുള്ളവർ വേർതിരിവുണ്ടാക്കുന്നതും മതപരമായ ചേരിതിരിവുണ്ടാക്കുന്നതുമായ പ്രസ്താവനകളിൽ നിന്ന് വിട്ടുനിൽക്കണം എന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. ബിഷപ്പിന്റെ പ്രസ്താവന അതിരുകടന്നു പോയി എന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും വിമര്‍ശിച്ചു.

ക്രിസ്ത്യൻ, മുസ്ലിം ഇതര മതവിശ്വാസികളെ ലക്ഷ്യംവച്ച് കേരളത്തിൽ ലൗ, നാര്‍ക്കോട്ടിക് ജിഹാദുകള്‍ നടക്കുന്നുവെന്നായിരുന്നു പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ ആരോപണം. കേരളത്തില്‍ ലൗ ജിഹാദില്ലെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നവര്‍ കണ്ണടച്ച് ഇരുട്ടാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Also Read: ക്രിസ്ത്യൻ യുവത ലൗ, നാര്‍ക്കോട്ടിക് ജിഹാദുകള്‍ക്ക് ഇരയാവുന്നു; ആരോപണവുമായി പാലാ ബിഷപ്പ്

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Narcotic jihad statement pala diocese comes out with explanation

The moderation of comments is automated and not cleared manually by malayalam.indianexpress.com