കോഴിക്കോട്: പാല ബിഷപ്പ് നടത്തിയ “നർകോടിക് ജിഹാദ്” പരാമർശം അടക്കമുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി സംസ്ഥാനത്ത് വിവിധ മത നേതാക്കളുടെ യോഗം വിളിച്ചുചേർക്കുമെന്ന് കോൺഗ്രസ്. പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് നടത്തിയ അഭിപ്രായപ്രകടനങ്ങളുമായി ബന്ധപ്പെട്ട പരിഹരിക്കാനുള്ള പാർട്ടിയുടെ ശ്രമങ്ങളുടെ ഭാഗമായി കെപിസിസി ചീഫ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഇന്ന് മുസ്ലീം മത നേതാക്കളുമായി ചർച്ച നടത്തി.
കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ, സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ എന്നിവവരുമായി മുതിർന്ന കോൺഗ്രസ് നേതാക്കൾ കൂടിക്കാഴ്ച നടത്തി.
സംസ്ഥാന സർക്കാർ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതിൽ പരാജയപ്പെട്ടതിനാൽ ക്രിസ്ത്യൻ, മുസ്ലീം സമുദായങ്ങൾ തമ്മിലുള്ള അനുരഞ്ജന ചർച്ചകൾ നടത്താൻ കെപിസിസി തീരുമാനിച്ചതായി മാധ്യമപ്രവർത്തകരോട് സംസാരിക്കവെ കെ സുധാകരൻ പറഞ്ഞു.
Read more: പിണറായിക്ക് കരുണാകരന്റെ ശൈലി, എല്ലാവരേയും ഒന്നിച്ച് നിര്ത്താനറിയാം; പുകഴ്ത്തി മുരളീധരന്
“നമ്മുടെ സമൂഹത്തിൽ ആരും വിദ്വേഷം പരത്താൻ ആഗ്രഹിക്കുന്നില്ലെന്നും എല്ലാ മതനേതാക്കളും ഒത്തുചേർന്ന് ഈ വിഷയം ചർച്ച ചെയ്യേണ്ടതും അഭിസംബോധന ചെയ്യണ്ടതുമുണ്ടെമന്നും ഞങ്ങൾ മനസ്സിലാക്കുന്നു. മതസൗഹാർദ്ദത്തിന്റെ സന്ദേശം പ്രചരിപ്പിക്കുന്നതിനായി കെപിസിസി എല്ലാ മതനേതാക്കളുടെയും യോഗം വിളിക്കും,” കെ സുധാകരൻ പറഞ്ഞു.
ചില ഓൺലൈൻ മാധ്യമങ്ങൾ സംസ്ഥാനത്ത് അനൈക്യം ഉണ്ടാക്കാൻ ശ്രമിക്കുകയാണെന്ന് പറഞ്ഞ വിഡി സതീശൻ അവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടു.
സംസ്ഥാനത്തെ എല്ലാ സമുദായങ്ങൾക്കൊപ്പവും നിൽക്കുക എന്നതാണ് സർക്കാരിന്റെ ഉത്തരവാദിത്തമെന്നും കോൺഗ്രസ് നേതാക്കൾ ചൂണ്ടിക്കാട്ടി.