തിരുവനന്തപുരം: കേരളത്തിന്റെ മതസൗഹാര്‍ദം സംരക്ഷിക്കപ്പെടണമെന്ന് ആഹ്വാനം ചെയ്ത് മതനേതാക്കന്മാരുടെ യോഗം. നിലവിലെ പ്രത്യേക സാഹചര്യത്തില്‍ സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിക്കണമെന്നും തിരുവനന്തപുരത്ത് ചേർന്ന യോഗത്തിൽ പങ്കെടുത്ത ക്ലിമ്മിസ് കാത്തോലിക്ക ബാവയും പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളും ഉള്‍പ്പടെയുള്ള സാമുദായിക നേതാക്കള്‍ ആവശ്യപ്പെട്ടു.
അതേസയം പാല ബിഷപ്പിന്റെ പരാമര്‍ശം ശരിയോ തെറ്റോ എന്ന് യോഗം ചര്‍ച്ച ചെയ്തില്ലെന്ന് യോഗത്തിന് ശേഷമുള്ള വാർത്താസമ്മേളനത്തിൽ മത നേതാക്കൾ പറഞ്ഞു. മയക്കുമരുന്നിനെ കുറിച്ച് പറയാന്‍ മയക്കുമരുന്ന് എന്ന വാക്ക് തന്നെ ഉപയോഗിക്കുന്നതാണ് ഉചിതമെന്നും യോഗം വിളിച്ച് ചേര്‍ത്ത ക്ലിമ്മിസ് കാത്തോലിക്ക ബാവ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
മതസമൂഹങ്ങള്‍ തമ്മിലുള്ള ആത്മബന്ധം ഒരു കാരണവശാലും നഷ്ടപ്പെടാന്‍ പാടില്ലെന്നും സാമുദായിക ഐക്യം സംരക്ഷിക്കപ്പെടണമെന്നും പറഞ്ഞ കത്തോലിക്കാ ബാവ അതിനായി വിവിധ മതനേതാക്കന്മാര്‍ ഒത്തുചേരുന്ന ഫോറങ്ങള്‍ പ്രാദേശികമായി ഉണ്ടാവണമെന്നും ചൂണ്ടിക്കാട്ടി. ഇതര സമുദായങ്ങള്‍ക്ക് മുറിവേല്‍ക്കാതിരിക്കാനും ബഹുമാനത്തോടെ അവരെ കാണുന്നതിനുമുള്ള സവിശേഷമായ ശ്രദ്ധ എല്ലാവരുടെയും ഭാഗത്ത് നിന്ന് ഉണ്ടാകണമെന്നും മത-ആത്മീയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഈ വിഷയത്തില്‍ പ്രത്യേകിച്ചും ശ്രദ്ധ പുലര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം നാലാഞ്ചിറ മാർ ഈവാനിയോസ് വിദ്യാ നഗറിലെ ബി ഹബിൽ വച്ചാണ് യോഗം നടന്നത്ആര്‍ച്ച് ബിഷപ്പ് സൂസപാക്യം (ലാറ്റിൻ കാത്തലിക് ചർച്ച്, തിരുവനന്തപുരം), ബിഷപ്പ് എ. ധർമ്മരാജ് റസാലം (മോഡറേറ്റർ, സിഎസ്ഐ ചർച്ച്), ആർച്ച് ബിഷപ്പ് ഡോ.മാർ ജോസഫ് പെരുന്തോട്ടം
(സീറോ മലബാർ സഭ, ചെങ്ങനാശ്ശേരി അതിരൂപത), ബിഷപ്പ് ജോസഫ് മാർ ബർണാബാസ്
(സഫ്രഗൻ മെത്രാപ്പോലീത്ത, മാർത്തോമ സുറിയാനി സഭ), ഡോ. ഗബ്രിയേൽ മാർ ഗ്രിഗോറിയോസ്
(ഓർത്തഡോക്സ് സഭ തിരുവനന്തപുരം ഭദ്രാസനാധിപൻ) എന്നിവര്‍ യോഗത്തിന്റെ ഭാഗമായി.
ജനാബ് പാണക്കാട് മുനവറലി ഷിഹാബ് തങ്ങൾ (പ്രസിഡന്റ്, മുസ്ലീം യൂത്ത് ലീഗ്), ഡോ. വി.പി. സുഹൈബ് മൗലവി (പാളയം ഇമാം, തിരുവനന്തപുരം) ഡോ. ഹുസൈൻ മടവൂർ (പാളയം ഇമാം, കോഴിക്കോട്), സിദ്ദിഖ് സഖാഫി നേമം (എസ്.വൈ.എസ്. സ്റ്റേറ്റ് സെക്രട്ടറി), കരമന ബയാർ (പ്രസിഡന്റ്, കേരള മുസ്ലീം ജമാഅത്ത് കൗൺസിൽ). സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി (ജനറൽ സെക്രട്ടറി, ശാന്തിഗിരി ആശ്രമം), സ്വാമി സൂഷ്മാനന്ദ (ശിവഗിരി മഠം), സ്വാമി അശ്വതി തിരുനാൾ (ഏകലവ്യാശ്രമം) തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു