തിരുവനന്തപുരം: നാര്‍ക്കോട്ടിക് ജിഹാദ് വിഷയത്തില്‍ നിലപാട് വ്യക്തമാക്കി വടകര എംപി കെ. മുരളീധരന്‍. “ലഹരി മാഫിയയുടെ സാന്നിധ്യം കേരളത്തിലുണ്ട്. പക്ഷെ അത് ഒരു മതത്തിന് മുകളില്‍ കെട്ടി വയ്ക്കുന്നത് ശരിയായ കാര്യമല്ല. പാല ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ ചില പ്രസ്താവനകളാണ് വിവാദമായത്. അഭിപ്രായ വ്യത്യാസങ്ങള്‍ ഒരു മേശക്ക് ചുറ്റുമിരുന്നു സംസാരിക്കാന്‍ സമുദായ നേതാക്കളും തയാറാവണം,” മുരളീധരന്‍ ആവശ്യപ്പെട്ടു.
സംഭവത്തില്‍ സംഘപരിവാറിനെ മുരളീധരന്‍ രൂക്ഷമായി വിമര്‍ശിച്ചു. “രണ്ട് സമുദായങ്ങളെ തമ്മിലടിപ്പിക്കാനുള്ള ശ്രമമാണ് സംഘപരിവാര്‍ നടത്തുന്നത്. അതിന് സഹായം നല്‍കുന്ന നിലപാടുകള്‍ ആരും സ്വീകരിക്കരുത്. ബിഷപ്പിനെ സംരക്ഷിക്കാന്‍ വിശ്വാസികളുണ്ട്. സംഘപരിവാര്‍ അതിന് ആവശ്യമില്ല,” മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, ബിഷപ്പിനെ പിന്തുണച്ചുകൊണ്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പ്രതികരിച്ചു. “ഭീകരവാദികൾക്ക് എതിരായ നിലപാട് ആണ് ബിഷപ്പ് സ്വീകരിച്ചത്. ഇതിന്റെ പേരിൽ ബിഷപ്പിനെ വളഞ്ഞിട്ട് ആക്രമിക്കുകയാണ് സിപിഎമ്മും കോൺഗ്രസും. ഇരു പാര്‍ട്ടികളും വോട്ടു ബാങ്ക് ലക്ഷ്യമിട്ട് മതവാദശക്തികളെ പ്രോത്സാഹിപ്പിക്കുന്നു,” സുരേന്ദ്രന്‍ ആരോപിച്ചു.
“നാർകോട്ടിക്ക് ജിഹാദിനെക്കുറിച്ച് കേട്ടിട്ടേയില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്നത്. ലോകമെമ്പാടും മതഭീകരവാദശക്തികളും ലഹരിമാഫിയയും തമ്മിലുള്ള ബന്ധം വ്യക്തമായിട്ടുള്ള കാര്യമാണ്. അത് കാണാൻ മുഖ്യമന്ത്രിക്ക് പറ്റാത്തത് മതഭീകരവാദികളോടുള്ള ഭയം കൊണ്ടാണ്,” സുരേന്ദ്രന്‍ പറഞ്ഞു.