തിരുവനന്തപുരം: പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറാങ്ങാട്ടിന്റെ നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തെ തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ അവസാനിപ്പിക്കാന്‍ കോണ്‍ഗ്രസ്. നിലവിലെ സാഹചര്യം പരിഹരിക്കുന്നതിനായി മത, സാമുദായിക നേതാക്കളുമായുള്ള യോഗം ഉടന്‍ വിളിച്ചേക്കും. കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്, പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് എന്നിവര്‍ മത നേതാക്കന്മാരുമായി ഇന്നലെ ചര്‍ച്ച നടത്തിയിരുന്നു.
“സമൂഹത്തില്‍ വെറുപ്പ് പടര്‍ത്താന്‍ ആരും ആഗ്രഹിക്കുന്നില്ലെന്ന് മനസിലാക്കുന്നു. എല്ലാ മത നേതാക്കന്മാരും മുന്നോട്ട് വന്ന് ചര്‍ച്ച ചെയ്ത് പ്രശ്ന പരിഹാരം കാണണം. മതസൗഹാര്‍ദം നിലനിര്‍ത്തുന്നതിനായി കെപിസിസി എല്ലാ വിഭാഗത്തില്‍ ഉള്ളവരേയും ഉള്‍പ്പെടുത്തി യോഗം വിളിക്കും,” സമസ്ത നേതാക്കളെ സന്ദര്‍ശിച്ചതിന് ശേഷം സുധാകരന് മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, കേരള കോണ്‍ഗ്രസ് നേതാക്കന്മാര് ബിഷപ്പുമായി ചര്‍ച്ച നടത്തി. ജോസ് കെ.മാണി, മന്ത്രി റോഷി അഗസ്റ്റിന്, പാര്‍ട്ടി എംഎല്‍എമാര്‍ എന്നിവരാണ് ബിഷപ്പുമായി കൂടിക്കാഴ്ച നടത്തിയത്. സര്‍ക്കാരിന്റെ പ്രശ്നപരിഹാര നീക്കത്തിന്റെ ഭാഗമായാണ് സന്ദര്‍ശനമെന്നാണ് സൂചന. വിവാദ പ്രസ്താവനയ്ക്ക് ശേഷം രണ്ടാം തവണയാണ് ജോസ് കെ.മാണി ബിഷപ്പുമായി സംസാരിക്കുന്നത്.
നാർക്കോട്ടിക് ജിഹാദ് പരാമർശത്തിൻ മേലുള്ള വിവാദങ്ങൾ അവസാനിപ്പിക്കണമെന്ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ആവശ്യപ്പെട്ടു. വിവാദങ്ങൾ അവസാനിപ്പിക്കാൻ രാഷ്ട്രീയ- സമുദായ- മതനേതാക്കൾ നടത്തുന്ന ശ്രമങ്ങളോട് സഹകരിക്കണമെന്നും ആദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. മതസൗഹാർദ്ദത്തിന് ക്ഷതം ഏല്‍പ്പിക്കാന്‍ അനുവദിക്കരുതെന്നും കര്‍ദിനാള്‍ നിർദ്ദേശിച്ചു.