കെ. കരുണാകരനെ മാറ്റിയത് അന്ന് പ്രധാനമന്ത്രിയായിരുന്ന  നരസിംഹറാവുവിന്രെ താൽപര്യപ്രകാരമാണന്നാണ് മകൾ പത്മജ വേണുഗോപാൽ പറഞ്ഞു. കെ. കരുണാകരനെ മാറ്റണമെന്ന നിർദ്ദേശമുണ്ടെന്ന് ഡൽഹിയിൽ നിന്നും വന്ന മൂന്നുപേരിൽ ഒരാൾ പറഞ്ഞു. അതറിഞ്ഞതുകൊണ്ടാണ് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് പോയി അദ്ദേഹം രാജി വിവരം പ്രഖ്യാപിച്ചതെന്ന് പത്മജ വേണുഗോപാൽ പറഞ്ഞു.

ഡൽഹിയിൽ നിന്നുമുളള തീരുമാനം എതിരാണെന്ന് അറിഞ്ഞപ്പോഴാണ് അദ്ദേഹം രാജിവെയ്ക്കാൻ തീരുമാനിച്ചത്. കാരണം ഡൽഹിയിൽ നിന്നൊരു തീരുമാനം വന്നാൽ പിന്നെ കാര്യമില്ലെന്ന് അറിയാമായിരുന്നു. നരസിംഹറാവുവിന്രെ ഇടപെടലുണ്ടെന്നത് അടുത്തു നിന്ന് ഈ സംഭവങ്ങൾ കണ്ടയാൾ എന്ന നിലയിലാണ് ഇത് പറയുന്നത്.

കോഴിക്കോട് നടന്ന കെ. കരുണാകരൻ അനുസ്മരണ സമ്മേളനത്തിൽ മുഖ്യമന്ത്രിയായിരുന്ന കെ.കരുണാകരനെ ചാരക്കേസിൽ പുറത്താക്കിയതിൽ കുറ്റബോധമുണ്ടെന്ന് എം എം ഹസ്സൻ പറഞ്ഞു. കരുണാകരനെ മാറ്റുന്നതിന് എ. കെ. ആന്രണി എതിർപ്പ് പ്രകടിപ്പിച്ചിരുന്നുവെന്ന് കെ. പി സി സി പ്രസിഡന്രിന്രെ ചുമതല വഹിക്കുന്ന എം. എം ഹസ്സൻ വെളിപ്പെടുത്തി.

എനിക്ക് ഈ ഏറ്റുപറച്ചലിൽ അസ്വാഭാവികതയൊന്നും തോന്നുന്നില്ല. ഇന്നത്തെ ദിവസത്തിന്രെ പ്രത്യേകതയുണ്ട് . ആ സമയത്ത് സ്വാഭാവികമായി പറഞ്ഞതായിരിക്കാം. അങ്ങനെ പറഞ്ഞതിൽ സന്തോഷമുണ്ട്. സത്യം എന്നായാലും പുറത്തുവരുമെന്ന് അറിയാമായിരുന്നു. എം എം ഹസ്സൻ പറഞ്ഞതിൽ എന്തിനാണ് അദ്ദേഹത്തോട് കുതിര കയറുന്നത് എന്ന് മനസ്സിലാകുന്നില്ല. ഹസ്സൻ ഇന്ന് പറഞ്ഞതിന് പിന്നിൽ വക്രബുദ്ധിയുണ്ടെന്ന് തോന്നുന്നില്ലെന്നും പത്മജ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസിലെ ചർച്ചയിൽ സംസാരിക്കുകയായിരുന്നു പത്മജ.

 

ഹസ്സൻ ഇപ്പോൾ വെളിപ്പെടുത്തിയത് നന്നായെന്ന് കരുണാകരനെതിരെ മുന്നിൽ നിന്ന് പടനയിച്ച മുൻകോൺഗ്രസ് നേതാവും എ ഗ്രൂപ്പിന്രെ മുന്നണിപ്പോരാളിയുമായിരുന്ന ചെറിയാൻ ഫിലിപ്പ് പറഞ്ഞു. 1998 ൽ തിരുവനന്തപുരം ലോകസഭാ മണ്ഡലത്തിൽ നിന്നും കെ.കരുണാകരൻ മത്സരിക്കുന്ന കാലത്ത് തന്നെ താൻ ഇക്കാര്യം തുറന്നു പറഞ്ഞുപറഞ്ഞ് ക്ഷമാപണം നടത്തിയിരുന്നുവെന്നും ചെറിയാൻ പറഞ്ഞു. താൻ അന്ന് ക്ഷമാപണം പറഞ്ഞതിനെ കോൺഗ്രസ്സിലെ എ ഗ്രൂപ്പുകാർ എതിർത്തിരുന്നു. ഉമ്മൻചാണ്ടിയും ഇക്കാര്യം തുറന്നു പറയണമെന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു.

ലോകസഭാ തിരഞ്ഞെടുപ്പിൽ തൃശ്ശൂരിൽ നിന്നും മത്സരിച്ച് പരാജയപ്പെട്ടശേഷമായിരുന്നു 1998ൽ കരുണാകരൻ തിരുവനന്തപുരം ലോകസഭാമണ്ഡലത്തിൽ നിന്നും മത്സരിക്കാനെത്തിയത്. തൃശൂരിൽ തോറ്റപ്പോൾ തന്നെ പിന്നിൽ നിന്നും മുന്നിൽ നിന്നും കുത്തിയെന്ന കരുണാകരന്രെ വികാരനിർഭരമായ വാക്കുകൾ ഇന്നും കോൺഗ്രസ്സിലെ കരുണാകരൻ ഗ്രൂപ്പുകാരുടെ ഉളളിലെ വികാരമാണ്. ആ വികാരമാണ് ഇപ്പോൾ വീണ്ടും ഉയരുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.