തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന് സമീപത്തെ വീട്ടിൽ നാല് പേരെ കൊലപ്പെടുത്തിയ സംഭവത്തിന് പിന്നിൽ മാസങ്ങൾ നീണ്ട ആസൂത്രണം നടന്നിരുന്നതായി മൊഴി. കേസിലെ പ്രതിയും കൊല്ലപ്പെട്ട ഡോ.ജീൻ പത്മയുടെയും റിട്ട പ്രൊഫ.രാജ തങ്കത്തിന്റെയും മകനുമായ കാഡൽ ജിൻസണിന് മാനസികാരോഗ്യ പ്രശ്നങ്ങളുണ്ടോയെന്ന് പരിശോധിക്കുകയാണ് പൊലീസ്.

മനഃശാസ്ത്രജ്ഞന്റെ സഹായത്തോടെ നടത്തിയ ചോദ്യം ചെയ്യലിലാണ് മാതാപിതാക്കളുടെ കടുത്ത അവഗണന നേരിട്ടതായി ഇയാൾ മൊഴി നൽകിയത്. പഠന വിഷയത്തിൽ പുറകിലായിരുന്ന തന്നെ മാതാപിതാക്കൾ വേണ്ടത്ര ശ്രദ്ധിച്ചില്ലെന്നും അനുജത്തി കരോലിനെ വളരെയധികം ലാളിച്ചാണ് വളർത്തിയതെന്നുമാണ് ഇയാൾ മൊഴി നൽകിയതായി റിപ്പോർട്ടുകളുള്ളത്.

ഇതേ തുടർന്ന് മാസങ്ങൾക്ക് മുൻപ് തന്നെ എല്ലാവരെയും കൊലപ്പെടുത്താനുള്ള തീരുമാനം എടുക്കുകയായിരുന്നു. ഇതിനായി വളരെയധികം ആലോചിച്ചാണ് കൊലപാതകം ആസൂത്രണം ചെയ്തത്. ആദ്യം വധിച്ചത് അച്ഛനായ റിട്ട പ്രൊഫ.രാജ തങ്കത്തെയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. പിന്നീടാണ് ഓരോരുത്തരെയായി കൊലപ്പെടുത്തിയത്. അച്ഛനാണ് കാഡലിനെ കൂടുതലായി വഴക്ക് പറഞ്ഞതെന്നും ഇതേ തുടർന്നാണ് വധിക്കാൻ തീരുമാനിച്ചതെന്നും റിപ്പോർട്ടുകളുണ്ട്.

കൃത്യം നിർവ്വഹിച്ച ശേഷം തെളിവുകൾ നശിപ്പിക്കാനും ഇയാൾ ശ്രമിച്ചിരുന്നു. ഭിന്ന മാനസിക ശേഷി ഉള്ളവർക്ക് ഇത്തരത്തിൽ തെളിവുകൾ നശിപ്പിക്കാനുള്ള ചിന്ത ഉണ്ടാവുകയില്ലെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. തെളിവില്ലാതാക്കാനുള്ള ശ്രമം പാളിപ്പോയതായാണ് മൊഴി. ചാത്തൻസേവയ്ക്ക് വേണ്ടിയാണ് കൊലപാതകം നടത്തിയതെന്ന് ആദ്യം പ്രതി മൊഴി നൽകിയിരുന്നു.

മാർത്താണ്ഡം ആർട്സ് ആൻഡ് സയൻസ് കോളജിൽനിന്നു രണ്ടു വർഷം മുമ്പാണു രാജ തങ്കം വിരമിച്ചത്. കരോലിൻ ചൈനയിൽ എംബിബിഎസ് പഠനം പൂർത്തിയാക്കിയശേഷം മൂന്നു മാസം മുമ്പാണു നാട്ടിലെത്തിയത്. ഓസ്‌ട്രേലിയയിൽ പഠനം നടത്തിയ കാഡൽ ജീൻസൺ 2009ൽ നാട്ടിലെത്തി. പിന്നീടു വീട്ടിലിരുന്നുതന്നെ ജോലി ചെയ്യുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ