തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിൽ വിചാരണത്തടവുകാരനായ കാഡൽ ജീൻസൺ രാജയുടെ ആരോഗ്യ നിലയിൽ നേരിയ പുരോഗതി രേഖപ്പെടുത്തി. ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച കാഡലിന്രെ നില അഞ്ച് ദിവസം പിന്നിടുമ്പോഴാണ് നേരിയ പുരോഗതി രേഖപ്പെുത്തുന്നത്. കഴിഞ്ഞ അഞ്ച് ദിവസമായി വെന്രിലേറ്ററിൽ കഴിയുന്ന കാഡലിന്റെ ആരോഗ്യ നിലയിൽ ഇന്ന് മുതലാണ് നേരിയ പുരോഗതി കാണുന്നതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു നിലവിൽ മരുന്നുകളോട് കാഡലിന്രെ ശരീരം നേരിയ തോതിലാണെങ്കിലും പ്രതികരിക്കുന്നുണ്ടെന്ന് അവർ പറഞ്ഞു.

വ്യാഴാഴ്ചയാണ് അപസ്മാരബാധയെ തുടർന്ന് കാഡലിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെളളിയാഴ്ചയോടെ ന്യൂമോണിയ കൂടെ പിടിപ്പെട്ടതോടെ ആരോഗ്യനില കൂടുതൽ വഷളാവുകയായിരുന്നു. തുടർന്ന് പ്രത്യേക മെഡിക്കൽ ബോർഡ് ചേർന്ന് ആരോഗ്യ നില വിലയിരുത്തുന്നുണ്ട്.

അപസ്മാര രോഗമുള്ള കാഡൽ വ്യാഴാഴ്ച ഭക്ഷണം കഴിക്കുന്നതിനിടെ അപസ്മാര രോഗം ഉണ്ടായതിനെ തുടർന്ന് ഭക്ഷണപദാർത്ഥം ശ്വാസകോശത്തിൽ കുടുങ്ങുകയായിരുന്നു. ഗുരുതരാവസ്ഥയിലായ കാഡൽ ഇപ്പോൾ തീവ്രപരിചരണ വിഭാഗത്തിലാണ്.

അമ്മ, അച്ഛൻ, സഹോദരി, ബന്ധുവായ സ്ത്രീ എന്നിവരെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് കാഡൽ. നന്തൻകോട് ക്ലിഫ്ഹൗസിനു സമീപം ബെയിൻസ് കോമ്പൗണ്ട് 117ൽ ഡോ. ജീൻ പത്മ (58), ഭർത്താവ് റിട്ട. പ്രഫ. രാജ തങ്കം (60), മകൾ കരോലിൻ (26), ഡോ. ജീന്റെ ബന്ധു ലളിത (70) എന്നിവരെയാണ് കേഡൽ കൊലപ്പെടുത്തിയത്.

കഴിഞ്ഞ വർഷം ഏപ്രിലാണ് ഇവരുടെ കത്തിക്കരിഞ്ഞ മൃതദേഹം വീട്ടിൽ കണ്ടെത്തിയത്. തുടർന്ന് നടന്ന അന്വേഷണത്തിലാണ് പ്രഫ.രാജ തങ്കത്തിന്രെയും ഡോ. ജീൻപത്മയുടെയും മകനായ കാഡലിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ