തിരുവല്ല: ഓൺലൈൻ മാധ്യമമായ നമോ ടി വി ഉടമയും അവതാരകയും പൊലീസിൽ കീഴടങ്ങി. നമോ ടിവി ഉടമയായ രഞ്ജിത്ത് ടി എബ്രഹാം, അവതാരകയായ ശ്രീജ വള്ളിക്കോട് എന്നിവരാണ് മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിന് പിറകെ തിരുവല്ല പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്. തുടർന്ന് പൊലീസ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി.
മതസ്പർദ്ധ വളർത്തുന്ന ഉള്ളടക്കങ്ങൾ പ്രസിദ്ധീകരിച്ചെന്ന പരാതിയിൽ പൊലീസ് ഇവർക്കെതിരെ കേസെടുത്തിരുന്നു. ഐപിസി 153 (എ) വകുപ്പ് പ്രകാരം കലാപാഹ്വാനം അടക്കമുള്ള കുറ്റങ്ങൾക്കാണ് കേസ്.
തുടർന്ന് ഇരുവരും മുന്‍കൂര്‍ ജാമ്യം നേടി ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും കോടതി ജാമ്യം തള്ളുകയായിരുന്നു. ഇവരുടെ ഓൺലൈൻ ചാനലിൽ പ്രസിദ്ധീകരിച്ച വീഡിയോ ഒരു മത വിഭാഗത്തെ അധിക്ഷേപിക്കുന്ന തരത്തിലായിരുന്നു എന്നാണ് നമോ ടിവി ഉടമക്കും അവതാരകയ്ക്കുമെതിരായ പരാതി.