തിരുവനന്തപുരം: ഐഎസ്ആർഒ ചാരക്കേസ് സൃഷ്ടിച്ച ഗൂഢാലോചനയെ കുറിച്ച് പുതിയ അന്വേഷണം വേണമെന്ന് കേരളാ പൊലീസ് പ്രതിയാക്കുകയും പിന്നീട് സിബിഐ കുറ്റവിമുക്തനാക്കപ്പെടുകയും ചെയ്ത ഐഎസ്ആർഒയിലെ ശാസ്ത്രജ്ഞനായ നമ്പി നാരായണൻ ആവശ്യപ്പെട്ടു. ഈ ചാരക്കേസിന് പിന്നിൽ വലിയ ഗൂഢാലോചനയുണ്ടായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

പുതിയ അന്വേഷണത്തിന്രെ ടേംസ് ഓഫ് റഫറൻസിൽ ആ കേസ് സൃഷ്ടിച്ചവരുടെ ലക്ഷ്യമെന്തായിരുന്നു എന്ന് അന്വേഷിക്കണം. അപ്പോൾ ഹസ്സൻ പറഞ്ഞതുപോലെ കരുണാകരനെ പുറത്താക്കുക മാത്രമായിരുന്നോ എന്നുളളതടക്കമുളള കാര്യങ്ങൾ അന്വേഷിക്കണം.

ഹസ്സൻ കരുണാകരനോട് ഖേദം പ്രകടിപ്പിച്ചാൽ പോരാ, ആ കേസിൽ ഇരയായ എല്ലാവരുടെയും കാര്യത്തിൽ നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. കേസ് ചമച്ചവരിൽ പലരും ഇനിയും ഖേദം പ്രകടിപ്പിക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഐഎസ്ആർഒ ചാരക്കേസുമായി ബന്ധപ്പെട്ട് കെപിസിസി പ്രസിഡന്റ് എം.എം.ഹസ്സന്രെ വെളിപ്പെടുത്തലിനോടുളള പ്രതികരണത്തിലാണ് നമ്പിനാരായണൻ ഈ ആവശ്യം ഉന്നയിച്ചത്. കരുണാകരന്രെ ഏഴാം ചരമവാർഷികത്തോട് അനുബന്ധിച്ച് കോഴിക്കോട് നടന്ന അനുസ്മരണ ചടങ്ങിലാണ് എം.എം.ഹസ്സൻ വിവാദങ്ങൾക്ക് വഴി തുറന്ന വെളിപ്പെടുത്തൽ നടത്തിയത്. ചാരക്കേസ് മറയാക്കി കെ.കരുണാകരനെ 1995 ൽ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും മാറ്റിയിരുന്നു.

കരുണാകരനെ പുറത്താക്കുന്നതിനെതിരായിരുന്നു ആന്രണിയെന്നായിരുന്നു ഹസ്സൻ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്. എന്നാൽ ആന്രണിക്ക് അതിൽ പങ്കില്ലെന്ന് ഹസ്സന്രെ നിലപാടിനെ നമ്പി നാരായണൻ പിന്തുണയ്ക്കുന്നില്ല. കെ.കരുണാകരനെ പുറത്താക്കനുളള നീക്കം ആന്രണി അറിയാതിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ഹസ്സൻ ഖേദം പ്രകടിപ്പിച്ചത് സന്തോഷകരമാണ്. എന്നാൽ ഈ കേസുണ്ടാക്കിയവർ ഇതേ കുറിച്ച് തുറന്നു പറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഏഷ്യാനെറ്റ് ന്യൂസിലെ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ചാരക്കേസിൽ നമ്പി നാരായണനെ കേരളാ പൊലീസ് അറസ്റ്റ് ചെയ്തു. പിന്നീട് സിബിഐ കേസിൽ നിന്നും നന്പി നാരായണനുൾപ്പടെയുളള മുഴുവൻ പ്രതികളെയും കുറ്റവിമുക്തരാക്കി. അതിന് ശേഷം അദ്ദേഹം തന്നെ അറസ്റ്റ് ചെയ്ത ഉദ്യോഗസ്ഥരിൽ ഒരു വിഭാഗത്തിനെതിരെ കേസ് നൽകി. മനുഷ്യാവകാശ കമ്മീഷൻ നമ്പിനാരായണന് നഷ്ടപരിഹാരം നൽകാനും വിധിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ