തിരുവനന്തപുരം: ഐഎസ്ആര്‍ഒ മുന്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന് പത്മഭൂഷണ്‍ നല്‍കിയതിനെതിരെ മുന്‍ ഡിജിപി ടി.പി സെന്‍കുമാര്‍. പത്മഭൂഷണ്‍ നല്‍കാന്‍ നമ്പിനാരായണ്‍ ശാസ്ത്ര ലോകത്തിന് നല്‍കിയ സംഭാവന എന്താണെന്ന് സെന്‍കുമാര്‍ ചോദിച്ചു. ശരാശരിയില്‍ താഴെയുള്ള ഒരു ശാസ്ത്രജ്ഞജനാണ് നമ്പി നാരായണന്‍ എന്നും, എന്തടിസ്ഥാനത്തിലാണ് അങ്ങനെ ഒരാള്‍ക്ക് പത്മഭൂഷണ്‍ നല്‍കിയതെന്ന് വിശദീകരിക്കണമെന്നും സെന്‍കുമാര്‍ പറഞ്ഞു.

നാളെ മറിയം റഷീദയ്ക്കും ഗോവിന്ദചാമിയ്ക്കും അമീറുള്‍ ഇസ്ലാമിനുമെല്ലാം പുരസ്‌കാരങ്ങള്‍ നല്‍കുന്ന കാഴ്ച കാണേണ്ടി വരുമെന്നും സെന്‍കുമാര്‍ പരിഹസിച്ചു.

ചാരക്കേസില്‍ സുപ്രീംകോടതി നിയോഗിച്ച സമിതി പരിശോധന നടത്തി വരികയാണ്. ഈ അവസരത്തില്‍ നമ്പി നാരായണന് പുരസ്‌കാരം നല്‍കിയത് എന്തുകൊണ്ടാണ്. അന്വേഷണത്തിന് ശേഷം അദ്ദേഹത്തിന് ഭാരത് രത്‌ന നല്‍കിയാലും അതിനെ സ്വാഗതം ചെയ്യുമെന്നും സെന്‍കുമാര്‍ വ്യക്തമാക്കി.

നമ്പി നാരായണനെ കൂടാതെ നടന്‍ മോഹന്‍ലാല്‍, അന്തരിച്ച മാധ്യമ പ്രവര്‍ത്തകന്‍ കുല്‍ദീപ് നയ്യാര്‍, ബച്ചെന്ദരി പാല്‍, മുന്‍ ലോക്‌സഭാ എംപി ഹുക്കുംദേവ് നാരായണ്‍ യാദവ് എന്നിവരടക്കം 14 പേര്‍ക്കാണ് പത്മഭൂഷണ്‍ പ്രഖ്യാപിച്ചത്.

മലയാളികളായ സംഗീതജ്ഞന്‍ കെ ജി ജയന്‍, ശിവഗിരിയിലെ സ്വാമി വിശുദ്ധാനന്ദ, ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ റീജനല്‍ ഡയറക്ടര്‍ കെകെ മുഹമ്മദ്, എന്നിവര്‍ക്കും കൊല്‍ക്കത്ത ടാറ്റ മെഡിക്കല്‍ സെന്റര്‍ ഡയറക്ടര്‍ ഡോ മാമ്മന്‍ ചാണ്ടി നടനും സംവിധായകനും കോറിയോഗ്രാഫറുമായ പ്രഭുദേവ, ഡ്രമ്മര്‍ ശിവമണി, അന്തരിച്ച നടന്‍ കാദര്‍ ഖാന്‍, നടന്‍ മനോജ് വാജ്പേയ്, ഇന്ത്യന്‍ ഫുട്ബോള്‍ ടീം നായകന്‍ സുനില്‍ ഛേത്രി, മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍, ഗായകന്‍ ശങ്കര്‍ മഹാദേവന്‍, ഗുസ്തിതാരം ബജ്റംഗ് പുനിയ, കബഡി താരം അജയ് ഠാക്കൂര്‍ എന്നിവരുള്‍പ്പടെ 94 പേര്‍ക്ക് പത്മ ശ്രീ പുരസ്‌കാരങ്ങള്‍ ലഭിച്ചു. തമിഴ്നാട്ടില്‍ നിന്നുമുള്ള നടരാജ് ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍ നിന്നും പത്മ ശ്രീ ലഭിക്കുന്ന ആദ്യ വ്യക്തിയായി മാറി.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ