കൊച്ചി: നമ്പി നാരായണന്റെ പുരസ്കാര നേട്ടത്തിൽ വിവാദമുണ്ടാക്കുകയല്ല, ആഘോഷിക്കുകയാണ് വേണ്ടതെന്ന് കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം. ഒരു മലയാളിക്ക് അംഗീകാരം ലഭിച്ചാൽ എല്ലാ മലയാളികളും ചേർന്ന് ആഘോഷിക്കുകയാണ് വേണ്ടത്. പക്ഷേ അംഗീകാരം ലഭിക്കുന്നതിനെ വിമർശിച്ച് മുന്നിലെത്തുന്നത് മലയാളികളാണ്. അംഗീകാരം ലഭിക്കുന്നവർക്കെതിരെ സംസാരിക്കുന്നത് മലയാളിയുടെ ഡിഎൻഎയുടെ പ്രശ്നമാണെന്നും അദ്ദേഹം പറഞ്ഞു. പത്മഭൂഷൺ പുരസ്കാരം നേടിയ നമ്പി നാരായണനെ ടി.പി.സെൻകുമാർ വിമർശിച്ചതിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.
സെൻകുമാർ ബിജെപി അംഗമല്ല. അദ്ദേഹം പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായമാണ്. ജനാധിപത്യ രാഷ്ട്രത്തിൽ എല്ലാവർക്കും അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും അൽഫോൺസ് കണ്ണന്താനം പറഞ്ഞു. ലോക ചരിത്രത്തില്‍ ഒരു സര്‍ക്കാരിനും ചെയ്യാനാവാത്ത കാര്യങ്ങളാണ് നാലുവര്‍ഷംകൊണ്ട് മോദി സര്‍ക്കാര്‍ ചെയ്തിരിക്കുന്നതെന്നും കണ്ണന്താനം പറഞ്ഞു.
നമ്പി നാരായണനു പുരസ്കാരം നല്‍കിയത് അമൃതില്‍ വിഷം വീണതുപോലെയായി എന്നായിരുന്നു ടി.പി.സെൻകുമാറിന്റെ വിമർശനം. 1994 ല്‍ സ്വയം വിരമിച്ച നമ്പി നാരായണന്‍ രാജ്യത്തിന് എന്തു സംഭാവനയാണു നല്‍കിയത്. അദ്ദേഹത്തെ സുപ്രീംകോടതി പൂര്‍ണമായി കുറ്റവിമുക്തനാക്കിയിട്ടില്ല. ഇനി ഗോവിന്ദച്ചാമിക്കും മറിയം റഷീദയ്ക്കും പത്മവിഭൂഷണ്‍ നല്‍കാം. ഈ മാനദണ്ഡമനുസരിച്ച് അമിറുൽ ഇസ്‍ലാമിനും പുരസ്കാരത്തിന് അര്‍ഹതയുണ്ടെന്നും സെൻകുമാർ പറഞ്ഞിരുന്നു.