തിരുവനന്തപുരം: നളിനി നെറ്റോയെ ചീഫ് സെക്രട്ടറിയാക്കാൻ മന്ത്രിസഭാ തീരുമാനം. നിലവിലെ ചീഫ് സെക്രട്ടറി എസ്.എം.വിജയാനന്ദ് വിരമിക്കുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. നിലവിൽ ആഭ്യന്തര വകുപ്പിന്റെ ചുമതലയുളള അഡീഷനൽ ചീഫ് സെക്രട്ടറിയാണ് നളിനി നെറ്റോ. ഇപ്പോൾ മുഖ്യമന്ത്രിയുടെ സെക്രട്ടറി കൂടിയാണ് മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥയായ നളിനി നെറ്റോ.

സുബ്രതോ ബിശ്വാസിനെ ആഭ്യന്തര വകുപ്പ് സെക്രട്ടറിയാക്കാനും തീരുമാനമായി. നിലവിൽ പൊതുമാരമത്ത്‌ വകുപ്പ്‌ അഡീഷണല്‍ ചീഫ്‌ സെക്രട്ടറിയാണ് സുബ്രതോ ബിശ്വാസ്‌.

പ്ലാനിങ് വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയായ വി.എസ്.സെന്തിലിന് മുഖ്യമന്ത്രിയുടെ സെക്രട്ടറിയുടെ ചുമതല കൂടി നല്‍കും. ആശ തോമസാണ് പുതിയ പിഡബ്ല്യൂഡി പ്രിന്‍സിപ്പല്‍ സെക്രട്ടറി. റോഡ്സ് ആൻഡ് ബ്രിഡ്ജ്സ്, കോര്‍പ്പറേഷന്‍ എംഡിയായി തുടരും. ഫിഷറീസ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ജെയിംസ് വര്‍ഗീസിന് പരിസ്ഥിതി വകുപ്പിന്റെ അധിക ചുമതല കൂടി നല്‍കി.

സത്യജിത് രാജന്‍ പൊതുഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ അധിക ചുമതല വഹിക്കും. ഷീലാ തോമസ് വിരമിക്കുന്ന ഒഴിവിലാണ് ഈ നിയമനം. ഇപ്പോള്‍ സത്യജിത് രാജന്‍ ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ്.

കൊച്ചി കോര്‍പ്പറേഷന്‍ സെക്രട്ടറി ഹരിത വി. കുമാറിനെ പഞ്ചായത്ത് ഡയറക്ടറായി നിയമിക്കും. ഇപ്പോള്‍ പഞ്ചായത്ത് ഡയറക്ടറായ ബാലകിരണിനെ ടൂറിസം ഡയറക്ടറായി നിയമിക്കാന്‍ തീരുമാനിച്ചു.

1986 ബാച്ചിലെ ഐഎഎസ്. ഉദ്യോഗസ്ഥരായ പി.എച്ച്.കുര്യന്‍ (റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി), ജെയിംസ് വര്‍ഗീസ് (ഫിഷറീസ് പ്രിന്‍സിപ്പല്‍ സെക്രട്ടറി) എന്നിവരെ അഡിഷണല്‍ ചീഫ് സെക്രട്ടറിമാരായി പ്രൊമോട്ട് ചെയ്യാനും മന്ത്രിസഭായോഗം തീരുമാനിച്ചു.

കേരള മത്സ്യതൊഴിലാളി കടാശ്വാസ കമ്മീഷന്റെ കാലാവധി ഒരു വര്‍ഷത്തേക്കു കൂടി ദീര്‍ഘിപ്പിച്ചും കമ്മീഷന്‍ പുനഃസംഘടിപ്പിച്ചും പുറപ്പെടുവിച്ച വിജ്ഞാപനത്തിന് മന്ത്രിസഭ അംഗീകാരം നല്‍കി. കേരള ജൂഡീഷ്യല്‍ അക്കാദമിയില്‍ 53 തസ്തികകള്‍ സൃഷ്ടിക്കാനും തീരുമാനിച്ചു. കേരള അഡ്മിനിസ്റ്റ്രേറ്റീവ് ട്രീബ്യൂണലില്‍ സീനിയര്‍ ഗവ. പ്ലീഡര്‍മാരായി എസ്.ഷാജി (കൊല്ലം), കെ.എസ്. ജെയിന്‍ (വര്‍ക്കല) എന്നിവരേയും പ്ലീഡര്‍മാരായി പി.ജെ.സിജ, എസ്.എസ്.രാജീവ്, സനോജ് ആര്‍ നായര്‍, രാഹുല്‍.എം.ബി (തിരുവനന്തപുരം) എന്നിവരേയും നിയമിക്കാന്‍ തീരുമാനിച്ചു.

റബ്കോയ്ക്ക് എതിരായ റവന്യൂ റിക്കവറി നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചു. വിവിധ ധനകാര്യ സ്ഥാപനങ്ങള്‍ക്കായി റബ്കോയ്ക്ക് 76.76 കോടി രൂപ കുടിശ്ശികയുണ്ട്. ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ സംരംഭമായ അസാപ്പില്‍ കരാര്‍ അടിസ്ഥാനത്തില്‍ പ്രോജക്റ്റ് മാനേജ്മെന്റ് പൂള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു. വര്‍ദ്ധിച്ചുവരുന്ന തീവ്രവാദ ഭീഷണി കണക്കിലെടുത്ത് ഇന്ത്യാ റിസര്‍വ് ബറ്റാലിയന്റെ കമാന്‍ഡോ വിഭാഗത്തില്‍ 210 കമാന്‍ഡോ തസ്തികകള്‍ സൃഷ്ടിക്കാനും തീരുമാനമായി.

ശുചിത്വ മിഷനില്‍ കരാര്‍ അടിസ്ഥാനത്തില്‍ 18 തസ്തികകള്‍ രണ്ടു വര്‍ഷത്തേക്ക് സൃഷ്ടിക്കും. ടൂറിസം വകുപ്പില്‍ 35 കാറുകള്‍ വാങ്ങുന്നതിന് മന്തിസഭ അനുമതി നല്‍കി. ഖാദിഗ്രാമവ്യവസായ ബോര്‍ഡ് ജീവനക്കാരുടെ പെന്‍ഷന്‍ പരിഷ്കരിക്കാന്‍ തീരുമാനിച്ചു. 1989ലെ കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി ആനുകൂല്യത്തിനുളള പട്ടിക വര്‍ഷംതോറും പുതുക്കുന്നതിന് നിയമം ഭേദഗതി ചെയ്യാന്‍ തീരുമാനിച്ചു. യഥാസമയം പദ്ധതിയില്‍ ചേരുന്നതിന് ഉടമകള്‍ തടസ്സം സൃഷ്ടിക്കുന്നതിനാല്‍ തൊഴിലാളികള്‍ക്കുളള ബുദ്ധിമുട്ട് പരിഹരിക്കാനാണ് ഭേദഗതി കൊണ്ടുവരുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ