ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ഓക്‌സിജന്‍ പ്ലാന്റിന് തീയിട്ട സംഭവത്തില്‍ പ്രതിയെ തിരിച്ചറിഞ്ഞു. സംഭവത്തില്‍ തൃശ്ശൂര്‍ ചാവക്കാട് സ്വദേശി നിഷാദ് എന്നയാളെയാണ് പൊലീസ് തിരിച്ചറിഞ്ഞത്. ഡീസല്‍ ഉപയോഗിച്ച് ഇയാള്‍ ഓക്‌സിജന്‍ പ്ലാന്റിന് തീയിടുകയായിരുന്നു എന്നാണ് പൊലീസ് നിഗമനം. തീ പിടിത്തത്തില്‍ ഒരു വാനും ട്രാന്‍സ്‌ഫോമറും കത്തി നശിച്ചിരുന്നു.
സംഭവത്തിന് ശേഷമുള്ള അന്വേഷണത്തില്‍ സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ നിഷാദ് തീയിടുന്നതിന്റെ ദൃശ്യങ്ങള്‍ കണ്ടെത്തുകയായിരുന്നു. എന്നാല്‍ പ്രതി ഒളിവിലാണ്. ഇയാള്‍ക്കായി തെരച്ചില്‍ ഊര്‍ജ്ജിതമാക്കി. ആലുവ നഗരമധ്യത്തിലെ നജാത്ത് ആശുപത്രിക്ക് നേരെയാണ് ആക്രമണമുണ്ടായത്. തീയാളി പടര്‍ന്നതോടെ ആശുപത്രി മാനേജ്‌മെന്റിന്റെ ഉടമസ്ഥതയിലുള്ള പിക് അപ് വാനും, ആശുപത്രി പരിസരത്തെ ട്രാന്‍സ്‌ഫോര്‍മറും കത്തി നശിച്ചിരുന്നു.
ആലുവക്കടുത്ത് ഉളിയന്നൂരില്‍ വാടകക്ക് താമസിച്ചിരുന്ന നിഷാദ് മാനസിക വെല്ലുവിളി നേരിടുന്നയാളാണോയെന്ന സംശയമാണ് പൊലീസ് പങ്കുവെയ്ക്കുന്നത്. നിഷാദിനെ കൊണ്ട് മറ്റാരെങ്കിലും ഇത് ചെയ്യിപ്പിച്ചതാവാമെന്ന സംശയമാണ് നജാത്ത് ആശുപത്രി അധികൃതര്‍ പൊലീസിനോട് പറഞ്ഞത്. ഇക്കാര്യത്തിലും അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ വിജിലന്‍സ് ഉദ്യോഗസ്ഥരെന്ന പേരില്‍ രണ്ട് പേര്‍ നജാത്ത് ആശുപത്രിയിലെത്തിയിരുന്നു. ഈ സംഭവത്തിലും ആശുപത്രി മാനേജ്‌മെന്റ് പരാതി നല്‍കിയിരുന്നു.