കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നാദിർഷായെ ചോദ്യം ചെയ്യുന്നു. ആലുവ പൊലീസ് ക്ലബിലാണ് ചോദ്യം ചെയ്യൽ. ചോദ്യംചെയ്യലിനായി വീണ്ടും ഹാജരാവണമെന്ന് നാദിർഷയ്ക്ക് അന്വേഷണ സംഘം നോട്ടീസ് നൽകിയിരുന്നു. ഇന്ന് 10 മണിക്ക് ആലുവ പൊലീസ് ക്ലബിൽ ഹാജരാകാനായിരുന്നു നിർദേശം. വെള്ളിയാഴ്ച നാദിർഷ ഹാജരായിരുന്നെങ്കിലും ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ചോദ്യം ചെയ്യൽ മാറ്റിവെച്ചിരുന്നു.

ചോദ്യംചെയ്യലിന് ഹാജരാകാന്‍ ഹൈക്കോടതി നേരത്തെ നാദിര്‍ഷായ്ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ച വേളയിലായിരുന്നു ഇത്. കോടതി നിര്‍ദേശത്തിന് ശേഷം നാദിര്‍ഷായെ ചോദ്യം ചെയ്യാന്‍ ശ്രമിച്ചെങ്കിലും ആരോഗ്യ പ്രശ്നങ്ങളെത്തുടര്‍ന്ന് ചോദ്യം ചെയ്യുന്നത് മറ്റൊരവസരത്തിലേക്ക് നീട്ടി വെക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം ആരോഗ്യ സ്ഥിതി വീണ്ടെടുത്തതിനെ തുടര്‍ന്ന് ചോദ്യം ചെയ്യലിന് ഹാജരാവാമെന്ന് ചികിത്സയില്‍ കഴിയുന്ന നാദിര്‍ഷാ പോലീസിനെ അറിയിച്ചെങ്കിലും മറ്റൊരു ദിവസത്തേക്ക് ചോദ്യം ചെയ്യല്‍ പോലീസ് മാറ്റുകയായിരുന്നു.

കോടതി നിര്‍ദേശ പ്രകാരം വെള്ളിയാഴ്ച രാവിലെ 9.45 ഓടെയാണ് നാദിര്‍ഷാ ആലുവ പോലീസ് ക്ലബ്ബില്‍ എത്തിയത്. തുടര്‍ന്ന് ചോദ്യം ചെയ്യലിനുള്ള പ്രാരംഭ നടപടികള്‍ പുരോഗമിക്കവേയാണ് നാദിര്‍ഷായുടെ രക്തസമ്മര്‍ദം ഉയര്‍ന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ