കണ്ണൂര്‍ : എഴുത്തുകാരനും സാംസ്കാരിക പ്രവര്‍ത്തകനുമായ നദീറിന് (നദീ) നേരെ ചുമത്തപ്പെട്ട യുഎപിഎ കേസ് തള്ളിയെന്ന കേരളാ പൊലീസ് അറിയിപ്പ് തെറ്റെന്ന സൂചന. കണ്ണൂരിലെ പേരാവൂര്‍ പരിസരത്ത് പൊലീസ് പ്രസിദ്ധപ്പെടുത്തിയ ഫ്ലെക്സ് ബോര്‍ഡ് ആണ് ‘നദീറിനെതിരെ യാതൊരു കേസുമില്ല’ എന്ന ഡിജിപി ലോക്‌നാഥ് ബെഹറയുടെ പ്രസ്താവനയെ പൂര്‍ണമായും നിരാകരിക്കുന്നത്. “ഇവര്‍ മാവോയിസ്റ്റുകള്‍” എന്ന പേരില്‍ കേരളാ പൊലീസ് പുറത്തുവിട്ട പോസ്റ്ററിലാണ് കോഴിക്കോട് സ്വദേശിയായ നദീര്‍ ഇടംപിടിച്ചിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 19 നാണ് FIR 148/16 പ്രകാരം കണ്ണൂര്‍ ആറളം പോലീസ് സ്റ്റേഷനില്‍ നദീറിക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്ന് നദീറിനെ കസ്റ്റഡിയില്‍ എടുത്തത് ഏറെ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിരുന്നു. അന്ന് മുതല്‍ നടക്കുന്ന വിസ്താരത്തില്‍ കേസില്‍ എത്രയും പെട്ടന്ന് തീരുമാനം ഉണ്ടാകണം എന്നും, പോലീസ് റിപ്പോര്‍ട്ട് പെട്ടന്ന് തന്നെ സമര്‍പ്പിക്കണം എന്നും ഹൈക്കോടതി കേരളാ പൊലീസിന് നിര്‍ദ്ദേശം നല്‍കിയത് രണ്ടാഴ്ച മുമ്പ് ആണ്.

ഇപ്പോള്‍ പൊലീസ് പ്രസിദ്ധീകരിച്ചതായി പറയുന്ന പോസ്റ്റര്‍ ഫെയ്സ്ബുക് വഴി പങ്കുവെച്ചത് നദീര്‍ തന്നെയാണ്. പോസ്റ്റിന്‍റെ പൂര്‍ണരൂപം:

പേരാവൂര്‍ പൊലീസ് പുറത്തുവിട്ട പോസ്റ്റര്‍

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 19 നാണ് ആറളം പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത FIR 148/16 ന്റെ ഭാഗമായി എന്നെ പോലീസ് കസ്റ്റഡിയില്‍ എടുക്കുന്നത്. ഇപ്പോഴും ഹൈക്കോടതിയില്‍ കേസ് നടന്നു കൊണ്ടിരിക്കുന്നു, രണ്ടാഴ്ച മുമ്പ് ഹൈക്കോടതി സ്റ്റേറ്റിനോട്‌ എത്രയും പെട്ടന്ന് കേസില്‍ തീരുമാനം ഉണ്ടാകണം എന്നും, പോലീസ് റിപ്പോര്‍ട്ട് പെട്ടന്ന് തന്നെ കോടതിയില്‍ സമര്‍പ്പിക്കണം എന്നും പറഞ്ഞിരിക്കയാണ്. രണ്ടാഴ്ച മുമ്പ് കേളകം പോലീസ് സ്റ്റേഷനില്‍ പോയ ഒരു സുഹൃത്ത് സ്റ്റെഷനിലും പരിസരത്തും ലുക്ക്‌ ഔട്ട്‌ നോട്ടീസ് ഉണ്ടെന്നും വ്യക്തമായ ചിത്രമുണ്ടെന്നും പറഞ്ഞു വിളിച്ചിരുന്നു, പഴയതാകും എന്ന് കരുതി ശ്രദ്ധിച്ചില്ല, എന്നാല്‍ ഇന്ന് പേരാവൂര്‍ സ്റ്റേഷന് മുന്നില്‍ മറ്റൊരു സുഹൃത്ത് കണ്ട ഫ്ലക്സ് ബോഡ് ആണിത്. സി ഐ യുമായി സുഹൃത്ത് ഫോണില്‍ സംസാരിച്ചപ്പോള്‍ ഇരിട്ടി DYSP ക്ക് കീഴിലുള്ള എല്ലാ സ്റ്റെഷനിലും UAPA പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസില്‍ ഒളിവില്‍ കഴിയുന്ന പ്രതികളുടെ ചിത്രമുണ്ട് എന്നാണ് അറിഞ്ഞത്.. ഞാന്‍ ഒളിവിലെന്ന തമാശ അവിടെ നിക്കട്ടെ… ഒരു വര്‍ഷമായി അറിയാത്ത വിഷയത്തില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നു, ഇനിയും ഈ ഉപദ്രവം തീരാന്‍ ഞാനെന്താണ് ചെയ്യേണ്ടത്? പ്രദേശത്തുള്ള സുഹൃത്തുക്കളും മാധ്യമപ്രവര്‍ത്തകരും ഈ ഫ്ലക്സിന്റെ ഡീറ്റയില്‍സ് ഒന്ന്‍ അന്വേഷിക്കാമോ ?

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ