കൊച്ചി: നദീറിന്റെ പേര് യുഎപിഎ കേസിലെ പ്രതി പട്ടികയില്‍ നിന്നും ഒഴിവാക്കി. ആറളം കേസ് അന്വേഷിക്കുന്ന ആഭ്യന്തര സുരക്ഷാ വിഭാഗം ഡിവൈഎസ്പി രഞ്ജിത്ത് നല്‍കിയ റിപ്പോര്‍ട്ടിലാണ് നദിയുടെ പേര് ഒഴിവാക്കിയതായി അറിയിച്ചത്. പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പറ്റിയ വീഴ്ച്ചയാണ് നദിയുടെ പേര് വരാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

യഥാര്‍ത്ഥ പ്രതിയെ തിരിച്ചറിഞ്ഞെന്നും രൂപ സാദൃശ്യം തെറ്റിദ്ധാരണ സൃഷ്ടിച്ചതാണെന്നും വിവരാവകാശ പ്രകാരം പൊലീസില്‍ നിന്ന് മറുപടി ലഭിച്ചതായി നദീര്‍ പറഞ്ഞു. രണ്ട് വര്‍ഷം മുമ്പായിരുന്നു നദീറിനെ ആറളത്ത് ആദിവാസികള്‍ക്കിടയില്‍ മാവോയിസ്റ്റ് അനുകൂല നോട്ടീസ് വിതരണം ചെയ്ത കേസില്‍ പ്രതിയാക്കുന്നത്. തുടര്‍ന്ന് ഇതിനെതിരെ കോടതിയെ സമീപിച്ച് നിയമ പോരാട്ടം നടത്തി വരികയായിരുന്നു നദീര്‍.

”സത്യം ജയിക്കും നീതി ലഭിക്കും എന്ന ഉറച്ച വിശ്വാസം ഉള്ളത് കൊണ്ടു തന്നെയാണ് 2016 ഡിസംബര്‍ മുതല്‍ ഹൈക്കോടതിയില്‍ ഞാന്‍ കൊടുത്ത കേസുമായി ഇത്രയും കാലം തളരാതെ മുന്നോട്ടു പോകാന്‍ കഴിഞ്ഞത്. യുഎപിഎ ഉള്‍പ്പെട്ട കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടു കഴിഞ്ഞാല്‍ ആ വ്യക്തി തന്നെയാണ് നിരപരാധിത്വം തെളിയിക്കേണ്ടത് എന്ന ഊരാക്കുടുക്ക് തിരിച്ചറിഞ്ഞത് മുതല്‍ നടക്കാന്‍ തുടങ്ങിയതാണ്. അന്വേഷണം നടക്കുമ്പോള്‍ അറസ്റ്റ് ഉണ്ടാകാന്‍ പാടില്ല എന്ന ഹൈക്കോടതി ഉത്തരവും മൂന്നുമാസത്തിനുള്ളില്‍ എന്റെ കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി പ്രതിയല്ലെങ്കില്‍ എന്നെ വെറുതെ വിടണം എന്ന 2018 ഫെബ്രുവരി 5-ലെ ജസ്റ്റിസ് കമാല്‍ പാഷ ബെഞ്ചിന്റെ ജഡ്ജ്‌മെന്റും കേസില്‍ സുപ്രധാന വഴിത്തിരിവായി” നദീര്‍ ഫെയ്‌സ്ബുക്കില്‍ കുറിക്കുന്നു.

നേരത്തെ, നദീറിനെതിരായ കേസില്‍ മൂന്ന് മാസത്തിനുള്ളില്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊലീസിന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. കേസ് പരിഗണിച്ച ജസ്റ്റിസ് കമാല്‍ പാഷയാണ് ഫെബ്രുവരിയില്‍ മൂന്നുമാസത്തെ കാലയളവിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കി അന്തിമ റിപ്പോര്‍ട്ടു നല്‍കാന്‍ ഉത്തരവിട്ടിരുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ