എറണാകുളം: നടിയെ ആക്രമിച്ച കേസിലെ ചോദ്യം ചെയ്യലിന് വേണ്ടി ഹാജരാകാൻ തയാറാണെന്ന് നടനും സംവിധായകനുമായ നാദിർഷാ അന്വേഷണ സംഘത്തെ അറിയിച്ചു. ഇന്ന് നാല് മണിക്ക് ശേഷം എപ്പോൾ വേണമെങ്കിലും ഹാജരാകാമെന്നാണ് താരം അറിയിച്ചത്. നേരത്തെ ഹൈക്കോടതി ഉത്തരവ് അനുസരിച്ച് നാദിർഷാ ആലുവ പൊലീസ് ക്ലബ്ബിൽ ഹാജരായിരുന്നെങ്കിലും ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് ചോദ്യം ചെയ്യൽ നിർത്തി വെച്ചിരുന്നു.

എന്നാൽ നാദിർഷായെ ഇപ്പോൾ ചോദ്യം ചെയ്യാൻ വിളിക്കേണ്ടതില്ലെന്നാണ് പൊലീസിന്റെ നിലപാട്. മെഡിക്കൽ സംഘത്തിന്റെ വിശദമായ റിപ്പോർട്ട് ലഭിച്ചതിന് ശേഷം മാത്രമേ താരത്തിനെ കൂടുതൽ ചോദ്യം ചെയ്യാൻ ഇടയുള്ളൂ.

രാവിലെ നാദിർഷായെ ചോദ്യം ചെയ്യൽ തുടങ്ങിയപ്പോൾതന്നെ ശാരീരിക അവശത പ്രകടിപ്പിച്ചു. തുടർന്ന് നാദിർഷായ്ക്ക് രക്തസമ്മർദം ഉയർന്നു. ഉടൻ തന്നെ ഡോക്ടർമാർ എത്തുകയും നാദിർഷായെ പരിശോധിക്കുകയും ചെയ്തു. ഡോക്ടർമാർ നാദിർഷായെ പരിശോധിച്ചശേഷം നൽകിയ നിർദേശത്തെത്തുടർന്നാണ് ചോദ്യം ചെയ്യൽ ഉപേക്ഷിച്ചത്. ചോദ്യം ചെയ്യാൻ കഴിഞ്ഞില്ലെന്ന് കോടതിയെ അറിയിക്കുമെന്ന് പൊലീസ് അറിയിച്ചു.

ആലുവ പൊലീസ് ക്ലബിലായിരുന്നു നാദിർഷായുടെ ചോദ്യം ചെയ്യൽ. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് നാദിർഷായുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവേ കോടതി നിർദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നാദിർഷാ ചോദ്യം ചെയ്യലിന് ഹാജരായത്.

നടിയെ ആക്രമിച്ച കേസിലെ തെളിവുകൾ നാദിർഷാ നശിപ്പിച്ചുവെന്നാണ് പൊലീസിന്റെ സംശയം. ഇതേ തുടർന്നാണ് ഇദ്ദേഹത്തോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടത്. കഴിഞ്ഞ ബുധനാഴ്ച നൽകിയ നോട്ടീസിൽ തിങ്കളാഴ്ച ഹാജരാകണമെന്നായിരുന്നു ആവശ്യം. എന്നാൽ നാദിർഷ നോട്ടീസ് ലഭിച്ച ഉടൻ ഉദര സംബന്ധമായ അസുഖത്തെ തുടർന്ന് ആശുപത്രിയിൽ കിടത്തി ചികിത്സയ്ക്ക് വിധേയനായി. ഇതിനുപിന്നാലെ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷയും നൽകി. പൊലീസ് തന്നെ മനഃപൂർവം കേസിൽ പെടുത്താൻ ശ്രമിക്കുന്നുവെന്നാണ് മുൻകൂർ ജാമ്യാപേക്ഷയിൽ നാദിർഷ കോടതിയിൽ പറഞ്ഞത്.

അതേസമയം, ചോദ്യം ചെയ്യലിന് ഹാജരാകുന്ന നാദിർഷയെ അറസ്റ്റ് ചെയ്യാൻ പൊലീസിന് സാധിക്കില്ല. മുൻകൂർ ജാമ്യാപേക്ഷയിൽ വിധി വരുന്നത് വരെ പൊലീസ് അറസ്റ്റിന് തയാറാകില്ലെന്നാണ് വിവരം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ