കോട്ടയം: കോട്ടയം താഴത്തങ്ങാടി പാറപ്പാടത്ത് വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത നീക്കാൻ പൊലീസിന്റെ തീവ്രശ്രമം. കൊലപാതകം നടന്ന വീട്ടിൽ ഡോഗ് സ്‌ക്വാഡ് എത്തി പരിശോധന നടത്തി. വീട്ടിലെ ഒരു മുറിയിൽ നിന്ന് ഉപയോഗിച്ചശേഷം ഉപേക്ഷിച്ച ഒരു ഗ്ലൗസ് കണ്ടെത്തി. ഈ ഗ്ലൗസിൽ നിന്ന് മണം പിടിച്ച പൊലീസ് നായ വീടിനു ഒരു കിലോമീറ്റർ അകലെയുള്ള ഒരു ചായക്കടയിലേക്കാണ് പോയത്. പ്രതി കൊല നടത്താൻ ഉപയോഗിച്ച ഗ്ലൗസ് ആയിരിക്കും ഇതെന്നാണ് പൊലീസ് കരുതുന്നത്.

താഴത്തങ്ങാടി പാറപ്പാടം ഷാനി മൻസിൽ ഷീബ (60) ആണ് കൊല്ലപ്പെട്ടത്. വെട്ടേറ്റു പരുക്കേറ്റ ഇവരുടെ ഭർത്താവ് അബ്‌ദുൾ സാലി (65) ഗുരുതരാവസ്ഥയിലാണ്. വീടിനുള്ളിലാണ് ദമ്പതികളെ ആക്രമിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. മോഷണശ്രമമെന്നാണ് പ്രാഥമിക നിഗമനം.

Read Also: വീട്ടമ്മ കൊല്ലപ്പെട്ടു, ഭർത്താവ് ഗുരുതരാവസ്ഥയിൽ; വീട്ടിലെ ഗ്യാസ് സിലിണ്ടർ തുറന്നിട്ട നിലയിൽ

ഇന്നലെ രാവിലെ വളരെ നേരത്തെ തന്നെ അക്രമിസംഘം എത്തിയതായാണ് പൊലീസിന്റെ നിഗമനം. അബ്‌ദുൾ സാലിയുടെ വീട്ടിലുണ്ടായിരുന്ന കാർ മോഷണം പോയിട്ടുണ്ട്. കാറുമായി ഒരാൾ പോകുന്നത് തൊട്ടടുത്തുള്ള വീട്ടിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. ദുരൂഹത നീക്കണമെങ്കിൽ കാറുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തണം. കാറിനു പിന്നാലെയാണ് അന്വേഷണസംഘം ഇപ്പോൾ.

ഇന്നലെ രാവിലെ പത്തിനാണ് കാർ അവിടെ നിന്ന് പോകുന്നതായി തൊട്ടടുത്ത വീട്ടിലെ സിസിടിവിയിൽ പതിഞ്ഞിരിക്കുന്നത്. ഒരാൾ മാത്രമാണ് കാറിനുള്ളിൽ ഉള്ളതെന്നാണ് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് ലഭിക്കുന്ന സൂചന. മൊബൈൽ ടവർ കേന്ദ്രീകരിച്ചും അന്വേഷണം നടക്കും. കൊല്ലപ്പെട്ട ഷീബയുടെ സ്വർണാഭരണങ്ങളും മോഷണം പോയിട്ടുണ്ട്. കയ്യിൽ ധരിച്ചിരുന്ന വളകൾ കാണാനില്ലെന്ന് ഷീബയുടെ ഭർതൃസഹോദരൻ പറഞ്ഞു.

ഈ വീടുമായി പരിചയമുള്ള ആരോ ആണ് അക്രമത്തിനു പിന്നിലെന്നാണ് പൊലീസിന്റെ നിഗമനം. വീടിന്റെ ഹാളിനുള്ളിലെ മേശപ്പുറത്ത് ഒരു ഗ്ലാസ് പൊട്ടിയ നിലയിൽ കിടക്കുന്നുണ്ട്. പരിചയമുള്ള ആരോ വന്നപ്പോൾ വെള്ളമോ ചായയോ കൊടുത്ത ഗ്ലാസ് ആകുമിതെന്നാണ് പൊലീസ് കരുതുന്നത്. അടുക്കളയിൽ ചപ്പാത്തി തയ്യാറാക്കി കൊണ്ടിരിക്കുകയായിരുന്നു ഷീബ. വീട്ടിലേക്ക് ആരോ വന്നപ്പോൾ ചപ്പാത്തി ഉണ്ടാക്കുന്നത് നിർത്തി ഹാളിലേക്ക് വന്നതാകുമെന്നും പൊലീസ് കരുതുന്നു. ഗുരുതരാവസ്ഥയിലുള്ള ഷീബയുടെ ഭർത്താവ് അബ്‌ദുൾ സാലിക്ക് ഓർമ തെളിഞ്ഞാൽ കേസിൽ നിർണായക വഴിത്തിരിവുണ്ടാകും.

Read Also: അസഭ്യം പറഞ്ഞ സ്‌ക്രീൻഷോട്ടുകൾ ആഘോഷമാക്കരുത്; ഉടൻ ഡിലീറ്റ് ചെയ്യണമെന്ന് വിക്‌ടേഴ്‌സ് സിഇഒ

വീട്ടിലെ പാചക വാതകം തുറന്നു വിട്ട നിലയിലായിരുന്നു. ദമ്പതികൾ ആക്രമിക്കപ്പെട്ട കാര്യം ഇന്നലെ വൈകീട്ടാണ് നാട്ടുകാർ അറിയുന്നത്. പാചകവാതകത്തിന്റെ ഗന്ധം രൂക്ഷമായതോടെയാണ് നാട്ടുകാർ തിരച്ചിൽ നടത്തുന്നത്. പാചകവാതകത്തിന്റെ മണം വരുന്നത് എവിടെ നിന്നാണെന്ന് അന്വേഷിച്ചപ്പോഴാണ് വീടിനുള്ളിൽ ദമ്പതികൾ ആക്രമിക്കപ്പെട്ട നിലയിൽ കിടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടത്. ഷീബയുടെയും ഭർത്താവിന്റെയും ശരീരത്തിൽ വൈദ്യുതിവയർ കെട്ടി വച്ചിരുന്നു. വീട്ടിലെ സാധനങ്ങളെല്ലാം തട്ടിമറിച്ച നിലയിലാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.