/indian-express-malayalam/media/media_files/2025/04/22/NZFKZhMGonkfJcVtZ1ZX.jpg)
കോട്ടയം ഇരട്ടക്കൊലയിൽ ദുരൂഹതയേറുന്നു
Kottayam Double Murder Case: കോട്ടയം: കോട്ടയം തിരുവാക്കുക്കലിൽ ദമ്പതികളുടെ കൊലപാതകത്തിൽ ദുരൂഹതയേറുന്നു. മകന്റെ ദുരൂഹ മരണത്തിൽ സിബിഐ അന്വേഷണം തുടങ്ങി ഒരു മാസം മാത്രം തികയുമ്പോഴാണ് കോട്ടയത്ത് മാതാപിതാക്കളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. മകന്റെ മരണവും ഇരട്ടക്കൊലപാതകവും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ എന്ന ദിശയിലും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
തിരുവാതുക്കലിൽ കൊല്ലപ്പെട്ട വിജയകുമാറിന്റെയും മീരയുടെയും മകൻ ഗൗതം ഏഴുവർഷം മുൻപാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ചത്. കോട്ടയം കാരിത്താസ് ആശുപത്രിക്ക് സമീപം റെയിൽവേ ട്രാക്കിൽ കാറിനുള്ളിൽ രക്തത്തിൽ കുളിച്ച നിലയിലാണ് ഗൗതമിന്റെ മൃതദേഹം കണ്ടെത്തിയത്. 2017 ജൂൺ മൂന്നാം തീയതിയാണ് ഗൗതമിനെ മരിച്ചനിലയിൽ കണ്ടെത്തിയത്.
തൊട്ടുമുൻപത്തെ ദിവസം സുഹൃത്തിനെ കാണാൻ പോകുന്നു എന്ന് പറഞ്ഞ് ഗൗതം കാർ എടുത്ത് പുറത്തു പോയി. എന്നാൽ വീട്ടിലേക്ക് തിരിച്ചുവരാതിരുന്നതിനെ തുടർന്ന് വീട്ടുകാർ പൊലീസിൽ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കാറിനുള്ളിൽ മരിച്ചനിലയിൽ ഗൗതമിന്റെ മൃതദേഹം കണ്ടെത്തിയത്.
തുടക്കംമുതൽ തന്നെ മകന്റെ മരണത്തിൽ മാതാപിതാക്കൾ ദുരൂഹത ആരോപിച്ചിരുന്നു. ആദ്യം ലോക്കൽ പൊലീസ് ആണ് കേസ് അന്വേഷിച്ചത്.അതേസമയം, ദമ്പതികളുടെ കൊലപാതകത്തിന് പിന്നാലെ ഗൗതമിന്റെ മരണം സംബന്ധിച്ചുള്ള കേസ് അന്വേഷിക്കുന്ന സി.ബി.ഐ. സംഘം പോലീസിൽ നിന്ന് വിവരങ്ങൾ തേടി.
മരണകാരണം തലക്കേറ്റ ക്ഷതം
തിരുവാതുക്കൽ ഇരട്ടക്കൊലപാതകത്തിലെ പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്. വിജയകുമാറിന്റെയും മീരയുടെയും മരണത്തിന് കാരണം തലക്കേറ്റ ക്ഷതമാണെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
മൂർച്ചയേറിയ ആയുധം കൊണ്ട് മുറിവേൽപിച്ചതെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. തലക്കേറ്റ ക്ഷതം മൂലം രക്തസ്രാവം ഉണ്ടായി. വിജയകുമാറിന്റെ നെഞ്ചിലും ക്ഷതമേറ്റെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. കോടാലിക്കൈ കൊണ്ട് മുഖത്തടിച്ച ശേഷം വെട്ടിപ്പരിക്കേൽപിച്ച നിലയിലായിരുന്നു മൃതദേഹങ്ങളുണ്ടായിരുന്നത്. വിവസ്ത്രമായ മൃതദേഹങ്ങളുടെ മുഖം വികൃതമാക്കിയിരുന്നു.
ആസൂത്രിത കൊലപാതകമെന്ന് പോലീസ്
വിജയകുമാറിനെയും ഭാര്യ മീരയെയും കൊലപ്പെടുത്തിയത് ആസൂത്രിതമായാണെന്ന് പോലീസ് വ്യക്തമാക്കി. വീടിന് ചുറ്റും സിസിടിവി കാമറകൾ സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ സിസിടിവി കാമറകളുടെ ഹാർഡ് ഡിസ്‌ക് കാണാനില്ല. അതിനാൽ ഇത് ആസൂത്രിതമായ കൊലപാതകമാണ് എന്നാണ് പൊലീസിന്റെ വിലയിരുത്തൽ.
വിജയകുമാറിന്റെ വീട്ടിലെ രണ്ടു വളർത്തുനായ്ക്കളും അവശനിലയിലാണ്. ഇവയെ മയക്കിക്കിടത്തിയതാകാമെന്ന നിഗമനത്തിലാണ് പൊലീസ്. വീട്ടിൽ മോഷണശ്രമം നടന്നിട്ടില്ല. വ്യക്തിവൈരാഗ്യമാകാം കൊലപാതക കാരണമെന്ന് കോട്ടയം എസ്പി ഷാഹുൽ ഹമീദ് മാധ്യമങ്ങളോട് പറഞ്ഞു. വിജയകുമാറിന്റെയും മീരയുടെയും മുഖം വികൃതമാക്കിയ നിലയിലായിരുന്നു. മുഖത്ത് ആയുധം ഉപയോഗിച്ചുള്ള മുറിവ് ഉണ്ട്. രക്തം വാർന്ന നിലയിലായിരുന്നു മൃതദേഹമെന്നും പൊലീസ് പറയുന്നു.
വീടിന്റെ കിടപ്പുമുറിയിലും ഹാളിലുമായി കണ്ടെത്തിയ മൃതദേഹങ്ങളിൽ വസ്ത്രങ്ങൾ ഉണ്ടായിരുന്നില്ലെന്നും പൊലീസ് പറയുന്നു. വീട്ടിനുള്ളിൽ നിന്ന് കോടാലി ഉൾപ്പെടെയുള്ള ആയുധങ്ങൾ കണ്ടെത്തിയിട്ടുണ്ട്. വിജയകുമാറിന്റെ തലയിൽ അടിയേറ്റിട്ടുണ്ട്. ഇന്ദ്രപ്രസ്ഥ എന്ന ഓഡിറ്റോറിയത്തിന് പുറമേ മറ്റ് ചില ബിസിനസ് സ്ഥാപനങ്ങളും വിജയകുമാറിന്റെ പേരിലുണ്ട്. വീട്ടിൽ വിജയകുമാറും ഭാര്യയും മാത്രമായിരുന്നു താമസം.
അമ്മിക്കല്ല് കൊണ്ട് പിൻവാതിൽ തകർത്താണ് അക്രമി അകത്തുകയറിയിരിക്കുന്നത് എന്നും പൊലീസ് പറയുന്നു. വാതിലിനോട് ചേർന്ന് തന്നെ അമ്മിക്കല്ല് കണ്ടെത്തിയിട്ടുണ്ട്. കോടാലി കൊണ്ടാണ് ഇരുവരെയും അക്രമി ആക്രമിച്ചതെന്നും പൊലീസ് പറയുന്നു. കോടാലി കൊണ്ട് വിജയകുമാറിനെയാണ് ആദ്യം വെട്ടിയത്. ശബ്ദം കേട്ടത്തെിയ ഭാര്യ മീരയെ പിന്നാലെ വെട്ടിക്കൊലപ്പെടുത്തി എന്നതാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇരുവരുടെയും ഇൻക്വസ്റ്റ് നടപടികൾ നടന്നുവരികയാണ്.
Read More
- Kottayam Murder Case: കോട്ടയത്തെ ഇരട്ടക്കൊല: അമ്മിക്കല്ല് കൊണ്ട് വീടിന്റെ പിൻവാതിൽ തകർത്തു, കോടാലി ഉപയോഗിച്ച് അതിക്രൂരമായി ആക്രമിച്ചു
- കോട്ടയം തിരുവാതുക്കലിൽ വ്യവസായിയും ഭാര്യയും വീട്ടിനുള്ളിൽ മരിച്ച നിലയിൽ; കൊലപാതകമെന്ന് സ്ഥിരീകരിച്ച് പോലീസ്
- നിയമ നടപടിയ്ക്കില്ല; ഐ.സി.സി.യ്ക്ക് മുന്നിൽ മൊഴി നൽകി നടി വിൻസി അലോഷ്യസ്
- ഷൈൻ ടോം ചാക്കോയെ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിക്കും; അന്വേഷണം പ്രാരംഭഘട്ടത്തില്ലെന്നും പോലീസ്
- ഹോട്ടലിലെത്തിയത് വിദേശ മലയാളിയായ യുവതിയെ കാണാൻ, ലഹരി മരുന്ന് ഉപയോഗിക്കാറുണ്ട്; ഷൈനിന്റെ മൊഴി പുറത്ത്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us