വാടാനപ്പള്ളി: ശവസംസ്‌കാരവും അസ്ഥിസഞ്ചയനവും കഴിഞ്ഞപ്പോൾ ഒന്നരമാസം മുൻപ് ‘മരിച്ച’യാൾ നാട്ടിലേക്ക് തിരിച്ചെത്തി. പൊലീസ് അടക്കം എല്ലാവരും ഞെട്ടിപ്പോയി. ഇന്നലെ വെെകുന്നേരം അഞ്ചിനാണ് നടുവിൽക്കര വടക്കൻ തിലകൻ (58) തിരിച്ചെത്തിയത്. ചാവക്കാട് കടപ്പുറത്തുനിന്ന് നഗരസഭാ അധികൃതർ ലോക്‌ഡൗണ്‍ തുടങ്ങിയപ്പോൾ മണത്തല സ്‌കൂളിൽ പാർപ്പിച്ചിരിക്കുകയായിരുന്നു. അവിടെനിന്നാണ് ചൊവ്വാഴ്‌ച വീട്ടിൽ തിരിച്ചെത്തിയത്.
ഇയാൾ മരിച്ചെന്ന് കരുതി ശവസംസ്‌കാരവും അസ്ഥിസഞ്ചയനവും നടത്തിയതാണ്. തന്റെ ‘ശവസംസ്‌കാരം’ കഴിഞ്ഞ കാര്യമൊന്നും തിലകൻ അറിഞ്ഞിട്ടില്ല. തിലകൻ തിരിച്ചെത്തിയതോടെ വെട്ടിലായത് പൊലീസ് ആണ്. തിലകൻ ആണെന്ന് കരുതി സംസ്‌കരിച്ചത് ആരുടെ മൃതദേഹമാണെന്ന് കണ്ടെത്തേണ്ട അവസ്ഥയിലാണ് പൊലീസ് ഇപ്പോൾ.
Read Also: ജെസ്‌നയെ കണ്ടെത്തിയതായി സൂചന; ഒന്നും അറിയില്ലെന്ന് പിതാവ്
കയ്‌പമംഗലം കാളമുറിയിൽ മാർച്ച് 25-ന് പുലർച്ചെ 1.30-ന് മോട്ടോർ സൈക്കിൾ ഇടിച്ച് അജ്ഞാതന് ഗുരുതരമായി പരുക്കേറ്റു. ഇയാളെ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ സാധിച്ചില്ല. അജ്ഞാതൻ മരിച്ച നിലയിൽ എന്ന വാർത്ത കണ്ട് വാടാനപ്പള്ളി ഗണേശമംഗലത്തുള്ള ഗോപി എന്നയാൾ പൊലീസിനെ സമീപിച്ചു. മൃതദേഹം കണ്ട് മരിച്ചത് തന്റെ ബന്ധുവായ നടുവിൽക്കര വടക്കൻ തിലകൻ ആണെന്ന് ഗോപി തിരിച്ചറിഞ്ഞു. പരിശോധന കഴിഞ്ഞ് മാർച്ച് 26 ന് മൃതദേഹം നടുവിൽക്കരയിൽ എത്തിച്ചു. പിന്നീട് വാടാനപ്പള്ളി പൊതുശ്‌മശാനത്തിൽ സംസ്‌കരിക്കുകയും ചെയ്തു. സംസ്‌കാരം കഴിഞ്ഞ് ഒരു മാസം പിന്നിടുമ്പോൾ ആണ് തിലകൻ തിരച്ചെത്തിയിരിക്കുന്നത്.
നടുവിൽക്കരയിലെ വീട്ടിൽ തിലകൻ ഒറ്റയ്ക്കാണ്. 32 വർഷംമുമ്പ് പിണങ്ങിപ്പോയ ഭാര്യ മക്കളുമൊത്ത് കൊടുങ്ങല്ലൂരിലെ വീട്ടിലാണ് താമസിക്കുന്നത്. കൂലിപ്പണിക്കാരനായ തിലകൻ അലഞ്ഞുതിരിഞ്ഞു നടക്കുന്ന പ്രകൃതക്കാരനാണ്. തിലകനെ നടുവിൽക്കരയിലെ വീട്ടിൽ നിന്നു കാണാതായ സമയത്താണ് അജ്ഞാതൻ വാഹനമിടിച്ച് മരിച്ച വിവരം ബന്ധു അറിയുന്നത്.